ശിവന്റെ അര്ദ്ധനാരീശ്വരസങ്കല്പത്തെ പ്രകീര്‍ത്തിച്ച് രചിച്ച ഒരു അപൂര്‍വ്വ സ്തോത്രമാണ് അര്‍ദ്ധനാരീശ്വരസ്തോത്രം. ഈ സ്തോത്രത്തിലെ എല്ലാ ശ്ലോകങ്ങളും നമഃശിവായൈ ച നമഃശിവായ എന്ന പാദത്തില്‍ അവസാനിക്കുന്നു. ശ്രീപാര്‍വ്വതിദേവിയ്ക്കും ശിവനും യോജിച്ച നിരവധി അപൂര്‍വ്വവിശേഷണവും സമാനവുമായ പുല്ലിംഗസ്ത്രീലിംഗങ്ങളാലും പദപ്രയോഗങ്ങളാലും എട്ടുശ്ലോകങ്ങളും ഒന്നിനൊന്നു ശ്രേഷ്ഠമാണ്.
സ്തോത്രത്തിന്റെ പേരിന് സമാനമായി പകുതിഭാഗത്തെ ശ്രീപാര്‍വ്വതിയായും, ബാക്കി പകുതിയെ മഹാദേവനായും സങ്കല്പിക്കുന്നു. പ്രഥമ ശ്ലോകത്തില്‍ ചെമ്പകപ്പൂവിന്റെ നിറമുള്ള ശിവനേയും വന്ദിക്കുന്നു. രണ്ടാമത്തെ ശ്ലോകത്തിലാകട്ടെ കൃതസ്മരായൈ വികൃതസ്മരായ എന്നീ അപൂര്‍വ്വം പ്രയോഗത്തിലൂടെ കസ്തൂരി, കുങ്കുമം, ചന്ദനം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ പൂശിയവനും ചുടലഭസ്മം പൂശിയവനും കാമദേവനെ നശിപ്പിച്ചവനുമായ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നു. അടുത്ത ശ്ലോകത്തിലാകട്ടെ ശബ്ദിക്കുന്ന വള, കാല്‍ച്ചിലമ്പ് മുതലായവയോടുകൂടിയും സ്വര്‍ണവള അണിഞ്ഞവളായ ശ്രീപാര്‍വ്വതിയേയും സര്‍പ്പഭൂഷിതമായ ഗാംഗദായ എന്നീ അപൂര്‍വ്വ പ്രയോഗത്താല്‍ വിശേഷിപ്പിച്ചിരിക്കുന്നു. സമേക്ഷണായൈ എന്ന് ശ്രീപാര്‍വ്വതിയേയും വിഷമേക്ഷണായ എന്ന് മഹാദേവനേയും സമവിഷമപദങ്ങളെക്കൊണ്ട് വിശേഷിപ്പിച്ച് ലാസ്യനൃത്തം ചെയ്യുന്ന ശ്രീപാര്‍വ്വതിയേയും താണ്ഡവനൃത്തം ചെയ്യുന്നവനും മുക്തിദായകനുമായ ശിവനെയും വന്ദിക്കുന്നു. അഞ്ചാംശ്ലോകത്തിലാകട്ടെ ദിവ്യാംബരായൈ ദിഗംബരായ എന്ന അപൂര്‍വവിശേഷണം പ്രയോഗിച്ചിരിക്കുന്നു. മന്ദാരമാലകളെക്കൊണ്ട് ശോഭിക്കുന്ന കുറുനിരകളുള്ളവരും, പവിത്രമായ വസ്ത്രങ്ങള്‍ ധരിച്ചവളുമായ ശ്രീപാര്‍വ്വതിയും തലയോടുകൊണ്ട് കോര്‍ത്ത മാലധരിച്ചവനും ദിഗംബരനുമായ ഭഗവാനെ പ്രാപിയ്ക്കുന്നു. കാര്‍മേഘം പോലെ കറുത്ത തലമുടിയുള്ള ദേവിയെ നിരീശ്വരായൈ എന്ന പദമുപയോഗിച്ചും ഇടിമിന്നല്‍പ്പിണരിന്റെ ശോഭയുള്ള ജട ധരിയ്ക്കുന്ന മഹാദേവനെ നിഖിലേശ്വരായ എന്ന പദം ഉപയോഗിച്ചും സ്തുതിക്കുന്നു. ഏഴാം ശ്ലോകത്തിലാകട്ടെ ദേവീദേവന്മാരുടെ നേത്രങ്ങളെ നീലോല്പലം, പങ്കേരുഹം എന്നിങ്ങനെ വിശേഷിപ്പിയ്ക്കുകയും പാര്‍വ്വതീപരമേശ്വരന്മാരെ ലോകത്തിന്റെ മാതാപിതാക്കന്മാരായി കല്പിച്ച് ജഗജ്ജനന്യ, ജഗദേകപിത്രേ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അടുത്ത ശ്ലോകത്തിലാകട്ടെ സര്‍വംഗതായൈ സകലംഗതായ എന്ന വിശേഷണത്തോടെ അകത്തും പുറത്തും, മുകളിലും, താഴെയും, മുമ്പിലും പിന്നിലും മദ്ധ്യത്തിലും ദിക്ക് വിദിക്കുകളിലും എല്ലാടിയത്തും എല്ലാറ്റിലും വ്യാപിച്ചുകിടക്കുന്ന ശിവയ്ക്കും ശിവനും സമസ്കാരമര്‍പ്പിക്കുന്നു. ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്ന ഫലശ്രുതിയോടെ അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: