ന്യൂദല്‍ഹി: അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ വ്യാപ്തി കൂട്ടാന്‍ ടീം ഹസാരെ തീരുമാനിച്ചു. കര്ഷകസൗഹാര്ദ്ദപരമായ ഭൂമി ഏറ്റെടുക്കല്‍ നിയമവും കറതീര്‍ന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ ആവശ്യപ്പെടുന്നു.
അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി രാംലീലാ മൈതാനത്ത് നടത്തുന്ന നിരാഹാര സത്യഗ്രഹം അഞ്ചാം ദിനത്തിലേക്ക് കടന്നതോടെയാണ് പ്രക്ഷോഭത്തിന്റെ വ്യാപ്തി കൂട്ടുന്നതായി അണ്ണാ ഹസാരെ പ്രഖ്യാപിച്ചത്. ഈ മാസം 30 നകം ജന്‍ലോക്പാല്‍ ബില്‍ പാസാക്കണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. എല്ലാ്ര പശ്നങ്ങളും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ടീം ഹസാരെ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വ്യക്തമായ നിലപാടുകളില്ലാതെ കേന്ദ്രം ഒളിച്ചുകളി നടത്തുകയാണ്.
സര്‍ക്കാര്‍ ട്രഷറികളിലെ പണത്തിന് ഭീഷണി അതിന് കാവല്‍നില്‍ക്കുന്നവര്‍ തന്നെയാണെന്ന് രാംലീലാ മൈതാനത്ത് തടിച്ചുകൂടിയിരിക്കുന്ന അഴിമതിവിരുദ്ധപ്രവര്ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഹസാരെ ചൂണ്ടിക്കാട്ടി. ഇത്തരം വഞ്ചകന്മാരില്നിന്നുള്ള ഭീഷണിയും രാജ്യം നേരിടുകയാണ്. “രാജ്യത്തെ വഞ്ചിക്കുന്നത് ശത്രുക്കളല്ല.” ലോക്പാല്‍ ബില്‍ പാസാക്കുന്നതോടെ പോരാട്ടം അവസാനിക്കുന്നില്ല. ഇന്നത്തെ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളില്‍ കടന്നുകൂടിയിരിക്കുന്ന തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. ഈ തെറ്റുകളാണ് 150 ക്രിമിനലുകള്‍ പാര്‍ലമെന്റിലെത്താന്‍ വഴിതെളിച്ചത്. സ്വാതന്ത്ര്യാനന്തരം 64 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. വെള്ളക്ക് പകരം കറുപ്പ് എത്തിയതു മാത്രമാണ് ഏക മാറ്റം. കൊള്ളയും അഴിമതിയും റൗഡിത്തരവുമെല്ലാം അതേപടി നിലനില്ക്കുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. കര്‍ഷകഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രാമസഭയുടെ അനുമതി ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണം. ലോക്പാല്‍ കൊണ്ടു മാത്രം ഈ പോരാട്ടം അവസാനിപ്പിക്കരുതെന്ന് ഹസാരെ രാജ്യത്തെ യുവാക്കളോട് ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ ചോര ഊറ്റിക്കുടിക്കുന്ന കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നത്. ഉല്പാദനം ഉറപ്പാക്കിയില്ലെങ്കില്‍ തൊഴില്‍ പോകുമെന്ന് അവര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. ഇത് ജനാധിപത്യമാണോ എന്ന് ചോദിച്ച ഹസാരെ, എല്ലാവരുടെയും ലക്ഷ്യം പണമാണെന്നും അഴിമതിയുടെ കണ്ണി തകര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
ലോക്പാല്‍ പ്രശ്നം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് പൊതുസമൂഹ പ്രതിനിധികളായ അരവിന്ദ് കേജ്രിവാളും മനോജ് സിസോദിയയും പറഞ്ഞു. ആരോട്, എവിടെവെച്ചാണ് സംസാരിക്കേണ്ടതെന്ന് അവര്‍ ചോദിച്ചു.
ബില്‍ പാസാക്കാനുള്ള സമയപരിധിയെക്കുറിച്ച് പരാമര്‍ശിക്കവെ, സര്‍ക്കാര്‍ ആഗ്രഹിച്ചാല്‍ 5 മിനിറ്റിനുള്ളില്‍ 15 ബില്ലുകള്‍ പാസാക്കാന്‍ കഴിയുമെന്ന് കേജ്രിവാള് വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ അഴിമതിവിരുദ്ധ ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 42 വര്‍ഷത്തിലേറെയായിട്ടും അവര്‍ക്ക് കഴിയുന്നില്ല. അഴിമതി പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ രക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കേജ്രിവാള് കുറ്റപ്പെടുത്തി. ആത്യന്തികമായി അഴിമതിക്കെതിരെ പരാതി കൊടുത്തവരാണ് തൂങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവരും അവരവരുടെ എംപിമാരുടെ വസതിക്ക് മുമ്പില്‍ ധര്‍ണ നടത്താന്‍ ഹസാരെ ആവശ്യപ്പെട്ടതായി കേജ്രിവാള് വ്യക്തമാക്കി. നിഷേധാത്മക സമീപനം പുലര്‍ത്തുന്ന എംപിമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ലെന്ന് ജനങ്ങള്‍ പറയണം. എല്ലാ എംപിമാരുടെയും വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വെബ് പോര്‍ട്ടലുകള്‍ തയ്യാറാക്കണമെന്നും കേജ്രിവാള് അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ, ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ നിയമ, നീതി, പേഴ്സണല്‍ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വിയാണ് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍.
ഇതിനിടെ ആഗസ്റ്റ് 30 നകം ജന്‍ലോക്പാല്‍ ബില്‍ പാസാക്കണമെന്ന അണ്ണാ ഹസാരെയുടെ ആവശ്യം നടക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ലോക്പാല്‍ പ്രശ്നത്തില്‍ ചര്‍ച്ചക്കും സംഭാഷണത്തിനും കേന്ദ്രം ഒരുക്കമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ അംഗീകരിക്കാന്‍ തന്റെ വസതിയില്‍ ചേര്‍ന്ന ആസൂത്രണ കമ്മീഷന്റെ പൂര്‍ണ യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: