മൂന്നുപതിറ്റാണ്ടിലേറെയായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രവര്‍ത്തന സജ്ജമായിട്ട്. എന്നാല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വര്‍ധിച്ചുവരുന്ന മലിനീകരണത്തിനെതിരെ യാതൊരുവിധത്തിലും പ്രതിവിധികള്‍ സൃഷ്ടിക്കുവാന്‍ അതിന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നമ്മുടെ വായു, ജലം, മണ്ണ് എന്നിവ മലിനീകരിക്കുന്നതിനെതിരെ ഒട്ടനവധി നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അത് നടപ്പാക്കുന്നതിലും എളുപ്പം അതിന്റെ പേരില്‍ അഴിമതി നടത്തുകയെന്നതാണ് എന്ന് തിരിച്ചറിഞ്ഞ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ കേരളീയ സമൂഹം പ്രതികരിച്ചു തുടങ്ങി. വ്യവസായവല്‍ക്കരണം വികസനപ്രകിയയില്‍ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ജനങ്ങളുടെ കുടിവെള്ളം, പ്രാണവായു, ഭക്ഷണം എന്നിവയെ ദുഷിപ്പിക്കുവാന്‍ മൂലധന ശക്തികളെ കടിഞ്ഞാണ്‍ ഊരിവിടുന്ന സര്‍ക്കാര്‍ സമീപനവും മാറിയെ മതിയാകൂ. വ്യവസായങ്ങളുടെ മാലിന്യങ്ങള്‍ അനുസരിച്ച് നിയമത്തില്‍ മലിനീകരണ നിയന്ത്രണ ഉപാധികള്‍ ബോര്‍ഡ് കൊണ്ടുവരാതിരിക്കുന്നത് സമൂഹത്തോടുള്ള ക്രൂരതയാണ്. മലിനീകരണത്തിനെതിരെ സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ഫലം പുറത്തുവിടാതിരിക്കുകയും ചെയ്യുന്ന ബോര്‍ഡിന്റെ ഇന്നത്തെ രീതി മലിനീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മലിനീകരണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നതിന് തുല്യമാണ്. ഏതെങ്കിലും ജലമലിനീകരണത്തെത്തുടര്ന്നോ, മത്സ്യക്കുരുതിയെ തുടര്‍ന്നോ, വിഷവാതക ചോര്ച്ചയെത്തുടര്ന്നോ മലിനീകരണ നിയന്ത്രണ കേസ് രജിസ്റ്റര്‍ ചെയ്താല്‍ തന്നെ കോടതിയിലെത്തുമ്പോള്‍ കേസ് ദുര്‍ബലമാകുന്നതും തെളിവില്ലാതാകുന്നതും കാര്യക്ഷമമായി കേസ് നടത്താത്തതും കേരളത്തിന്റെ പുഴകളെയും ജലസ്രോതസ്സുകളെയും വായുവിനേയും മണ്ണിനേയും വീണ്ടും വീണ്ടും മലിനീകൃതമാക്കുവാന്‍ കാരണമാകുന്നു.
വ്യവസായം പ്രോത്സാഹിപ്പിക്കുവാനുള്ള വ്യവസായ വകുപ്പിന്റെ നയവും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനുള്ള ആരോഗ്യവകുപ്പിന്റേയും നയങ്ങള്‍ ഒത്തുപോകാത്തതാണ് ഇതിന് കാരണം. മലിനീകരണം നടത്തി വ്യവസായം നടത്തുവാന്‍ ഒരു സര്‍ക്കാരും അനുമതി നല്‍കുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ വേണ്ടത്ര നിയമങ്ങള്‍ ഉണ്ടായിട്ടും വ്യക്തമായ മലിനീകരണം റിപ്പോര്‍ട്ട് ചെയ്തിട്ടും എന്തുകൊണ്ടാണ് പ്രതിവിധി നടപടികള്‍ നടക്കാതെ പോകുന്നത്? ഭരിക്കുന്ന സര്‍ക്കാരുകളുടെ ഇച്ഛാശക്തി കുറവാണ് ഇതിന് കാരണമെന്ന് പൊതുസമൂഹം മനസിലാക്കിക്കഴിഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്നും പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു രാഷ്ട്രീയ കളരിയാണ് സംസ്ഥാനത്ത് നടമാടുന്നത്. രാഷ്ട്രീയ രംഗത്തെ അരാഷ്ട്രീയവല്‍ക്കരണം! കേരളത്തിലെ വിവിധസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളില്‍നിന്നും മലിനീകരണം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ തന്നെ ഇതിന് തെളിവാണ്. മിക്കവാറും സ്ഥലങ്ങളിലെ മലിനീകരണ വിരുദ്ധ സമരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമായി. ഇതുതന്നെ ജനങ്ങളെ കഷ്ടപ്പെടുവാന്‍ വിട്ടുകൊടുക്കുന്ന സര്‍ക്കാര്‍ നയമാണ് വ്യക്തമാക്കുന്നത്. ജനങ്ങള്‍ വ്യവസായത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ആരോഗ്യത്തിനും ജീവിതത്തിനും തന്നെയാണ്. അതുകൊണ്ടിന്നും സമരമുഖങ്ങള്‍ നീറിപ്പുകയുകയാണ്.
തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ കാതികൂടം പ്രദേശത്തെ ഭൂഗര്‍ഭജലവും ചാലക്കുടി പുഴയും മലീമസമാക്കുകയും പ്രാണവായുവില്‍ മലിനവാതകം കലര്‍ത്തുകയും ചെയ്യുന്ന നീറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനങ്ങള്‍ സമരത്തിലാണ്. 1979 ല്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ബഹുരാഷ്ട്ര കുത്തകയായ ജപ്പാന്റെ നീറ്റാജലാറ്റിന്‍ ഇന്‍ കോര്പ്പറേറ്റഡും ചേര്‍ന്ന് കേരളാ കെമിക്കല്‍സ് ആന്റ് പ്രോട്ടീന്‍സ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച കമ്പനി കാതികൂടത്ത് ദുരന്തം വിതയ്ക്കുകയാണെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മലിനജലം കുടിച്ച് കാന്‍സര്‍ വ്യാപിക്കുന്നതായി സമരസമിതി ആരോപിക്കുന്നു. വായുവിലെ ദുര്‍ഗന്ധവും വിഷവാതകവും കാടുകുറ്റി, അന്നനാട്, കാതികൂടം എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. 63 ലക്ഷം ലിറ്റര്‍ ജലമാണ് പ്രതിദിനം ആവശ്യമായിവരുന്നത്.
ഇത്രയും മലിനജലം പിന്നീട് ചാലക്കുടി പുഴയിലും സമീപപ്രദേശത്തുള്ള കിണറുകളിലുമാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ 30 വര്ഷത്തിലേറെയായിജനങ്ങള് ഇത് സഹിച്ചു കഴിയുന്നു. കുടിവെള്ളത്തിലൂടെ ഭക്ഷ്യശൃംഖല ജലത്തിലേയ്ക്ക് മാരകവിഷങ്ങള്‍ എത്തുന്നതുമൂലം ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വായുമലിനീകരണം ജനങ്ങളില്‍ ചുമ, ശ്വാസംമുട്ടല്‍, ആസ്മ എന്നീ രോഗങ്ങള്‍ ഉണ്ടാക്കുന്നു. പുഴയിലെയും മറ്റു ജലസ്രോതസ്സുകളിലേയും മത്സ്യസമ്പത്ത് അപ്പാടെ അപ്രത്യക്ഷമായിരിക്കുന്നു. കൃഷിഭൂമി ഉപയോഗശൂന്യമായിരിക്കുന്നു. തെങ്ങുകളില്‍ തേങ്ങ പിടിക്കുന്നത് കുറഞ്ഞിരിക്കുന്നു. ജനങ്ങളുടെ വരുമാന മാര്‍ഗങ്ങളില്‍ കമ്പനി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരും ഭരണ സംവിധാനങ്ങളും നോക്കുകുത്തികളായി തീര്‍ന്നിരിക്കുന്നു. 30 വര്‍ഷം ഒരു ജനവിഭാഗത്തിന്റെ ആരോഗ്യം ഊറ്റിയെടുത്ത്, കുടിവെള്ളം ദുഷിപ്പിച്ച് കോടികള്‍ ലാഭം കൊയ്ത കമ്പനി ഇനിയും തുടരുവാന്‍ അനുവദിക്കണമോയെന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കണം. കാതികൂടം പ്രദേശത്തെ സംവഹനശേഷിയുടെ അനേകം മടങ്ങ് വിഷമാലിന്യങ്ങള്‍ വായു, ജലം, മണ്ണ് എന്നിവയില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. നിഷ്ക്രിയമായ മലിനീകരണ നിയന്ത്രണബോര്‍ഡിലെ പെന്ഷന് പറ്റിയ ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ ഉപദേശകരായി ചേക്കേറുന്നത് കാണുമ്പോള്‍ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തിന് ഉത്തരവാദികള്‍ ആരാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ഒരു കാലത്ത് ചാലിയാറിനേയും സമുദ്രത്തെയും ഒരുപോലെ മലിനീകരിച്ച റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടിയതിനുശേഷമുള്ള കണക്കെടുപ്പില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിന് വേണ്ടി കേരളത്തിലെ വനാന്തരങ്ങളിലെ മുളയും ഈറ്റയും നിസ്സാരവിലയ്ക്ക് വിട്ടുകൊടുത്തതുമൂലം ഉണ്ടായ പരിസ്ഥിതി ഇക്കോളജീയ ആഘാതവും പുഴ-കടല്‍ മലിനീകരണം മൂലവും ഉണ്ടായ നഷ്ടം ഇങ്ങനെയൊരു കമ്പനി ഉണ്ടാകാതെ ജീവനക്കാരെ സര്‍ക്കാര്‍ ചെലവില്‍ ജീവിക്കാന്‍ അനുവദിച്ചാലുണ്ടാകുമായിരുന്ന ചെലവിനെക്കാള്‍ അനേകം മടങ്ങ് അധികമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ പ്രകൃതിയ്ക്കുണ്ടാകുന്ന നഷ്ടം, അടുത്ത തലമുറയ്ക്ക് ലഭിക്കേണ്ട പ്രകൃതിവിഭവങ്ങള്‍ ലഭിക്കാതെ വരുന്നതിലുള്ള നഷ്ടം എന്നിവയൊക്കെ കണക്കിലെടുത്താകണമെന്ന ശാസ്ത്രീയ സമീപനം ഈയടുത്തകാലത്തായി വികസിച്ചുവരികയാണ്. ഗ്രീന്‍ സാമ്പത്തികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മാത്രമേ ഇനിയും പുതിയ വ്യവസായശാലകള്‍ ആരംഭിക്കാവൂ.
കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാലയിലെ ഒരു ഫാക്ടറിക്കുവേണ്ടി കളിമണ്‍ ഖാനനം നടത്തിയതുകൊണ്ട് ഉണ്ടായ പരിസ്ഥിതി പ്രശ്നങ്ങള്‍ ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. ജനവാസമുള്ള സ്ഥലങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ഖാനനം പാടില്ല എന്ന ചട്ടം ലംഘിച്ചുകൊണ്ട് വെളിച്ചിക്കാലയില്‍ നടന്ന ഖാനനം ഒരു ജനതയുടെ കുടിവെള്ളവും ജീവിക്കുവാനുള്ള അവകാശവും തടഞ്ഞിരിക്കയാണ്. ഒരു സ്വകാര്യ കമ്പനി 70 ഏക്കര്‍ സ്ഥലം വാങ്ങി 20 ഏക്കറില്‍ നടത്തിയ ഖാനനം 400 ലേറെ അടി താഴ്ചയിലെത്തി. ഓരോ ദിവസവും ആഴവും പരപ്പും വര്‍ധിച്ചുവരികയായിരുന്നു. 15 അടി താഴ്ചയില്‍ ഈ പ്രദേശത്തെ കിണറുകളില്‍ വെള്ളം ലഭിച്ചിരുന്നത് 110അടി താഴ്ചയിലും വെള്ളം കിട്ടാത്ത അവസ്ഥയിലായി. 50 തിലേറെ കുടുംബങ്ങള്‍ നിര്‍ബന്ധമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഫാക്ടറിയ്ക്കുവേണ്ടി കുഴിച്ചെടുക്കുന്ന മണ്ണില്‍നിന്നും കളിമണ്‍ വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കുന്ന ആസിഡ് ഇത്തിക്കരയാറിനേയും, ആയിരക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളെയും നശിപ്പിച്ചു. ജനങ്ങള്‍ നടത്തിയ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസുകള്‍ ചമച്ചു. മാറിമാറി വന്ന സര്‍ക്കാരുകള്‍ മൂലധന ശക്തികളുടെ കയ്യിലെ കളിപ്പാട്ടമായി മാറി. നമ്മുടെ കുടിവെള്ളവും കൃഷിയും നശിപ്പിച്ചും ജനങ്ങളുടെ ആരോഗ്യം കളഞ്ഞും പാവപ്പെട്ടവരെ കുടിയിറക്കിയും ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയേണ്ട ഗതികേടുണ്ടാക്കിയും നടപ്പിലാക്കേണ്ടതാണോ നമ്മുടെ വ്യവസായ നയം. കോടികളുടെ സമ്പാദ്യവുമായി മൂലധന ശക്തികള്‍ രംഗംവിടുമ്പോള്‍ സ്വന്തം ജനങ്ങള്‍ ദുരിതത്തിലാകുന്നതാണോ വികസനം. തൊഴില്‍ വേണം വ്യവസായം വേണം പക്ഷേ എന്തുകൊണ്ട് മലിനീകരണ നിയന്ത്രണ ഉപാധികള്‍ നടപ്പാകുന്നില്ല? രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ചിന്തിക്കണം. കേരളത്തിന്റെ വികസനനയത്തില്‍ ഗുണഭോക്താക്കളെന്ന് സര്‍ക്കാര്‍ പറയുന്ന പ്രാദേശിക ജനങ്ങള്‍ക്ക് ദുരിതമാണോ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ അനീതിയ്ക്കെതിരെ നിയമനിര്‍മാണം വേണ്ടെ? നിയമം ലംഘിക്കപ്പെടാതെ നടപ്പാക്കുവാന്‍ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും ഉത്തരവാദിത്തമില്ലേ? മലിനീകരണനിയന്ത്രണം സാധ്യമാണ്. എന്നാല്‍ നടപ്പാക്കുന്നവര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന ഉപാധികള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് വ്യവസായ സ്ഥാപനങ്ങളുടെ പക്ഷം. എന്നാല്‍ മലിനീകരണം മാറുന്നില്ല. അതായത് ഒഴിവാക്കുവാന്‍ അപര്യാപ്തമാണ് പലപ്പോഴും എന്നര്‍ത്ഥം. ശാസ്ത്രീയമായ പരിശോധനകളും ഫലപ്രസിദ്ധീകരണവും അടക്കം മലിനീകരണനിയന്ത്രണബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. അല്ലാത്തപക്ഷം ഇത്തരത്തിലുള്ള ഒരു ബോര്‍ഡ് ജനങ്ങള്‍ക്ക് ആവശ്യമില്ല. ബോര്‍ഡുള്ളതിനാല്‍ കോടതിപോലും ബോര്ഡിനേയാണ് മലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നിയോഗിക്കുന്നത്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാകാത്ത ഒരു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജനങ്ങള്‍ക്ക് ഭാരമാണ്. കേരളത്തിലെ വ്യവസായശാലകള്മൂലം ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ സര്‍ക്കാരിന് ചുമതലയുണ്ട്. നിയമം നടപ്പാക്കിയെന്നാല് പ്രശ്നം ശാസ്ത്രീയമായി പരിഹരിച്ചു എന്നതായിരിക്കണം സര്‍ക്കാര്‍ നയം. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുവാന് കൂട്ടുനില്‍ക്കുന്നതല്ല യഥാര്‍ത്ഥ വികസനം എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: