ട്രിപ്പോളി: ലിബിയയില്‍ വിമതസേന തലസ്ഥാനമായ ട്രിപ്പോളിയയില്‍ പ്രവേശിച്ചു. പോരാട്ടത്തില്‍ ആയിരത്തിലധികം പേര് മരിച്ചതായി ഗദ്ദാഫി സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. ഗദ്ദാഫിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ ശക്തമായ സൂചനകളാണ് ലിബിയയില്‍ നിന്നും ഉണ്ടാവുന്നത്.
വിമതസേന ട്രിപ്പോളീയില് കടന്നതോടെ ഗദ്ദാഫി പ്രതിരോധത്തിലായിരിക്കുകയാണ്. ഗദ്ദാഫി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രിപ്പോളീ പൂര്‍ണ്ണമായും പിടിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് വിമതര്‍. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ മുഴുവന്‍ നിയന്ത്രണത്തിലാക്കിയ വിമതര്‍ നഗരത്തിലെ പ്രധാനഭാഗങ്ങളിലും സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ട്രിപ്പോളിയിലെ സമരചത്വരമായ ഗ്രീന്‍ സ്ക്വര്‍ പ്രദേശം വിമതര്‍ വളഞ്ഞിരിക്കുകയാണ്. നഗരം വിട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ഗദ്ദാഫി സേന ശക്തമായ ആക്രമണം നടത്തുന്നുണ്ട്.
ട്രിപ്പോളീ വിട്ടുനല്‍കില്ലെന്നും സൈന്യം അതീവ ശക്തമാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ട്രിപ്പോളിയില്‍ നിര്‍ണ്ണായക പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഗദ്ദാഫി അനുയായികളോട് ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തലിനും വിമതരുമായി ചര്‍ച്ചക്കും തയ്യാറാണെന്ന് ലിബിയന്‍ സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ദക്ഷിണാഫ്രിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണങ്ങള്‍ ലക്ഷ്യമിട്ട് ട്രിപ്പോളി വിമാനത്താവളത്തിലിറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
വിമതര്‍ തലസ്ഥാന നഗരി പിടിച്ചെടുത്തതോടെ ഗദ്ദാഫിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി ആഹ്ലാദപ്രകടനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഗദ്ദാഫി സൈന്യത്തിന്റെ ട്രിപ്പോളിയിലെ യൂണിറ്റ് കമാന്‍ഡര്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായും വിമതര്‍ അവകാശപ്പെടുന്നു. ഓപ്പറേഷന് മേര്മൈഡ് ഡൗണ്‍ എന്നു പേരിട്ട അന്തിമ പോരാട്ടത്തില്‍ വിജയിക്കുമെന്നുതന്നെയാണ് വിമതരുടെ ലിബിയന്‍ ട്രാന്സിഷന് കൗണ്‍സില്‍ പറയുന്നത്.
എന്തായാലും ആറുമാസം നീണ്ട ലിബിയന്‍ വിമതരുടെ പ്രക്ഷോഭങ്ങള്‍ രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ വിജയാന്ത്യത്തിലേക്കടുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: