തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച കെ.എ. റൗഫുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി വിഭാഗീയത വിഷയമായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവിച്ചു. റൗഫിന്റെ ടെലിഫോണ്‍ സംഭാഷണം സംബന്ധിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അച്യുതാനന്ദന്. തൃശൂര്‍ രാമനിലയത്തിലാണ് കഴിഞ്ഞ ദിവസം വി.എസും റൗഫും ചര്‍ച്ച നടത്തിയത്. റൗഫിനെ ഭീഷണിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്നും നേരിട്ടല്ലാത്ത മാര്‍ഗങ്ങളിലൂടെ ജീവന് ഭീഷണി വരുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് തന്നോട് പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെങ്കില്‍ അതേക്കുറിച്ച് പരാതി എഴുതി നല്കിയാല് നടപടിയുമായി മുന്നോട്ടു പോകാമെന്നാണ് റഊഫിനോട് പറഞ്ഞതെന്നും വി.എസ്. വിശദീകരിച്ചു. സിപിഎം നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ റൗഫിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അച്യുതാനന്ദന് പറഞ്ഞു.
റൗഫുമായി ചര്‍ച്ച ചെയ്തത് ഐസ്ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ചാണ്. ഇപ്പോള്‍ പ്രചാരത്തില്‍ വന്ന ടേപ്പിലുള്ളത് പോലെ റൗഫ് പറയുമെന്ന് തോന്നുന്നില്ല. പി.കെ.കുഞ്ഞാലിക്കുട്ടി കൊച്ചു കുട്ടികളെ എങ്ങനെ ഉപയോഗിച്ചു എന്നത് കേരളത്തിലുള്ളവര്‍ക്ക് അറിയാം. കോഴിക്കോട്ട് രണ്ട് പെണ്‍കുട്ടികള്‍ കൈ ഉയര്‍ത്തിപ്പിടിച്ച് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ഈ കേസില്‍ സാക്ഷികളെ പോലും കുടുക്കാന്‍ ശ്രമിക്കുന്ന വിവരങ്ങള്‍ അറിയാം. ഈ കേസിലെ രേഖകള്‍ തിരുത്താന്‍ പൊലീസിനെയും ജഡ്ജിമാരെയും സ്വാധീനിച്ചതിന് തെളിവുകളുണ്ട്. ഐസ്ക്രീം കേസ് തേച്ചുമായ്ച്ചു കളയാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. കുറ്റവാളികള്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ ഇതെല്ലാം പുറത്തുവരുമെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു. അതിനിടെ ഇത്തരം ജാലവിദ്യകളൊന്നും തനിക്കെതിരെ ചെലവാകുകയില്ലെന്നും അച്യുതാനന്ദന് അവകാശപ്പെട്ടു.
തന്നെ കാണാന്‍ വന്ന റൗഫിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് റൗഫുമായി താന്‍ സംസാരിച്ചിട്ടില്ല. താന്‍ അങ്ങനെ ചെയ്തുവെന്ന് റൗഫ് പറയുമെന്ന് തോന്നുന്നില്ല. ചാനലുകളുമായി ചേര്‍ന്ന് ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് വി.എസ് വിശദീകരിച്ചു.
കാസര്‍കോട് കലാപത്തെക്കുറിച്ച് അന്വേഷിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയാണ്. കാസര്‍ക്കോട്ട് ലീഗ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പോലീസിന്റെ വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനാണ് തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് വി.എസ് ആരോപിച്ചു. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വി.എസ് ആരോപിച്ചു. അഴിമതിക്കെതിരെ സമരം നടത്തുന്ന അന്നാ ഹസാരെയ്ക്ക് രാഷ്ട്രീയമില്ലെന്ന് വി.എസ് പറഞ്ഞു. ഹസാരെയുടെ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി ജനങ്ങള്‍ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിന് ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്നും വി.എസ്. പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: