ആറര പതിറ്റാണ്ടു തികയുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് ജഡ്ജ് ഇംപീച്ച് ചെയ്യപ്പെടുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കി. സിപിഎം നേതാവ് സീതാറാം യെച്ചൂരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി എന്നിവര്‍ സമര്‍പ്പിച്ച രണ്ട് പ്രമേയങ്ങളാണ് ഇംപീച്ച്മെന്റ് നടപടികള്‍ക്കായി സഭ തിരഞ്ഞെടുത്ത് ചര്‍ച്ച ചെയ്ത് പാസ്സാക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതിന് മുമ്പ് കുറ്റവിചാരണ നടപടിയുണ്ടായിട്ടുണ്ടെങ്കിലും പാര്‍ലമെന്റിന്റെ ഒരു സഭയില്‍ ഒരു ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് നടപടി പൂര്‍ത്തിയായിരുന്നില്ല. കോണ്‍ഗ്രസും ജസ്റ്റിസ് സെന്നിനെതയിരായ പ്രമേയത്തെ അനുകൂലിച്ചു. രാജ്യസഭാ ഇംപീച്ച്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നടപ്പ് സമ്മേളനത്തില്‍ ലോക്സഭയും ജഡ്ജിക്കെതിരായ നടപടിക്കുള്ള പ്രമേയം പാസാക്കിയെങ്കില്‍ മാത്രമേ സെന്നിനെ നീക്കാന്‍ സാധിക്കൂ. രാഷ്ട്രപതിയാണ് അന്തിമ നടപടി സ്വീകരിക്കേണ്ടത്. ആഗസ്റ്റ് 24 ഓടു കൂടി ലോക്സഭയില്‍ ഇക്കാര്യത്തിനുള്ള പ്രമേയം അവതരിപ്പിക്കും. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് സെന്‍ സ്വകാര്യ കമ്പനികളെ സഹായിച്ചുകൊണ്ട് അനധികൃത ധനനിക്ഷേപം നടത്തിയെന്നതാണ് മുഖ്യപരാതി.
ഇത് കൂടാതെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ പരാതിപ്രകാരം ആരംഭിക്കാനിരിക്കുന്ന ഇംപീച്ച്മെന്റ് നടപടികളെ സെന്‍ അധികാര സമ്മര്‍ദ്ദമുപയോഗിച്ച് തടഞ്ഞതായും ആരോപണമുണ്ട്. ജസ്റ്റിസ് സെന്നിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരടങ്ങുന്ന സമിതി ഇദ്ദേഹത്തിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ തീരുമാനമായത്. 17നെതിരെ 172 രാജ്യസഭാംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്. 209 അംഗങ്ങള്‍ സഭയില്‍ ഹാജരായെങ്കിലും 189 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഹാജരുള്ള എംപിമാരുടെ പകുതിയും വോട്ടു ചെയ്തവരുടെ മൂന്നില്‍ രണ്ടും പിന്തുണ ലഭിച്ചാല്‍ പ്രമേയം പാസ്സാകും. 1990ല്‍ ഹൈക്കോടതി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (സെയില്‍) ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ സെന്നിനെ റിസീവറായി നിയമിച്ചിരുന്നു. അന്ന് ഇദ്ദേഹം അഭിഭാഷകനായിരുന്നു. കേസിലുള്‍പ്പെട്ടതും റിസീവറുടെ പക്കല്‍ സൂക്ഷിക്കാന്‍ ലഭിച്ചതുമായ 24 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ഒരു കേസ്. മറ്റൊരു അക്കൗണ്ടില്‍ സൂക്ഷിച്ച തുക കോടതി ഇടപെട്ടപ്പോഴാണ് തിരിച്ചടച്ചത്. പണം തിരിച്ചടച്ചതും കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതും ജഡ്ജിയായതിനു ശേഷമാണ്. സെന്നിനെ കുറ്റവിചാരണ ചെയ്യണമെന്ന് ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന് മൂന്നു വര്‍ഷം മുമ്പാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിശോധിക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ നിയോഗിച്ച മൂന്നംഗ കമ്മീഷനും ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് നടപടികളിലേക്ക് നീങ്ങിയത്.
തന്റെ ഭാഗം ന്യായീകരിക്കാന്‍ പാര്‍ലമെന്റിലെത്തിയ സെന്‍ ചീഫ് ജസ്റ്റീസിനെ പോലും വ്യക്തിപരമായി കടന്നാക്രമിക്കാന്‍ മടിച്ചില്ല. കുറ്റങ്ങളെല്ലാം നിഷേധിക്കുമ്പോള്‍ തന്നെ മറ്റു ജഡ്ജിമാര്‍ക്കെതിരെ പരാതി പറയാനും അദ്ദേഹം മുതിര്‍ന്നു. ഏതായാലും മുഖ്യരാഷ്ട്രീയ കക്ഷികളെല്ലാം സെന്നിനെതിരെ ഒരേ നിലപാടു സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് കള്ളക്കളി നടത്തുമോ എന്ന സംശയം വ്യാഴാഴ്ച ഉച്ചവരെയും നിലനിന്നു. ഒടുവില്‍ ബിഎസ്പി ഒഴികെയുള്ള കക്ഷികളെല്ലാം പ്രമേയങ്ങളെ അനുകൂലിച്ചു.1993 ജസ്റ്റീസ് രാമസ്വാമിക്കെതിരെ ലോക്സഭ ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങിയതോടെ പ്രമേയം പാസ്സായില്ല. നടപടി പാതി വഴിക്കായി. ജനാധിപത്യ നടപടിക്രമങ്ങളില്‍ അഴിമതിയും ക്രമക്കേടുകളും സര്‍വസാധാരണമാണെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ സന്ദര്‍ഭങ്ങളിലെല്ലാം ജനങ്ങള്‍ക്ക് ആശയും ആശ്വാസവും നല്കിക്കൊണ്ടിരുന്നത് കോടതികളാണ്. ആ കോടതിക്ക് പുഴുക്കുത്തുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടായിക്കൂടാ. അതിനു ശ്രമിക്കുന്ന കള്ളനാണയങ്ങള്‍ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും അവര്‍ക്കെതിരെ നിഷ്കരുണവും നിര്‍ദാക്ഷിണ്യവുമായ നടപടി സ്വീകരിച്ചേ മതിയാകൂ. അങ്ങനെ വരുമ്പോള്‍ അഹന്തയും അഴിമതിയും നടത്തിയെന്ന് അന്വേഷണങ്ങളിലെല്ലാം തെളിഞ്ഞ സാഹചര്യത്തില്‍ സൗമിത്ര സെന്നിനെതിരായ നടപടി ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യവും മാതൃകാപരവുമാണ്.
ഈണങ്ങളുടെ ജോണ്സണ്
മലയാള ഗാനസംഗീതത്തിന് ഒരു നഷ്ടം കൂടി. പ്രിയസംഗീതസംവിധായകന് ജോണ്‍സണും വിടവാങ്ങിയിരിക്കുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. മുന്നൂറിലധികം സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തലസംഗീതവും നല്കിയ ജോണ്സണ് മാഷ് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായാണ് 1970കളില്‍ സിനിമാരംഗത്തേക്കെത്തുന്നത്. ഭരതന് സംവിധാനം ചെയ്ത ആരവം, തകര, ചാമരം എന്നീ സിനിമകള്‍ക്കു പശ്ചാത്തലസംഗീതം നിര്‍വഹിച്ചു ശ്രദ്ധേയനായി. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി. 1994ല്‍ പൊന്തന്മാടയിലൂടെയും 1995ല്‍ സുകൃതത്തിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെ ദേശീയ അവാര്‍ഡു നേടി. പശ്ചാത്തലസംഗീതത്തിനു ദേശീയ അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയെന്ന ബഹുമതിയും ജോണ്‍സനാണ്. മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
മലയാള സിനിമാ വ്യവസായത്തിനു മാത്രമല്ല ആസ്വാദകര്‍ക്കും ആശയും ആവേശവും സൃഷ്ടിച്ച രവീന്ദ്രന് മാസ്റ്ററുടെ വിയോഗം ഉണ്ടാക്കിയ വേദന വിട്ടുമാറും മുമ്പെ ജോണ്‍സന്റെ വേര്‍പാടും തീരാദുഃഖം തന്നെയാണ്. ഇത്തരം പ്രതിഭകളുടെ ആത്മാവ് ദേവസന്നിധിയിലണയുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: