പെരുമ്പാവൂര്‍: നഗരസഭയും പോലീസും സംയുക്തമായി പെരുമ്പാവൂര്‍ നഗരത്തിനുള്ളില്‍ നടപ്പിലാക്കിവരുന്ന ട്രാഫിക് നിയന്ത്രണങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെത്തുന്നവര് വാഹനം പാര്‍ക്ക് ചെയ്യുവാന്‍ ഇടമില്ലാതെ വലയുകയാണ്. എംസി റോഡ്, എഎം റോഡ്, പോലീസ് സ്റ്റേഷന് റോഡ് തുടങ്ങിയ തിരക്കുള്ള റോഡുകളിലെല്ലാം ഇപ്പോള്‍ ഒരു വശത്ത്മാത്രമാണ് പാര്‍ക്കിംഗിന് അനുമതിയുള്ളത്. മറുവശങ്ങളിലെല്ലാം പോലീസ് കോണുകള്‍ നിരത്തിവച്ചിരിക്കുകയാണ്.ഇരുവശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നതിനാല്‍ വളരെ അധികം ദൂരത്തില്‍ കൊണ്ടുചെന്ന് വാഹനം പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
എംസി റോഡില്‍ ടൗണിലേക്ക് പ്രവേശിച്ചാല്‍ റോഡിനിരുവശമുള്ള പാര്‍ക്കിംഗ് ഏരിയകള്‍ അല്ലാതെ പ്രത്യേക പാര്‍ക്കിംഗ് സ്ഥലം ഒരിടത്തും തന്നെയില്ല. എഎം റോഡിലാണെങ്കില് ടൗണിനകത്ത് കാലടികവലയില് മാത്രമാണ് ഒരു പാര്‍ക്കിംഗ് ഏരിയാ ഉള്ളത്. ഇവിടെയാണെങ്കില്‍ 20ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യുന്നതിനുള്ള സ്ഥലം പോലുമില്ലന്നും വാഹന ഉടമകള്‍ പറയുന്നു. നഗരസഭയുടെ ഇത്തരം പരിഷ്കാരങ്ങള്‍ ഒരു പരിധിവരെ കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. പുല്ലുവഴി ഭാഗത്ത്നിന്ന് തിരക്കുള്ള ദിവസം കാലടി കവലയിലെ ഒരു കടയില്‍ കയറണമെങ്കില്‍ വാഹനം കടുവാളില്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഗവ. ആശുപത്രി പരിസരത്തും അമ്പലപ്പറമ്പിലും, കാലടി കവലയിലും മാര്‍ക്കറ്റ് പരിസരത്തും മാത്രമാണ് ടൗണിനുള്ളില്‍ കുറച്ചെങ്കിലും പാര്‍ക്കിംഗിന് സ്ഥലസൗകര്യമുള്ളത്.
നഗരസഭയുടെയും പോലീസിന്റെയും ഇത്തരം നിയന്ത്രണങ്ങളുടെ ബുധിമുട്ടുകള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് പെരുമ്പാവൂര്‍ കോടതികളാണ്. രാവിലെ 7 മണിമുതല്‍ കോടതി വളപ്പില്‍ വാഹനങ്ങള്‍ നിറയുന്നത് പതിവായിരിക്കുകയാണ്. ന്യായാധിപന്മാര്, അഭിഭാഷകര്‍ എന്നിവര്‍ക്കുപോലും കോടതി വളപ്പില്‍ വാഹനങ്ങള്‍ പാര്ക്ക്ചെയ്യാനാവാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ദിവസം അനധികൃതമായി കോടതിമുറ്റത്ത് പാര്‍ക്ക് ചെയ്ത ഒരു വാഹനത്തിനെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. തിരക്കേറുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള് സ്ഥലമൊരുക്കാതെ നടത്തിവരുന്ന ഗതാഗത പരിഷ്കാരങ്ങള്‍ ജനങ്ങളെ ദ്രോഹിക്കലാണെന്ന് ഇതിനോടകം തന്നെ ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: