പന്തളം: മെഴുവേലി സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും നാല് കിലോ ഇരുനൂറ് ഗ്രാം സ്വര്‍ണ്ണവും മൂന്നുലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയും കൊള്ളയടിച്ചു. സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് ഞായറാഴ്ച രാത്രി കവര്‍ച്ച ചെയ്യപ്പെട്ടത്. അര്‍ദ്ധരാത്രിക്ക് ശേഷമാണ് കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കുറിയാനിപ്പള്ളിയില് പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ രണ്ടാം നിലയിലെ ജനലിന്റെ കമ്പിയഴി മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ ബാങ്കിനുള്ളില്‍ കടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ അറുത്തുമാറ്റി ലോക്കറിന്റെ വാതില്‍ ഒരാള്‍ക്ക് കയറാവുന്ന രീതിയില്‍ മുറിച്ചുമാറ്റി അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്.
മൂന്ന് അറകളുള്ള ലോക്കറിന്റെ ഒരു അറയിലുണ്ടായിരുന്ന സ്വര്‍ണ്ണവും രണ്ടാമത്തെ അറയില്‍ നിന്ന് പണവും കവര്‍ന്നു. ലോക്കറിന്റെ മൂന്നാമത്തെ അറ തുറക്കാത്ത നിലയിലായിരുന്നു. ഇതില്‍ ഒന്നര കിലോയോളം സ്വര്‍ണ്ണ ഉരുപ്പടികളും കാര്‍ഷികവായ്പ നല്കിയിരുന്നതിന്റെ രേഖകളുമാണ് ഉള്ളതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ബാങ്കില്‍ പണയംവച്ചിരുന്ന ഉരുപ്പടികളാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് പ്യൂണ്‍ കെ.പി.വിശ്വംഭരന് ബാങ്കിന്റെ മുന്‍വാതില്‍ തുറന്നപ്പോള്‍ ബാങ്കിനുള്ളിലെല്ലാം പണയസ്വര്‍ണ്ണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ കിടക്കുന്നത് കണ്ടു. കൂടുതല്‍ പരിശോധിച്ചപ്പോള്‍ പുറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചുമാറ്റിയതായി കണ്ടു. ഉടന്‍തന്നെ പ്രസിഡന്റ് എ.സി. വിജയചന്ദ്രനെയും സെക്രട്ടറി രാജേന്ദ്രനെയും വിവരം അറിയിച്ചു. അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പന്തളം സി.ഐ. ആര്. ജയരാജ്, എസ്.ഐ. പി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി കൂടുതല്‍ പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടു. ബാങ്കിനുള്ളിലെല്ലാം മുളകുപൊടി വിതറിയിരുന്നു.
ബാങ്ക് കെട്ടിടത്തിന്റെ പുറകുവശത്തുനിന്നും ലോക്കര്‍ തകര്‍ക്കാനുപയോഗിച്ചതെന്നു കരുതുന്ന സിലിണ്ടറും ഗ്യാസ് കട്ടറിന്റെ നോബും കണ്ടെടുത്തു.
പത്തനംതിട്ടയില്‍നിന്നും എത്തിയ ടെസ്സി എന്ന പോലീസ് നായ ബാങ്കിനുള്ളില്‍ മണം പിടിച്ച് റോഡിലിറങ്ങി സമീപത്തുള്ള കുളത്തിനു അരികെ വരെ പോയ ശേഷം തിരികെ ബാങ്കിലെത്തി നിന്നു. വിരലടയാള വിദഗ്ധരായ ഇന്‍സ്പെക്ടര്‍ ശിവദാസനും സെര്‍ച്ചര്‍ ഷൈലജകുമാരിയും എത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്, അടൂര്‍ ഡപ്യൂട്ടി പോലീസ് ചീഫ് അനില്‍ദാസ്, തിരുവല്ല സി.ഐ. സഖറിയാ മാത്യു എന്നിവരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തി. അടൂര്‍ ഡപ്യൂട്ടി പോലീസ് ചീഫ് അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കേസ് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: