ഹൈദ്രാബാദ്: വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിക്കെതിരായ സി.ബി.ഐ അന്വേഷണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ എംഎല്‍എ മാരുടെ കൂട്ടരാജി. 26 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ഉള്‍പ്പടെ 29 പേരാണ് രാജിവെച്ചത്.
രണ്ട് തെലുഗുദേശം അംഗങ്ങളും ഒരു പ്രജാരാജ്യം അംഗവുമാണ് രാജിവെച്ച മറ്റ് എംഎല്‍എമാര്‍. രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുത്തു. എംഎല്‍എമാരുടെ കൂട്ടരാജിയോടെ കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയിലായി.
ജഗന്മോഹന് റെഡ്ഡിക്കെതിരായ അന്വേഷണത്തില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ പേര് പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ജഗന് അനുകൂലികളായ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി.
അതേസമയം വൈ.എസ്.ആര് കോണ്‍ഗ്രസിലെ ഒരേയൊരു എം.എല്‍.എ ആയ വൈ.എസ്.വിജയമ്മയും, ജഗന് അനുകൂലികളായ കൊണ്ട സുരേഖ, ജയസുധ കപൂര്‍, കുഞ്ച സത്യവതി എന്നിവരും രാജി സമര്‍പ്പിച്ചിട്ടില്ല.
294 അംഗ ആന്ധ്ര നിയമസഭയില്‍ (ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്) കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 183 സീറ്റാണുള്ളത് – കോണ്‍ഗ്രസിന് 173 അംഗങ്ങളുണ്ട്. ഇതില്‍ 17 പേര് ഈയിടെ കോണ്‍ഗ്രസില്‍ ലയിച്ച പ്രജാരാജ്യം പാര്‍ട്ടി എം.എല്‍.എമാരാണ്. എം.ഐ.എമ്മിന് ഏഴു പേരുണ്ട്. മൂന്നുപേര്‍ സ്വതന്ത്രരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: