സ്വര്‍ണവില ഗ്രാമിന് 2,500 രൂപ കവിഞ്ഞിരിക്കുന്നത് സ്വര്‍ണഭ്രാന്തുള്ള കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹ സീസണ് വരുന്ന ഈ സമയത്ത് വിവാഹപ്രായമെത്തിയ പെണ്മക്കളുടെ അമ്മമാര്‍ ആശങ്കാകുലരാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വര്‍ണത്തിനുള്ള ആവശ്യക്കാര്‍ കൂടുകയാണ്. ഈ മാസം മാത്രം 22,000 കോടി രൂപയുടെ മൂല്യവര്‍ധനയുണ്ടായത് സര്‍ക്കാരിന് ആഹ്ലാദകരമാണ്. റിസര്‍വ് ബാങ്കിലുള്ള സ്വര്‍ണശേഖരത്തിന്റെ മൂല്യം 11,254 കോടി രൂപയാണ് വര്‍ധിച്ചിരിക്കുന്നതത്രെ. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണനിക്ഷേപമുള്ള പത്ത് കേന്ദ്രബാങ്കുകളില്‍ ഒന്നാണ് റിസര്‍വ്ബാങ്ക്. ഈ വര്‍ഷം ഏപ്രില്‍, ജൂണ്‍ കാലയളവില്‍ സ്വര്‍ണവില ഉയര്‍ന്നത് 36 ശതമാനമാണ്. ഈ കാലയളവില്‍ വിറ്റത് 53,800 കോടി രൂപയുടെ സ്വര്‍ണമാണ്. 919 ടണ്‍ സ്വര്‍ണമാണ് ഈ കാലയളവില്‍ ആഗോളതലത്തില്‍ വില്‍ക്കപ്പെട്ടത്. എന്നാലും സ്വര്‍ണ ഇറക്കുമതി 1000 ടണ്‍ കവിയാനാണ് സാധ്യതയത്രെ. ഈ വര്‍ഷം ആറുമാസത്തില്‍ത്തന്നെ 553 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തുകഴിഞ്ഞു. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമെന്ന ധാരണയും ശക്തിപ്പെടുകയാണ്.
ഒരുദിവസം രണ്ടും മൂന്നും പ്രാവശ്യമാണ് സ്വര്‍ണവില കുതിക്കുന്നത്. ആഭ്യന്തരവിപണിയിലും സ്വര്‍ണം 20.4 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഉത്സവസീസണ്‍ തുടങ്ങുകയാണ്. ദീപാവലി വേളയില്‍ സ്വര്‍ണം വാങ്ങുന്നതാണ് വടക്കേ ഇന്ത്യന്‍ ശൈലി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ ആഗോള സ്വര്‍ണാഭരണ വില്‍പ്പനയുടെ 55 ശതമാനം ഇന്ത്യയിലും ചൈനയിലും പ്രത്യേകിച്ച് ഇന്ത്യയില്‍ ഈ കാലയളവില്‍ 53,800 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിഞ്ഞുകഴിഞ്ഞു. വിലവര്‍ധനയ്ക്ക് സ്വര്‍ണഭ്രാന്തിന് തടയിടാന്‍ കഴിയില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലില്ലാത്ത വടക്കേഇന്ത്യന്‍ വിശ്വാസങ്ങള്‍കൂടി ഇവിടെ സ്ത്രീകള്‍ പുലര്‍ത്തുന്നു. പരസ്യങ്ങളിലും സ്വര്‍ണാഭരണ കടകളുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. ആഭരണം വാങ്ങിയാല്‍ ബാങ്കില്‍ പണയം വയ്ക്കാനും പ്രതിസന്ധികളില്‍ സാധിക്കുമല്ലോ എന്ന വിശ്വാസമാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്ന മൂല്യഘടകം. പക്ഷേ വിവാഹ കമ്പോളങ്ങളിലെത്തുന്ന ദരിദ്രവിഭാഗം എങ്ങനെ ഈ പ്രതിസന്ധി നേരിടുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: