തിരുവനന്തപുരം: റൗഫുമായി ചര്‍ച്ച ചെയ്തത് ഐസ്ക്രീം കേസിനെക്കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നാണ് കെ.എ റൗഫ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
റൗഫ്-വി.എസ് കൂടിക്കാഴ്ചയെ വ്യാഖ്യാനിച്ചുകൊണ്ട് സി.പി.എമ്മിലെ ചില നേതാക്കള്‍ക്കെതിരെ അഭിപ്രായം പറയണമെന്ന് വി.എസ് ആവശ്യപ്പെട്ടുവെന്ന് റൗഫ് മറ്റൊരു ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നതായിട്ടുള്ള വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് വി.എസ് വാര്‍ത്താസമ്മേളനം നടത്തിയത്.
റൗഫുമായി സംസാരിച്ചത് ഐസ്ക്രീം കേസിനെക്കുറിച്ചാണ്. പലതരത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താങ്കള്‍ ഇടപെടണമെന്നുമായിരുന്നു റൗഫ് തന്നോട് ആവശ്യപ്പെട്ടത്. ഈ വിഷയങ്ങള്‍ എഴുതിത്തന്നാല്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വി.എസ് പറഞ്ഞു.
സ്വത്ത് കേസ് അടക്കമുള്ള വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ അത് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെയാണ് വിവാദങ്ങളുമായി രംഗത്ത് വരുന്നത്. ഉന്നത നീതിപീഠം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ഐസ്ക്രീം കേസില്‍ നിന്നും അദ്ദേഹത്തിന് മോചനമുണ്ടാവില്ല.
നല്ല വ്യാഴവട്ടക്കാലത്ത് കൊച്ചു പെണ്‍കുട്ടികളെ പി.കെ കുഞ്ഞാലിക്കുട്ടി എങ്ങനെ ഉപയോഗിച്ചു എന്നതിന് കേരളത്തില്‍ എല്ലാ രേഖകളും ഉണ്ടെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഈ രേഖകള്‍ തിരുത്താന്‍ ജഡ്ജിമാരെയും പോലീസിനെയും സ്വാധീനിച്ചതിനും തെളിവുണ്ട്. കോഴിക്കോട്ട് രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന്റെയും സാക്ഷികളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് ഇവര്‍ക്കുള്ളതെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
നിസ്സാര്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സ്വാധീനം ഉപയോഗിച്ച വിദ്വാനാണ് കുഞ്ഞാലിക്കുട്ടിയെന്നും ചാനലുകളെ സ്വാധീനിച്ച് തനിക്കെതിരെ അദ്ദേഹം നീക്കം നടത്തുകയാണെന്നും വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: