കൊച്ചി: ജില്ലാ ആന്റി റാഗിംഗ് സമിതിയില്‍ ഉന്നത പോലീസ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ ആന്റി റാഗിംഗ് സമിതി വിലയിരുത്തി. ഇതിന്റെ ഭാഗമായി പോലീസിന്റെ സഹായം റാഗിംഗുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്ക് കൂടി ആവശ്യപ്പെടും. നിലവില്‍ ആവശ്യപ്പെടുന്ന കോളേജുകള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്നും ക്ലാസ്സുകളും സെമിനാറുകളും നല്കി വരുന്നുണ്ട്.
ജില്ലാ ആന്റി റാഗിംഗ് സമിതിക്ക് പുറമെ കോളേജ് തലങ്ങളില്‍ ആന്റി റാഗിംഗ് സ്ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സ്ക്വഡില്‍ കൂടി പോലീസിനേയും നിയമ പരിജ്ഞാനമുള്ളവരേയും ഉള്‍പ്പെടുത്താനാണ് ജില്ലാ സമിതിയുടെ തീരുമാനം. അതിനായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹായം തേടും. റാഗിംഗ് പ്രവൃത്തികള്‍ ഇല്ലാതാക്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനാന്തരീക്ഷത്തില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ജില്ലാ ആന്റി റാഗിംഗ് സമിതിയുടെ ലക്ഷ്യം.
ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള റാഗിംഗിന് പുറമെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മറ്റു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നതും സമിതി നിരീക്ഷിക്കും. ഇതിനായി കോളേജുകളില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും തീരുമാനിച്ചു. കോളേജ് ഹോസ്റ്റലുകളിലടക്കം സ്ക്വാഡിന്റെ പരിശോധന വ്യാപിപ്പിക്കും. സമിതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാതാപിതാക്കളേയും ബോധവല്‍കരിക്കും. ബോധവല്കരണ പരിപാടികള്‍ക്കായി വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ക്ലാസ്സിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കും ബോധവല്കരണ പരിപാടി സംഘടിപ്പിക്കുക. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളും തമ്മിലുള്ള അന്തരം കുറക്കുന്നതിനായി ഇവരെ ഏകോപിപ്പിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് പതിവ്. കോളേജുകളും പുതു വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഹോസ്റ്റല്‍, ബസ്, വാര്ഡന് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയതായി സമിതി വിലയിരുത്തി. റാഗിംഗ് കേസുകള്‍ പരഗണിക്കുമ്പോള്‍ പ്രധാനധ്യപകര് പരാതികള്‍ എഴുതി വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അിറയിച്ചു. അല്ലാത്ത പക്ഷം റാഗിംഗിനരയായ വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദം ചെലുത്തി പരാതികള്‍ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുമെന്നും മുന്നറിയിപ്പ് നല്കി. പ്രാഥമിക അന്വേഷണത്തിന് ശേഷം ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
റാഗിംഗ് തടയുന്നതിന്റെ ഭഗമായി കോളേജുകളില്‍ ആന്റി റാഗിംഗ് സ്ക്വാഡ് നമ്പറുകള്‍, ബന്ധപ്പെട്ട പോലീസ് മേധാവികളുടെ നമ്പറുകള്‍, ആന്റി റാഗിംഗ് പ്രസിദ്ധീകരണങ്ങള്‍, റാഗിംഗ് നടത്തുന്നവര്‍ക്കെതിരെ എടുക്കാന്‍ സാധ്യതയുള്ള കേസുകളുടെ വിവരങ്ങളും ശിക്ഷകള്‍ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രൈവറ്റ് ഹോസ്റ്റലുകള്‍ പോലീസിന്റെ രജിസ്ട്രേഷന് നടത്തേണ്ടതുണ്ട്. അവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നത് പോലീസ് നിരീക്ഷിക്കും.
എന്നാല്‍ വിരോധം തീര്‍ക്കുന്ന തരത്തില്‍ തെറ്റായി ആരെങ്കിലും പരാതി സമര്‍പ്പിച്ചത് തെളിഞ്ഞാല്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിലവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ റാഗിംഗ് കേസുകള്‍ ജില്ലയില്‍ കുറഞ്ഞതായി ജില്ലാ ആന്റി റാഗിംഗ് സമിതി വിലയിരുത്തി. എന്തെങ്കിലും കേസുകള്‍ വരുമ്പോള്‍ മാത്രം സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതിന് പകരം നിരന്തരം കോളേജുകളില്‍ നിരീക്ഷണം നടത്തണം. അവയുടെ പ്രവൃത്തി വിലയിരുത്താന്‍ സമിതി മൂന്നു മാസത്തില്‍ ഒരിക്കല്‍ കൂടാനും ജില്ലാ ആന്റി റാഗിംഗ് സമിതിയില്‍ തീരുമാനമായി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.കെ.സുജാതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആന്റി റാഗിംഗ് സമിതിയില്‍ ജില്ലയിലെ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ഡെ.സൂപ്രണ്ട് ഓഫ് പോലീസ് കെ.വി.വിജയന്, നാര്‍ക്കോട്ടിക്ക് സെല്‍ പി.എം.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: