Categories: Ernakulam

അംഗന്‍വാടി ജീവനക്കാര്‍ ഓഫീസറെ ഘരാവോ ചെയ്തു

Published by

മട്ടാഞ്ചേരി: അനധികൃത നിയമനത്തെത്തുടര്‍ന്ന്‌ അംഗന്‍വാടി താല്‍ക്കാലിക ജീവനക്കാര്‍ മട്ടാഞ്ചേരി ശിശുവികസന പദ്ധതി ഓഫീസറെ ഘരാവോ ചെയ്തു. മട്ടാഞ്ചേരി സോണല്‍ ഓഫീസില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഘരാവോയില്‍ സിഡിപിഒ ശ്രീജിപ്തയെ തടഞ്ഞുവെച്ചു. വര്‍ഷങ്ങളായി താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്ത തൊഴിലാളികളുടെ സീനിയോരിറ്റി ലിസ്റ്റ്‌ മറികടന്നാണ്‌ നിയമനം നടത്തിയത്‌. മെയ്‌ 20ന്‌ ശിശുക്ഷേമവകുപ്പ്‌ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നുള്ളവരെ ഒഴിവാക്കി, ഇഷ്ടക്കാരായ മൂന്ന്‌ പേരെയാണ്‌ നിയമിച്ചതെന്ന്‌ അംഗന്‍വാടി ജീവനക്കാര്‍ പറഞ്ഞു.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്‌ ഉത്തരവിനായി ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ്സ്‌ പിന്‍വലിച്ചാല്‍ സ്ഥിരപ്പെടുത്താമെന്ന്‌ സിഡിപി ഓഫീസര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന്‌ കേസ്‌ പിന്‍വലിക്കുകയായിരുന്നുവെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. 180 ദിവസത്തില്‍ കൂടുതല്‍ ജോലിചെയ്തവരെ നിയമികുന്നതിനാണ്‌ സാമൂഹ്യക്ഷേമ വകപ്പ്‌ നിര്‍ദ്ദേശിച്ചത്‌. ഇത്‌ മറികടന്നായിരുന്നു നിയമനം.

നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി നിയമനം നഗരസഭാ ലിസ്റ്റില്‍ നിന്നായിരിക്കണമെന്നിരിക്കെ ഓഫീസറുടെ നടപടി പ്രതിഷേധമര്‍ഹിക്കുന്നതായി കൗണ്‍സിലര്‍ ടി.കെ. അഷറഫ്‌ പറഞ്ഞു. നിയമനത്തിന്‌ ഓഫീസര്‍ക്ക്‌ അധികാരമില്ലെന്ന്‌ കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by