Categories: Kerala

ഉത്രാടംതിരുനാള്‍ പായസപാത്രത്തില്‍ സ്വര്‍ണ്ണം കടത്തിയെന്ന്‌ വിഎസ്‌

Published by

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചു പോകുമ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പായസം കൊണ്ടുപോകുന്നു എന്ന വ്യാജേന സ്വര്‍ണമാണ്‌ കടത്താറുള്ളതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. ഇക്കാര്യം ക്ഷേത്രത്തിലെ ഒരു മുന്‍ ശാന്തിക്കാരന്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതു കണ്ടു കണ്ട്‌ സഹികെട്ട്‌ തടയാന്‍ ശ്രമിച്ച ആ ശാന്തിക്കാരനെ തിളച്ചവെള്ളം ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശാന്തിക്കാരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. മാര്‍ത്താണ്ഡവര്‍മയ്‌ക്കു രാജാവിന്റെ സ്ഥാനമില്ലെന്നു വിധിച്ച സുപ്രീം കോടതി നിലവറകള്‍ തുറക്കാന്‍ ഉത്തരവിട്ടപ്പോള്‍ അതിനെ മറികടക്കാനാണു ദേവപ്രശ്നം നടത്തിയത്‌. മുമ്പ്‌ കീഴ്‌ക്കോടതികള്‍ നിലവറ തുറന്ന്‌ മൂല്യനിര്‍ണയം നടത്തണമെന്ന്‌ അഭിപ്രായപ്പെട്ടപ്പോള്‍ ദേവപ്രശ്നം നടത്താന്‍ ഇവര്‍ തയ്യാറായില്ല.

സുപ്രീംകോടതിക്ക്‌ മുകളില്‍ അപ്പീല്‍ നല്‍കാനായി മറ്റൊരു ഉന്നത നീതിപീഠം ഇല്ലാത്തതിനാലാണ്‌ ദേവപ്രശ്നമെന്ന പദ്ധതിയുമായി ഇപ്പോള്‍ മുന്നോട്ടു വന്നത്‌. സര്‍പ്പചിഹ്നമുള്ള നിലവറ മാര്‍ത്താണ്ഡവര്‍മ തന്നെ നേരത്തെ തുറന്നു ഫോട്ടോ എടുത്തിട്ടുണ്ട്‌. അന്നൊന്നും ആരും മരിച്ചില്ല. ഒരു ശാപവും ഉണ്ടായിട്ടില്ല. ആരുടെയും കുടുംബത്തിനു നാശമുണ്ടായതുമില്ല. മാര്‍ത്താണ്ഡവര്‍മയ്‌ക്ക്‌ ഏതു നിലവറ തുറന്നാലും ഒരു ശാപവുമേല്‍ക്കില്ല. ഇപ്പോള്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താനാണു ദേവപ്രശ്നം നടത്തിയത്‌. ഇക്കാര്യത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ ഇരട്ടത്താപ്പ്‌ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും വി.എസ്‌. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by