സാധാരണ ജനങ്ങള്‍ക്ക് അവരുടെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെയാണ് സമീപിക്കേണ്ടിവരുന്നത്. സങ്കീര്‍ണമായ പ്രശ്നങ്ങളിലാകട്ടെ ബോധപൂര്‍വം വ്യക്തതയില്ലാതാക്കിയ നിയമങ്ങളും ഉദ്യോഗസ്ഥന്റെ മനോഭാവവും വര്‍ദ്ധിച്ച ജോലിഭാരമോ, അലസതയോ പരിഹാരത്തിനുള്ള സാധ്യത കുറക്കുകയോ, അതിനുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീട്ടുകയോ ചെയ്തേക്കാം. ജനപ്രതിനിധിക്ക് ഇത്തരുണത്തില്‍ ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളേറെയാണ്. ഉദ്യോഗസ്ഥരോട് ശുപാര്‍ശ ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റേയും മുന്നിലുള്ള വഴി. നിയോജകമണ്ഡലത്തിലെ മുഴവന്‍ പേരുടേയും സങ്കീര്‍ണമായ എല്ലാ പ്രശ്നങ്ങളും ഇങ്ങനെ പരിഹരിക്കുക മനുഷ്യസാധ്യമല്ലല്ലോ. ഇത്തരം ഒരു സാഹചര്യത്തില്‍ പരാതികള്‍ക്ക് പരിഹാരം ലഭിക്കാതെ ഉഴലുന്ന സാധാരണക്കാര്‍ക്ക് സങ്കടനിവര്‍ത്തി വരുത്തുവാന്‍ കോടതികള്‍ തന്നെ അത്താണിയാകുന്നു. കോടതിയുടെ ഒരു നോട്ടീസ് എത്ര ചുവപ്പുനാടയുള്ള വകുപ്പിനേയും ദ്രുതഗതിയില്‍ കാര്യക്ഷമമാക്കും. പരിഹാരങ്ങളിലെ കാലതാമസം ഒഴിവാക്കും. രാജ്യത്തെ നീതിന്യായവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തെല്ലൊരാശ്വാസത്തോടെ കാണുന്ന ശരാശരി ഇന്ത്യന്‍ പൗരന്റെ മുന്നില്‍ ഇതാ ഒരു അശനിപാതം പോലെ ജസ്റ്റിസ് സൗമിത്രാസെന്നിന്റെ കേസ് വരുന്നു.
ഗോഹട്ടിയില്‍ ഒരു അഭിഭാഷകന്റെ മകനായി 1958 ജനുവരി 22ന് ജനിച്ച സെന്‍ കല്ക്കത്തിയിലേക്ക് താമസം മാറ്റുകയായിരുന്നു. വാണിജ്യത്തില്‍ ബിരുദമെടുത്തശേഷം ലോകോളേജില്‍ ചേര്‍ന്ന അദ്ദേഹം 1984 ഫെബ്രുവരി 13 ന് വക്കീലായി എന്റോള്‍ചെയ്തു. സിവില്‍ നിയമങ്ങളില്‍ പ്രത്യേകിച്ച് ഭരണഘടനാ നിയമങ്ങളില്‍ നിഷ്ണാതനായി.
ഇതിനിടയിലാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഷിപ്പിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്കെതിരെ കല്‍ക്കത്ത ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത്. ഷിപ്പിങ്ങ് കോര്‍പ്പറേഷനിലൂടെ ഇറക്കുമതിചെയ്ത ചില സാധനങ്ങള്‍ സ്റ്റീല്‍ അതോറിറ്റി സ്വീകരിച്ചില്ല. ഈ കേസില്‍ വസ്തുക്കളുടെ പട്ടിക തയ്യാറാക്കി അവ വിറ്റഴിച്ച് 5 ശതമാനം വക്കീല്‍ ഫീസായി എടുത്തശേഷം ബാക്കി വരുന്ന തുക പ്രത്യേകം അക്കൗണ്ട് തുടങ്ങി ബാങ്കിലടക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ റിസീവര്‍ സൗമിത്രസെന്നായിരുന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ 1983-ലെ 8-ാം നമ്പര്‍ കേസ് പ്രകാരം 1984 ഏപ്രില്‍ 30നാണ് സെന്നിനെ റിസീവറാക്കിയത്.
ഈ കേസിലെ റിസീവറായിരുന്ന സൗമിത്ര സെന്നിനോട് വില്പനയുടെ വിശദവിവരങ്ങളും അതിന്റെ പലശിയും തിരക്കി 2002 മാര്‍ച്ച് 7ന് സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ കത്തയച്ചു. അപ്പോഴേക്കും ഹൈക്കോടതി ജഡ്ജിയായി ഉയര്‍ന്നിരുന്ന സെന്‍ അതിന് മറുപടി നല്‍കിയില്ല. ഇതിനെതിരെ സ്റ്റീല്‍ അതോറിറ്റി കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഒരു അഭിഭാഷകന് മുഖേന ഹാജരാകാനോ തനിക്ക് അറിയാവുന്ന വിവിരങ്ങള്‍ കോടതിയെ ധരിപ്പിക്കാനോ സെന്‍ തയ്യാറായില്ല. സ്റ്റീല്‍ അതോറിട്ടിയുടെ സാധനങ്ങള്‍ വാങ്ങിയവരേയും ബാങ്കുകളേയും കല്‍ക്കത്താ ഹൈക്കോടതി വിളിച്ചുവരുത്തി. 33,22,800 രൂപ വില്പനയില് നിന്ന് ലഭിച്ചതായും അതുമുഴുവന്‍ റിസീവര്‍ തന്റെ പേരിലുള്ള സേവിങ്ങ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ചശേഷം പിന്‍വലിച്ചതായും കോടതി കണ്ടെത്തി. പലിശയടക്കം 57,57,204 രൂപ തിരിച്ചടക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സൗമിത്രസെന്നിനോട് ആവശ്യപ്പെടുകയും അദ്ദേഹം അത് അടക്കുകയും ഉണ്ടായി. ജസ്റ്റിസ് സെന്‍ ഗുപ്തയുടെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സൗമിത്രസെന്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ച് അനുകൂലമായ വിധി കരസ്ഥമാക്കി. കല്‍ക്കത്ത ഹൈക്കോടതി സെന്നിനെ ഔദ്യോഗിക ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും 2006 നവമ്പര്‍ 25ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിവരങ്ങള്‍ കാണിച്ച് കത്തെഴുതുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ഹൈക്കോടതി ജഡ്ജി എസ്.എസ്.നിജാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുകൂടാതെ അന്വേഷണത്തിനായി ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മദ്ധ്യപ്രദേശ് ചീഫ് ജസ്റ്റിസ് എ.കെ.പട്നായിക്, രാജസ്ഥാന് ഹൈക്കോടതി ജഡ്ജി ആര്.എം.ലോധി എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണകമ്മീഷന് രൂപീകരിക്കുകയും ചെയ്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സെന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. താല്‍ക്കാലികമായെങ്കിലും അദ്ദേഹം കണക്കില്‍ കൃത്രിമം കാട്ടിയതിന് ഉദാഹരണമായി 1993 ഫെബ്രുവരി 25 മുതല്‍ 1995 ജനുവരി വരെ ബാങ്ക് അക്കൗണ്ടിലെ വരവ് 2,45,7000 രൂപയും 1995 ഫെബ്രുവരി 28ന് അക്കൗണ്ട് ബാക്കി കേവലം 8,83,963.05 രൂപ മാത്രമായിരുന്നു എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്നിനെതിരെയുള്ള ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ രാജ്യസഭ മൂന്നംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ജഡ്ജി ബി.സുദര്ശന് റെഡ്ഡി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്.നരിമാന്, പഞ്ചാബ് ഹരിയാന ചീഫ് ജസ്റ്റിസ് മുഡ്ഗള്‍ എന്നിവരായിരുന്നു കമ്മറ്റി അംഗങ്ങള്‍. ഭരണഘടനയുടെ 124 (4) വകുപ്പുപ്രകാരം സ്വാഭാവ ദൂഷ്യത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഹാജരുണ്ടായിരുന്ന 206 അംഗങ്ങളില്‍ (രാജ്യസഭയില്‍ 243 അംഗങ്ങളുണ്ട്) 189 പേര് സെന്നിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആഗസ്റ്റ് 24-26 തീയതികളില്‍ പ്രശ്നം ലോക്സഭ ചര്‍ച്ചചെയ്യും. അവിടേയും പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൗമിത്രസെന്നിന് തന്റെ സ്ഥാനം നഷ്ടമാകും.
ഇന്ത്യയില്‍ ആദ്യമായി ഒരു ന്യായാധിപന് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുകയാണ്. 1993-ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് രാമസ്വാമിക്കെതിരെ പാര്‍ലമെന്റില്‍ വിചാരണക്കുള്ള പ്രമേയം വന്നെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതുമൂലം അതു പാസ്സായില്ല. ജസ്റ്റിസ് രാമസ്വാമി സ്ഥാനം രാജവക്കുകയും ചെയ്തു.
രാജ്യം തന്നിലേല്പിച്ച ഉത്തരവാദിത്തത്തെ സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി ഒരു ന്യായാധിപന് ഉപയോഗിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അത്തരമൊരു സംശയത്തിന്റെ മുള്‍മുനയിലാണ് ജസ്റ്റിസ് സൗമിത്രസെന്‍ ഇന്ന് നില്‍ക്കുന്നത്. നീതിപൂര്‍വകമായ വിചാരണയായിരുന്നില്ല താന്‍ നേരിട്ടതെന്നും വലിയ താല്പര്യങ്ങളുടെ ബലിയാടാകുകയായിരുന്നു എന്നുമുള്ള വാദങ്ങള്‍, പണത്തിന്റെ തിരിമറിയും അയഥാര്‍ത്ഥമായ മറുടപിടകളും നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ജസ്റ്റിസ്സിന്റെ കുറ്റങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുപോലും പൊറുക്കാന്‍ വയ്യാത്തതാക്കുന്നു. സീതയുടെ ചാരിത്ര്യത്തില്‍ വിശ്വാസമുണ്ടായിരുന്നിട്ടും ആ പതിവ്രതയെ ജനങ്ങളുടെ ബോധ്യത്തിനായി അഗ്നിശുദ്ധിവരുത്തിയ മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ മാതൃകയാണ് ജനങ്ങള്‍ ജുഡീഷ്യറിയില്‍നിന്നും പ്രതീക്ഷിക്കുന്നത്.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: