ന്യൂദല്‍ഹി: ഈ മാസം മുപ്പതിനകം ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് യുപിഎ സര്‍ക്കാരിന് പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെയുടെ അന്ത്യശാസനം. അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാര്‍ രാജിവെച്ച് പുറത്ത് പോകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ചര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍നിന്ന് പിന്‍വലിക്കണമെന്നും അണ്ണാ ഹസാരെയുടെ സംഘം ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ടീം ഹസാരെ വ്യക്തമാക്കി. കേന്ദ്രവുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ പിന്‍വാതില്‍ കൂടിയാലോചനകള്‍ നടക്കുന്നതായി ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് ടീം ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു. രാംലീലാ മൈതാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടിക്ക് ജനപിന്തുണ ഏറിയതോടെ അങ്കലാപ്പിലായ കേന്ദ്രസര്‍ക്കാര്‍ ഹസാരെയെ അനുനയിപ്പിക്കാന്‍ ഇന്നലെ പ്രത്യേക ദൂതനെ അയച്ചു. മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി ഉമേഷ് ചന്ദ്രസാരംഗിയാണ് ശനിയാഴ്ച ഹസാരെയെ കണ്ടത്. സമരം പിന്‍വലിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയുമായാണ് സാരംഗി എത്തിയതെന്ന് അറിയുന്നു. മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ടീം ഹസാരെ ഉപേക്ഷിക്കണമെന്ന് കര്‍ണാടക മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സാരംഗി എത്തിയത്. എന്നാല്‍ ഈ ആവശ്യങ്ങളില്‍നിന്ന് ഒരുകാരണവശാലും പിന്മാറേണ്ടതില്ലെന്ന് ടീം ഹസാരെ കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനമായി. പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ ഭാഷ്യം പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തങ്ങള്‍ സന്നദ്ധമാണെന്നും അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാരും തയ്യാറാകണമെന്ന് കോര്‍ കമ്മറ്റി അംഗമായ സ്വാമി അഗ്നിവേശ് വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചക്കും സംഭാഷണങ്ങള്‍ക്കും സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അവകാശപ്പെട്ടിരുന്നു. അരവിന്ദ് കേജ്രിവാള്, കിരണ്‍ബേദി, ശാന്തിഭൂഷണ്‍, മനീഷ് സിസോദിയ, മേധാ പട്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നിരാഹാര സത്യഗ്രഹം തുടങ്ങിയ ശേഷമുള്ള സ്ഥിതിഗതികളും ഭാവി നടപടികളും യോഗം ചര്‍ച്ച ചെയ്തു. അഴിമതിക്കെതിരെ ശക്തമായ ജന്‍ലോക്പാല്‍ ബില്‍ ഈ മാസം 30നകം പാസാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാര സത്യഗ്രഹം തുടരുമെന്ന് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേസമയം, രാംലീലാ മൈതാനത്തെ സത്യഗ്രഹ വേദിയിലേക്കുള്ള ജനപ്രവാഹം തുടരുകയാണ്. അഴിമതി വിരുദ്ധ പോരാട്ടത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ജനങ്ങള്‍ക്ക് ഹസാരെ നന്ദി പറഞ്ഞു.
വന്ദ്യവയോധികനായ അണ്ണാ ഹസാരെ ആറ് ദിവസമായി നിരാഹാര സത്യഗ്രഹം തുടര്‍ന്നിട്ടും തിരിഞ്ഞുനോക്കാത്ത കേന്ദ്രസര്‍ക്കാരിനെ കിരണ്‍ ബേദി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: