ശഠനോട് ശാഠ്യം’ എന്നതാണ് പ്രമാണം. അതു വച്ചു നോക്കുമ്പോള്‍ ഇന്നലെ അണ്ണാ ഹസാരെ പറഞ്ഞത് നന്നായി. ജനലോക്പാല്‍ ബില്‍ പാസാക്കുന്നതു വരെ രാംലീല മൈതാനം വിട്ടു പോകരുതെന്നാണ് ജനസഹസ്രങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തത്. ദിവസങ്ങളോളം തര്‍ക്കിച്ചും സമരം നടത്തിയുമാണ് അദ്ദേഹത്തിന് ഒരു സമരവേദി തലസ്ഥാനനഗരിയില്‍ നേടിയെടുക്കാനായത്. അതും വെടിക്കോപ്പും വാരിക്കുന്തവും കത്തി, കഠാരി, കുറുവടി ഇത്യാദികളൊന്നുമില്ലാത്ത തികച്ചും സമാധാനപരമായ അഹിംസാ സമരത്തിന്. രണ്ടാഴ്ച മാത്രമാണ് സമരവേദി അനുവദിക്കപ്പെട്ടിട്ടുള്ളത്. ആ ധാരണ തെറ്റിദ്ധാരണയാണെന്നു ബോധ്യപ്പെടുത്താനാണ് രാംലീല മൈതാനിയില്‍ കാലുകുത്തിയപ്പോള്‍ തന്നെ അണ്ണാ ഹസാരെ ശ്രമിച്ചിരിക്കുന്നത്. വാക്കു പാലിക്കുന്നതില്‍ ഒട്ടും മര്യാദ കാണിക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അഴിമതിക്കെതിരെ സമരം നടത്തുന്നവരെ അധിക്ഷേപിക്കുകയും അഴിമതിക്കാരാക്കുകയും പറ്റുമെങ്കില്‍ അഴിയെണ്ണിക്കാന്‍ വഴി നോക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സ്വാമി രാംദേവ് സമരം നടത്തിയപ്പോള്‍ അദ്ദേഹത്തെ കള്ളസ്വാമിയെന്ന് മുദ്രകുത്താന്‍ നോക്കി. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. ഒറ്റ ദിവസം കൊണ്ട് തന്റെ ഇടപാടുകളുടെ മുഴുവന്‍ കണക്കുകളും സമൂഹത്തിനു മുമ്പില്‍ തുറന്നു വച്ച് രാംദേവ് തിരിച്ചടിച്ചതു കൊണ്ടു മാത്രം അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടില്ല. ഇപ്പോഴിതാ അണ്ണാഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന “മഹാ അപരാധം” ചെയ്തതിനാല്‍ ശ്രീശ്രീ രവിശങ്കറിന് ഭീഷണി ഉയര്‍ന്നിരിക്കുന്നു. എല്ലാം പിടിച്ചടക്കും. റെയ്ഡ് നടത്തും. കണ്ണും വായും പൂട്ടി നമശ്ശിവായും ജപിച്ച് ആശ്രമത്തിലൊതുങ്ങിയിരിക്കാനാണ് തിട്ടൂരം. അത്തരം നിലപാടു സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനോട് മര്യാദ കാണിച്ചിട്ടു കാര്യമില്ല.
അനിശ്ചിതകാല നിരാഹാരത്തിന് മുന്‍കൂട്ടി അവധി നിശ്ചയിക്കുന്നത് കേട്ടു കേള്വിയില്ലാത്തതാണ്. പരദേശിയായ വെള്ളക്കാരന് പോലും ഇന്ത്യാക്കാരന് നിരാഹാരം ഇരിക്കേണ്ട മണിക്കൂറിത്രയെന്ന് നിശ്ചിയിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ഗാന്ധിജിക്ക് ഒരിക്കലും നിരാഹാരമാര്ഗം സ്വീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. സായ്പ് തയ്യാറാകാത്ത സാഹസങ്ങള്‍ക്കാണ് മദാമ്മയുടെ കോണ്‍ഗ്രസ് മുതിര്‍ന്നിരിക്കുന്നത്. മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് വീരമൃത്യു വരിച്ച ദേശാഭിമാനികളുടെ നാടാണിത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം സ്വായത്തമായത് ഒരു നിരാഹാര മരണം കൊണ്ടാണല്ലോ. പോറ്റി ശ്രീരാമലു ആന്ധ്ര സംസ്ഥാനത്തിനു വേണ്ടിയാണ് നിരാഹാരം കിടന്ന് മരിച്ചത്. അദ്ദേഹം അങ്ങനെയൊരു സഹനസമരം നടത്തിയില്ലായിരുന്നുവെങ്കില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം സ്വാതന്ത്ര്യത്തിനു ശേഷം ദശാബ്ദങ്ങള്‍ കഴിഞ്ഞേ നടപ്പാകുമായിരുന്നുള്ളൂ. 59 ദിവസമാണ് ജലപാനം പോലുമില്ലാതെ പോറ്റി ശ്രീരാമലു നിശ്ചദാര്‍ഢ്യത്തോടെ സമരവേദിയില്‍ പൊരുതി നിന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനകം (1953) ആന്ധ്രാ സംസ്ഥാനം രൂപീകൃതമാവുകയും ചെയ്തു.
അണ്ണാ ഹസാരെ മരണം വരെ ഉപവസിക്കുമെന്നല്ല പറഞ്ഞത്. ജനലോക്പാല്‍ ബില്‍ നിയമമാകും വരെ സമരം എന്നാണ്. അതു വേണമെന്നു തന്നെയാണ് അഴിമതി അസ്ഥിയോടൊട്ടി നില്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെല്ലാം ആഗ്രഹിക്കുന്നത്. ആവശ്യപ്പെടുന്നതും അതു തന്നെ. ഏപ്രിലില്‍ തുടങ്ങിയ സമരം കേന്ദ്രസര്‍ക്കാര്‍ ഉപായത്തില്‍ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നല്ലോ. അതൊരു കെണിയായിരുന്നു എന്ന് അന്നേ തിരിച്ചറിഞ്ഞതായിരുന്നു. പക്ഷേ ശുദ്ധാത്മാക്കളായ യഥാര്‍ഥ ഗാന്ധിയന്മാര് അഭിനവ ഗാന്ധിയന്മാരില് പ്രതീക്ഷ അര്‍പ്പിച്ചു. അവര്‍ പുറങ്കാല് കൊണ്ട് ആഞ്ഞു തൊഴിച്ചപ്പോഴാണ് ഇക്കണ്ടതൊന്നും കണക്കല്ല എന്ന തിരിച്ചറിവുണ്ടായത്. തുടര്‍ന്ന് വീണ്ടും സമരത്തിനൊരുങ്ങുകയായിരുന്നു. പ്രധാനമന്ത്രിയെ കൂടി ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ബില്‍ കൊണ്ടു വന്നില്ലെങ്കില്‍ സമരമെന്ന് അണ്ണാ ഹസാരെ അന്നേ പറഞ്ഞിരുന്നു. ‘പാര്‍ക്കലാം’ എന്ന ചിദംബരത്തിന്റെ ഉറപ്പും ‘ഇപ്പം ശരിയാക്കാം’ എന്ന കപില്‍ സിബിലിന്റെ വാഗ്ദാനവും പാഴ്വാക്കാണെന്നറിഞ്ഞതോടെ ആഗസ്ത് 16ന് സമരം തുടങ്ങാനിരിക്കെയാണ് ദുശ്ശാഠ്യവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങിയത്.
അഴിമതിയില്‍ ദശമുഖന്മാരും അധാര്‍മികതയില്‍ ദുശ്ശാസനന്മാരുമായ ഭരണക്കാര്ക്കെതിരായ പോരാട്ട വേദി ഒടുവില്‍ രാംലീലാ മൈതാനം തന്നെയായത് യാദൃച്ഛികമാണെങ്കിലും എന്തുകൊണ്ടും അനുയോജ്യമായി. രാംലീലാ മൈതാനം എന്നാണ് രാജ്യമാകെ ഇതിനെ ഇന്ന് അറിയപ്പെടുന്നതെങ്കിലും യഥാര്‍ഥ പേര് ലങ്കാ മൈതാനം എന്നാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ മധ്യത്തിലാണിത്. നാലുഭാഗത്തും വന്‍ മതിലുകളും രണ്ടു പടുകൂറ്റന്‍ കവാടങ്ങളുമുള്ള മൈതാനത്തെ രാവണന്‍കോട്ടയായി സങ്കല്പിച്ചാല് അവിടെത്തന്നെയാണ് രാമ-രാവണ യുദ്ധം അരങ്ങേറേണ്ടത്. എല്ലാ വര്‍ഷവും വിജയദശമി ദിവസത്തില്‍ രാംലീല അരങ്ങു തകര്‍ക്കുന്ന മൈതാനിയില്‍ രാവണന്റെ കോലം ചാമ്പലാകാറുണ്ട്. പ്രതീകാത്മകമായ ഈ പ്രക്രിയയെ സ്മരിച്ചു കൊണ്ട് സമരം മുന്നേറുമ്പോള്‍ അധാര്‍മികതയുടെ ദശാനനന്മാരായ യുപിഎ സര്‍ക്കാരിന്റെ ‘ലങ്കാ ദഹനം’ തന്നെ നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തിഹാര്‍ ജയില്‍ വിട്ട് അണ്ണാ ഹസാരെ രാംലീല മൈതാനത്തു നിരാഹാരസമരം തുടരുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ നിയമാനുസൃതമുള്ള നടപടി നേരിടാന്‍ തയാറാണെന്ന് ഹസാരെ സംഘം രേഖാമൂലം ഉറപ്പു നല്കി എന്നാണ് അധികൃതരുടെ അവകാശ വാദം. ലോക്പാല്‍ ബില്ലില്‍ ജുഡീഷ്യറിയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്ന് സമ്മതിച്ചതായും പറയുന്നു. നിരാഹാരമിരുന്ന തിഹാര്‍ ജയിലിനു മുന്നിലും രാംലീല മൈതാനത്തും ഹസാരയ്ക്കു പിന്തുണയുമായി നൂറുകണക്കിന് അനുയായികളെത്തി. തര്‍ക്കം അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ മധ്യദല്‍ഹിയിലെ വിവിധ മേഖലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ഹസാരെ സംഘത്തിലെ കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ് തുടങ്ങിയവര്‍ ദല്‍ഹി പോലീസ് കമ്മിഷണര്‍ ബി.കെ. ഗുപ്തയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് രൂപപ്പെട്ടത്. കനത്ത മഴയില്‍ മൈതാനത്തു രൂപപ്പെട്ട ചെളിക്കുണ്ട് ഒഴിവാക്കി സൗകര്യമൊരുക്കിയത് ദല്‍ഹി കോര്‍പറേഷനാണ്. പ്രതിഷേധ സമരങ്ങള്‍ സംബന്ധിച്ച് 2009 ലെ സുപ്രീംകോടതി വിധിയിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാകണം നിരാഹാരം എന്ന നിബന്ധനയോടെയാണ് സമരത്തിനായി സപ്തംബര്‍ രണ്ടു വരെ രാംലീല മൈതാനം അനുവദിച്ചത്. മൈതാനത്തിന്റെ ശേഷി അനുസരിച്ച് 25,000 പേരില്‍ അധികം സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. രാത്രി 10 നു ശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുത്. കുടിവെള്ളം, സഞ്ചരിക്കുന്ന ശൗചാലയങ്ങള്‍, വെളിച്ചം, പ്രഥമശുശ്രൂഷ തുടങ്ങിയവ സംഘാടകര്‍ ഒരുക്കണം. ലാത്തിയോ മറ്റ് ആയുധങ്ങളോ മൈതാനത്തിനുള്ളില്‍ കടത്തരുത്. പ്രകോപനപരമായ പ്രസംഗങ്ങളും മുദ്രാവാക്യവും അനുവദനീയമല്ല. പൊതുജനങ്ങളുടെ സുരക്ഷ സംഘാടകര്‍ ഗൗരവത്തോടെ കാണണം. ക്രമസമാധാനപാലനത്തില്‍ പോലീസിന്റെയും ഗതാഗത നിയന്ത്രണത്തില്‍ ട്രാഫിക് പോലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രകടനങ്ങള്‍ അടുത്തുള്ള റോഡുകളിലെ ഗതാഗതത്തെ ബാധിക്കരുത്. അനുയായികളെത്തുന്ന വാഹനങ്ങളുടെ നീക്കത്തിനും ട്രാഫിക് പോലീസിന്റെ നിയന്ത്രണമുണ്ടായിരിക്കുമെന്നും നിബന്ധനകളില്‍ പറയുന്നു.
ഇപ്പറഞ്ഞ നിബന്ധനകള്‍ അടിച്ചേല്പിക്കാതെ സ്വയം നിയന്ത്രണവുമായി സമരത്തിനെത്തിയവരാണ് ദല്‍ഹിയില്‍ അഴിമതി വിരുദ്ധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങളായി ഊണും ഉറക്കവും രാവും പകലും ഒന്നുമില്ലാതെ സമരരംഗത്തുള്ള ചെറുപ്പക്കാരടക്കമുള്ള പ്രവര്‍ത്തകര്‍ ഒരു ബസ്സിന്റെ ചില്ലു പോലും എറിഞ്ഞുടച്ചിട്ടില്ല. ഒരു സൈക്കിളിന്റെ കാറ്റു പോലും അഴിച്ചു വിട്ടില്ല. യൂത്തു കോണ്‍ഗ്രസുകാരാണ് സമരം നടത്തിയിരുന്നെങ്കില്‍ കത്തിയെരിഞ്ഞ ബസുകളുടെ കണക്കെത്രയാകും ? ഉടുവസ്ത്രമില്ലാതെ ഓടേണ്ടി വരുന്ന യുവതികളെത്രയാകും ? ഇതൊക്കെ എത്രയോ തവണ നാടു കണ്ടതല്ലേ! മുടന്തന്‍ ന്യായങ്ങളും മുട്ടാപ്പോക്കു രാഷ്ട്രീയവും പറഞ്ഞ് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിന് ഇനി സാധ്യമല്ല. രാജ്യമാകെ ഉണര്‍ന്നു കഴിഞ്ഞു. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കാമെന്ന് ഇനി ആശിക്കേണ്ട. അവര്‍ക്കുള്ള സ്ഥാനം ജയിലറകളാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പലര്‍ക്കും വഴി തുറക്കപ്പെടുന്നത് ജയിലറകളിലേക്കാണ്. അവര്‍ക്ക് സുഗമമായി തടവറയിലേക്കെത്തുന്നതിന് സാഹചര്യമൊരുക്കാനുള്ള പ്രയത്നം രാജ്യമാകെ ദേശസ്നേഹികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ബിജെപിയുണ്ട്. ഈ സമരത്തിന്റെ പ്രാധാന്യം എത്രത്തോളമെന്ന് വിളിച്ചറിയിക്കുന്നതാണ് മെട്രോ നഗരങ്ങളില്‍ ഒരു പുരുഷായുസ്സിലധികമായി ഉച്ചഭക്ഷണ വിതരണത്തിലേര്പ്പെട്ടു കൊണ്ടിരുന്ന ഡബ്ബാവാലകള്‍ സമരത്തിനിറങ്ങിയത്. അണ്ണാ ഹസാരയ്ക്ക് പിന്തുണ നല്കി മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളിലെ ഡബ്ബാവാലകള്‍ ജോലി ബഹിഷ്കരിച്ചു. പ്രളയകാലത്തോ ഭീകരാക്രമണ കാലങ്ങളിലോ ഈയൊരു സ്ഥിതി വിശേഷം ഉണ്ടായിട്ടില്ല. കണ്ടാലും കൊണ്ടാലും പഠിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരാ കാലം നിങ്ങള്‍ക്ക് മാപ്പു തരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: