ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരിട്ട് അയക്കുന്ന പ്രതിനിധിയുമായി മാത്രമേ ലോക്പാല്‍ പ്രശ്നം ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെ വ്യക്തമാക്കി. ഹസാരെയുടെ നിരാഹാര സത്യഗ്രഹം ഇന്നലെ ഒരാഴ്ച പിന്നിട്ടു.
അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ രാംലീലാ മ്നത്ത് നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന് അനുദിനം ജനപിന്തുണയേറുന്ന പശ്ചാത്തലത്തില്‍ ‘യുക്തിസഹമായ സംവാദ’ത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച് മന്‍മോഹന്‍സിംഗ് ഇക്കാര്യം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സ്വന്തം പ്രതിനിധി തന്നെ ചര്‍ച്ചക്കും സംഭാഷണത്തിനും മറ്റും എത്തണമെന്ന് ഹസാരെ ആവശ്യപ്പെട്ടത്.
ഹസാരെ നടത്തുന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്വാതില്ശ്രമങ്ങള് നടത്തുന്നതിനിടെയാണ് അണ്ണാ ഹസാരെ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹസാരെയെ അനുനയിപ്പിക്കാന്‍ മഹാരാഷ്ട്ര അഡീ. ചീഫ് സെക്രട്ടറി ഉമേഷ് ചന്ദ്ര സാരംഗി, ഭയ്യാജി മഹാരാജ് തുടങ്ങിയവര്‍ ശ്രമം നടത്തുന്നതിനിടെയുള്ള അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്രത്തെ വെട്ടിലാക്കും.
ലോക്പാല്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും കേന്ദ്രം ഒരുക്കമാണെന്നും വിശാലമായ ദേശീയ സമവായത്തിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമവും ശക്തവുമായ ലോക്പാല്‍ ബില്ലിന് തങ്ങള്‍ അനുകൂലമാണെന്നും ആസൂത്രണ കമ്മീഷന്റെ പൂര്ണ്ണയോഗത്തിന് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദല്‍ഹിയിലും പറഞ്ഞിരുന്നു.
ഇതിനിടെ, അണ്ണാ ഹസാരെക്കുള്ള ജനപിന്തുണ കണ്ട് വിറളിപിടിച്ച ചിലര്‍ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുസമൂഹ പ്രതിനിധികളില്‍ ഒരാളായ അരവിന്ദ് കേജ്രിവാള് കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടിക്കിടെ അക്രമം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കമുള്ളതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഇത്തരം നീക്കങ്ങളെക്കുറിച്ച് പോലീസിന് വിവരം നല്‍കണമെന്നും രാംലീലാ മൈതാനത്ത് തിങ്ങിനിറഞ്ഞ അഴിമതിവിരുദ്ധ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ഐക്യം തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കാം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ശ്രമം നടന്നേക്കാം. നാം ജാഗ്രത പാലിക്കണം’, കേജ്രിവാള് മുന്നറിയിപ്പ് നല്കി.
അഴിമതിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ബില്ലാണ് സര്‍ക്കാരിന്റേത്. ലോക്പാല്‍ എന്ന സ്വതന്ത്രഘടകത്തിന്റെ അന്വേഷണപരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ഏതെങ്കിലും ജഡ്ജി അഴിമതിയില്‍ ഉള്‍പ്പെട്ടാല്‍ അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ഏഴംഗ ലോക്പാല്‍ ബെഞ്ചിന് കഴിയണം. ഒരു എംപി കൈക്കൂലി വാങ്ങിയാല്‍ അതെക്കുറിച്ചും ലോക്പാല്‍ അന്വേഷിക്കണം. സര്‍ക്കാരിന്റെ ലോക്പാലിന് സര്‍ക്കാരിനോട് മാത്രമേ ബാധ്യതയുള്ളൂ. എന്നാല്‍ ജന്‍ലോക്പാലിന്റെ ബാധ്യത സാധാരണ ജനങ്ങളോടാണ്. അഴിമതിക്കെതിരെ ആര് ശബ്ദമുയര്‍ത്തിയാലും ആ വ്യക്തിക്ക് ലോക്പാലിന്റെ സംരക്ഷണം ഉണ്ടാകണം, കേജ്രിവാള് പറഞ്ഞു.
സിബിഐ സ്വതന്ത്ര ഏജന്‍സിയാക്കി ലോക്പാലിന് കീഴില്‍ കൊണ്ടുവരണമെന്ന് ടീം ഹസാരെ അംഗമായ കിരണ്‍ബേദി ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐയെ സ്വതന്ത്ര ഏജന്സിയാക്കുന്നതിനോട് സര്‍ക്കാരിന് താല്പര്യമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അണ്ണാ ഹസാരെക്ക് പിന്തുണയുമായി ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറും ഇന്നലെ രാംലീലാ മൈതാനത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: