മട്ടാഞ്ചേരി: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയോടനുബന്ധിച്ചുള്ള ജനസമ്പര്‍ക്ക പരിപാടി തുടക്കത്തിലേ പാളി. എറണാകുളം ജില്ലയിലെ ആദ്യപരിപാടിയായിരുന്നു കൊച്ചിയിലേത്. കൊച്ചി താലൂക്ക് ഓഫീസിലെ ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന കൊച്ചിയിലെ കോണ്‍ഗ്രസ് എംഎല്‍എ പങ്കെടുത്തില്ല. ജില്ലാ കളക്ടര്‍ വൈകിയെത്തി. ഇതര റവന്യൂ ഉദ്യോഗസ്ഥരാകട്ടെ കാര്യമായി പ്രവര്‍ത്തിച്ചിട്ടുമില്ല. ഒടുവില്‍ ജനകീയ പരാതികളില്‍ വ്യക്തമായ തീര്‍പ്പുണ്ടാകാതെ അരമണിക്കൂര്‍ മാത്രമായുള്ള ചടങ്ങായി ജനസമ്പര്‍ക്ക പരിപാടി മാറി.
കൊച്ചി, കണയന്നൂര്‍, പറവൂര്‍, ആലുവ താലൂക്കുകളിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൊച്ചിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ക്ഷണിച്ചത്. ആഗസ്റ്റ് 12 വരെ പരാതികള്‍ സ്വീകരിച്ച് വിധിനിര്ണ്ണയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പരിപാടിയില്‍ എത്തിയ നൂറോളം പരാതികളില്‍ 65 എണ്ണവും ധനസഹായ വിതരണത്തിന്റേതായിരുന്നു. ഇതിന് വകുപ്പുതല നടപടികള്‍ പൂര്‍ത്തിയാക്കിയതുമാണ്. പിന്നീടുള്ള 30ഓളം പരാതികളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ള തീരുമാനമാണ് കൈക്കൊണ്ടതെന്ന് ആര്‍ഡിഒ ഷാനവാസ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീതിന്റെ സാന്നിധ്യത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കളക്ടര്‍ വൈകിയെത്തിയത് ജനങ്ങള്‍ പരാതിയായി നേരിട്ടറിയിക്കുകയും ചെയ്തു. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമാക്കിയതായാണ് ജനങ്ങള്‍ പറഞ്ഞത്. പുതുവൈപ്പിനിലെ വില്ലേജാഫീസില്‍ വയോവൃദ്ധന് നല്കിയ പരാതി സമ്പര്‍ക്ക പരിപാടിയില്‍ എത്തിയില്ല. ഇടപ്പള്ളിയിലെ റണദേവ് റോഡിലെ ഡോ. ബാലചന്ദ്രന് വീടിന് ഭീഷണിയുള്ള രണ്ട് തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിനായി നല്കിയ പരാതിപോലും തീര്‍പ്പായില്ല. 2007-ല്‍ നല്കിയ ആദ്യ പരാതി തീര്പ്പാകാത്തതിനെത്തുടര്ന്ന് 2008 ജൂണില്‍ ഹൈക്കോടതിയില്‍ നിന്ന് ഡോക്ടര്‍ക്ക് അനുകൂലമായ വിധി വന്നിരുന്നു. തുടര്‍ന്ന് മൂന്നുവര്‍ഷം പിന്നിട്ടിട്ടും നടപടിയാകാത്തത് മൂലമാണ് ജനസമ്പര്‍ക്ക പരിപാടിയിലെത്തിയതെന്ന് ബാലചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: