ട്രിപ്പോളി: ലിബിയയില്‍ വിമതസേനയും ഗദ്ദാഫി സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായി. രാജ്യത്തെ പലമേഖലകളിലും വിമത സേന മുന്നേറ്റം തുടരുകയാണ്. തലസ്ഥാനമായ ട്രിപ്പോളിക്ക് 50 കിലോമീറ്റര്‍ അകലെ സാവിയയിലെ റിഫൈനറി വിമതസേന പിടിച്ചെടുത്തു. ഇതോടെ ഇവര്‍ നേരിട്ടിരുന്ന ഇന്ധനക്ഷാമത്തിന് പരിഹാരമായി.
റിഫൈനറി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സേന ശക്തമായ ആക്രമണം നടത്തുകയാണ്. ട്രിപ്പോളി വിമാനത്താവളം വിമതസേന പിടിച്ചെടുത്തുവെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു. സ്ലിറ്റാനും വിമതരുടെ പൂര്‍ണ നിയന്ത്രണത്തിലായി. സാവിയയില്‍ രണ്ട് പേരും സ്ലിറ്റാനില്‍ 32 പേരും കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം വിമതപക്ഷത്തുള്ളവരാണ്.
രണ്ട് നഗരങ്ങള്‍കൂടി പിടിച്ചെടുത്തതോടെ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളിയെ മൂന്നുവശത്തുനിന്നും ആക്രമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സഖ്യസേന ട്രിപ്പോളിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
അതിനിടെ പ്രസിഡന്റ് മുവമര്‍ ഗദ്ദാഫി രാജിവയ്ക്കണമെന്ന് യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ജെഫ്രി ഫില്റ്റ്മാന് ആവശ്യപ്പെട്ടു. ഗദ്ദാഫി ഭരണത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. വിമതസേനയും നാറ്റോ സേനയും ലിബിയയില്‍ ശക്തമായ മുന്നേറ്റം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: