കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍കേസില്‍ അന്നത്തെ കോഴിക്കോട് ജില്ലാ ജഡ്ജി പത്മനാഭന്നായരെ സ്വാധീനിക്കാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന് കെ.എ.റൗഫ് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കൃത്യമായ നിലപാടെടുത്തിരുന്ന ജഡ്ജിയെ കണ്ട് സംസാരിക്കാന്‍ കാസര്‍കോട് വെടിവെപ്പ് അന്വേഷണ കമ്മീഷന് റിട്ട.ജഡ്ജി എം.എ.നിസാറിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപെട്ടിരുന്നു. ഇത് ചെയ്യാത്തതുകൊണ്ടാണ് നിസാറിനോട് കുഞ്ഞാലിക്കുട്ടിയ്ക്കുള്ള വൈരാഗ്യമെന്ന് റൗഫ് വ്യക്തമാക്കി.
മറ്റു രണ്ട് കാര്യങ്ങള്‍കൂടി കുഞ്ഞാലിക്കുട്ടി നിസാറിനോട് ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും ലീഗും ഒന്നിച്ചുപോകാന്‍ തങ്ങളെകണ്ട് സംസാരിക്കണമെന്നതായിരുന്നു ഒരാവശ്യം. ‘ഞങ്ങളൊക്കെ പറഞ്ഞിട്ടും തങ്ങള്‍ കേള്‍ക്കുന്നില്ല’ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. സുഗതകുമാരിയെ കണ്ട് സംസാരിക്കണമെന്നും തന്നെ ആക്രമിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടണമെന്നുമായിരുന്നു മറ്റൊരാവശ്യം, റൗഫ് വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ മുസ്ലീംലീഗിന്റെ മന്ത്രിമാരടക്കമുള്ളവര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് റൗഫ് വ്യക്തമാക്കി. മുസ്ലീംലീഗിന്റെ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സിവിഎം വാണിമേല്‍ എന്റെ വീട്ടില്‍ വന്നുകണ്ടിരുന്നു. ഇതിന് ഒരു സ്വകാര്യ ചാനലിന്റെ പ്രമുഖന് സാക്ഷിയാണ്.
പി.ഡബ്ല്യൂഡി മന്ത്രി ഇബ്രാഹിംകുഞ്ഞ് എറണാകുളത്ത് ഹോട്ടലില്‍വെച്ച് എന്നെ കണ്ടിരുന്നു. അതിന്റെ വീഡിയോ ദൃശ്യം എന്റെ കൈയിലുണ്ട്, റൗഫ് പറഞ്ഞു. മലപ്പുറത്തെ പ്രസാദ് എന്ന ഒരദ്ധ്യാപകനുമായി സംസാരിച്ചതിന്റെ തെളിവ് പുറത്ത് വന്നതിനെക്കുറിച്ച് അത് തന്റെ ശബ്ദം തന്നെയാണെന്നും നിസ്സാരമായി സംസാരിച്ചയാളോട് നിസ്സാരമായി സംസാരിക്കുകയായിരുന്നു താനെന്നും റൗഫ് പറഞ്ഞു.
വി.എസുമായി സിപിഎം വിഭാഗീയതയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് റൗഫ് വ്യക്തമാക്കി. “ഞ്ഞാനൊരു രാഷ്ട്രീയക്കാരനല്ല പാര്‍ട്ടിവിഭാഗീയത സംബന്ധിച്ച് ഞാനൊരു കക്ഷിയേയല്ല. എനിക്കതില്‍ താത്പര്യവുമില്ല” റൗഫ് പറഞ്ഞു. വിഎസിനെ കാണുന്നതിന് മുമ്പ് സിപിഎമ്മിന്റെ മുതിര്‍ന്ന പലനേതാക്കളുമായും ബന്ധപ്പെട്ടിരുന്നുവെന്നും റൗഫ് വ്യക്തമാക്കി. “മാറാട് സംഭവത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് നല്ല പങ്കുണ്ട്. സിബിഐ അന്വേഷണം ഒഴിവാക്കിക്കിട്ടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതുപ്രകാരം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയെ കണ്ടിരുന്നു. അദ്ദേഹം ഒരിക്കലും നിഷേധാത്മക നിലപാട് എടുത്തിരുന്നില്ല. സിബിഐ അന്വേഷണം വന്നാല്‍ ദോഷമാണെന്നും അതൊഴിവാക്കണമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്”, റൗഫ് വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: