Categories: Kerala

വിഎസ്‌-റൗഫ്‌ കൂടിക്കാഴ്ച പുതിയ വിവാദത്തിലേക്ക്‌

Published by

തിരുവനന്തപുരം: മുസ്ലീം ലീഗ്‌ നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം കേസ്‌ ബലപ്പെടുത്താന്‍ ഉപയോഗിച്ച കെ.എ.റൗഫ്‌ സിപിഎം ഗ്രൂപ്പു പോരിനും ആയുധം. പാര്‍ട്ടി പോരില്‍ ചില കാര്യങ്ങള്‍ പുറത്തു വിടാന്‍ വി.എസ്‌.അച്യുതാനന്ദന്‍ തന്നോടു പറഞ്ഞതായുള്ള റൗഫിന്റെ വെളിപ്പെടുത്തലാണ്‌ പുതിയ വിവാദത്തിന്‌ വഴി തുറന്നത്‌. കഴിഞ്ഞാഴ്ച തൃശൂര്‍ രാമനിലയത്തില്‍ വി.എസ്‌.അച്യുതാനന്ദനുമായി കെ.എ.റൗഫ്‌ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. പുറത്തു പറയേണ്ടതായി ഒന്നുമില്ലെന്നാണ്‌ അന്ന്‌ ഇരുവരും പറഞ്ഞിരുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട റൗഫിന്റെ ടെലിഫോണ്‍ സംഭാഷണത്തിലാണ്‌ സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ വി.എസ്‌.അച്യുതാനന്ദന്‍ തന്നെ ഏല്‍പിച്ചിരിക്കുകയാണെന്ന്‌ റൗഫ്‌ പറയുന്നത്‌. എന്നാല്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി വി.എസ്‌. അതു നിഷേധിച്ചു. ഐസ്ക്രീം കേസ്‌ വീണ്ടും വിവാദമാക്കിയതിനാല്‍ തനിക്ക്‌ വധഭീഷണി ഉണ്ടെന്ന്‌ റൗഫ്‌ അറിയിച്ചെന്നും അത്‌ എഴുതിത്തരാന്‍ ആവശ്യപ്പെട്ടെന്നും വി.എസ്‌. വിശദീകരിച്ചു.

പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന്‌ റൗഫ്‌ സ്ഥിരീകരിച്ചതോടെ സംശയങ്ങള്‍ ബലപ്പെട്ടിരിക്കുകയാണ്‌. മുസ്ലീം ലീഗിലെ തര്‍ക്കത്തില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ ചട്ടുകമായ റൗഫ്‌ സിപിഎം ഗ്രൂപ്പിലും വില്ലനാവുകയാണ്‌. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീഭര്‍ത്താവാണ്‌ റൗഫ്‌. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ വ്യവസായ വകുപ്പിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും ലീഗ്‌ മന്ത്രിമാരുടെയെല്ലാം നിയന്ത്രണം തനിക്കെന്ന മട്ടില്‍ പെരുമാറുകയും ചെയ്തയാളാണ്‌ റൗഫ്‌. വ്യാജ ഇടപാടുകള്‍ക്ക്‌ ഇയാള്‍ക്കെതിരെ കേസുമുണ്ട്‌. അത്തരം ഒരാളെ വി.എസ്‌.അച്യുതാനന്ദന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ ആയുധമാക്കുന്നതാണ്‌ സിപിഎമ്മിലെ പുതിയ പ്രശ്നം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by