Categories: Kerala

ദേവാംഗനങ്ങള്‍ കയ്യൊഴിഞ്ഞ താരകം….

Published by

മലയാളത്തിന്‌ ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍. എഴുപതുകളില്‍ ദേവരാജന്‍മാസ്റ്ററുടെ സഹായിയായി തുടങ്ങി, പിന്നീട്‌ ഗുരുവിനെ വെല്ലുന്ന സംഗീതസംവിധായകനായി അദ്ദേഹം മാറി. ദേവരാജ സംഗീതത്തിന്റെ ഭാവവും താളവുമായിരുന്നു ജോണ്‍സന്റെയും സംഗീതത്തിന്റെ മുഖമുദ്ര. മലയാളി പെട്ടെന്ന്‌ ആകര്‍ഷിക്കപ്പെടുന്ന ഈണങ്ങള്‍ അദ്ദേഹത്തിനു ചിട്ടപ്പെടുത്താനായി.

നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളിയിലെ ഗായകനില്‍ നിന്ന്‌ ഭാരതമറിയുന്ന സംഗീത സംവിധായകനെന്ന നിലയിലേക്കുള്ള ജോണ്‍സന്റെ വളര്‍ച്ച സംഗീതത്തെ ജീവനു തുല്യം ഉപാസിച്ചു കൊണ്ടായിരുന്നു. ഗിറ്റാറും ഹാര്‍മോര്‍ണിയവുമാണ്‌ അദ്ദേഹം ആദ്യം അഭ്യസിച്ച സംഗീത ഉപകരണം. അദ്ദേഹത്തിനേറ്റവും ഇഷ്ടപ്പെട്ട സംഗീത ഉപകരണം ഗിറ്റാറുമായിരുന്നു. സംഗീത പരിപാടികളില്‍ ഗിറ്റാറും കയ്യിലെടുത്ത്‌ പ്രത്യക്ഷപ്പെടാറുള്ള ജോണ്‍സന്റെ രൂപം മലയാളിക്ക്‌ സുപരിചിതമാണ്‌.

ഗായകന്‍ ജയചന്ദ്രനാണ്‌ ജോണ്‍സനെ ദേവരാജന്‍മാസ്റ്റര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌. അക്കാലത്ത്‌ തൃശ്ശൂരെ ക്ലബ്ബുകള്‍ക്കായി ഗാനമേളകളില്‍ ഹാര്‍മോര്‍ണിയം വായിക്കുകയായിരുന്നു അദ്ദേഹം. ജയചന്ദ്രനും മാധുരിയും ഇത്തരം ക്ലബ്ബുകളുടെ സ്റ്റേജ്‌ പരിപാടികളിലെ പാട്ടുകാരായിരുന്നു. ദേവരാജന്‍മാസ്റ്റര്‍ 1974-ല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. ഇക്കാലത്ത്‌ ദേവരാജസംഗീതത്തില്‍ പുറത്തു വന്ന നിരവധി ഹിറ്റ്‌ ഗാനങ്ങളില്‍ ജോണ്‍സണും പങ്കാളിയായി. ഇതാണ്‌ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്‌ വഴിത്തിരിവായത്‌.

ദേവരാജന്‍മാസ്റ്ററാണ്‌ അദ്ദേഹത്തെ സ്വതന്ത്ര സംഗീതസംവിധായകനാക്കുന്നതും. സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ആന്റണി ഈസ്റ്റ്മാന്‍ സംവിധായകനായി ഇണയേ തേടി എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ ജോണ്‍സണ്‍ സംഗീതസംവിധായകനായി. ആന്റണിയോട്‌ ശുപാര്‍ശചെയ്തത്‌ ദേവരാജനായിരുന്നു. പിന്നീട്‌ ഭരതന്റെ പാര്‍വ്വതിയിലും ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലും ജോണ്‍സണ്‍സംഗീതസംവിധായകനായി.

“പ്രേമഗീതങ്ങളിലെ സ്വപ്നം വെറുമൊരു സ്വപ്നം…”, “നീ നിറയൂ ജീവനില്‍…” എന്നീ പാട്ടുകള്‍ ഹിറ്റായതോടെ ജോണ്‍സണ്‍ തിരക്കുള്ള സംഗീതസംവിധായകനായി. ഭരതന്‍, പത്മരാജന്‍, മോഹന്‍, സത്യന്‍അന്തിക്കാട്‌ തുടങ്ങിയ നല്ല സിനിമാ സംവിധായകരുടെ ചിത്രങ്ങളുടെ സജീവസാന്നിധ്യമായിരുന്നു ജോണ്‍സണ്‍. അവരുടെ ഹിറ്റുസിനിമകളിലെ നല്ല പാട്ടുകളൊരുക്കി അദ്ദേഹം മലയാളിക്ക്‌ പ്രിയപ്പെട്ടവനായി. പത്മരാജന്റെ കൂടെവിടെയിലെ “ആടിവാ കാറ്റേ…” എന്ന പാട്ട്‌ ചിത്രത്തേക്കാള്‍ ഹിറ്റായി. പത്മരാജന്റെ പതിനേഴ്‌ സിനിമകള്‍ക്കൊപ്പം ജോണ്‍സന്റെ സംഗീതവുമുണ്ടായിരുന്നു. അവസാന പത്മരാജന്‍ ചലച്ചിത്രമായ ഞാന്‍ ഗന്ധര്‍വ്വനിലെ “ദേവാംഗനങ്ങള്‍ കയ്യൊഴിഞ്ഞ താരകം…” എന്ന ഗാനം ഇപ്പോള്‍ ജോണ്‍സന്റെ മരണത്തിന്റെയും തലവാചകമാകുന്നു.

ഭരതന്റെ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രങ്ങളുടെ നല്ല ചേരുവയായിരുന്നു ജോണ്‍സന്റെ സംഗീതം. പാളങ്ങള്‍, ഓര്‍മ്മക്കായി, കാറ്റത്തെ കിളിക്കൂട്‌, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒഴിവുകാലം, ചമയം, ചുരം, അമരം എന്നിവയിലെല്ലാം ഭരതനു കൂട്ടായി ജോണ്‍സന്റെ സംഗീതം ഉണ്ടായിരുന്നു.

1989 മുതല്‍ സത്യന്‍ അന്തിക്കാടിന്റെ സ്വന്തം സംഗീത സംവിധായകനായിരുന്നു അദ്ദേഹം. 25 ഓളം ചലച്ചിത്രങ്ങളില്‍ അന്തിക്കാടിന്‌ അദ്ദേഹം കൂട്ടായി. ശ്രീനിവാസന്‍ സംവിധാനം ചെയ്ത രണ്ട്‌ സിനിമകളുടെയും സംഗീത സംവിധായകന്‍ ജോണ്‍സണായിരുന്നു. “കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി….”എന്ന പ്രശസ്തമായ ഗാനവും ജോണ്‍സണ്‍ മലയാളിക്ക്‌ സമ്മാനിച്ചതാണ്‌. സബിമലയിലിന്റെ കിരീടം, ചെങ്കോല്‍, ദശരഥം തുടങ്ങിയ ചിത്രങ്ങള്‍ ജോണ്‍സന്റെ സംഗീതത്താല്‍ പ്രശസ്തമായി.

കൈതപ്രത്തിന്റെ വരികളില്‍ ജോണ്‍സണ്‍ 29 ഗാനങ്ങളാണ്‌ ഒരുക്കിയത്‌. ഇതൊരു റിക്കോര്‍ഡാണ്‌. തുടര്‍ച്ചയായി രണ്ടു വര്‍ഷം ദേശീയ പുരസ്കാരം ലഭിക്കുന്ന സംഗീത സംവിധായകനും അദ്ദേഹമാണ്‌. 1994ല്‍ പൊന്തന്‍മാടയുടെയും 95ല്‍ സുകൃതത്തിന്റെയും പശ്ചാത്തല സംഗീതത്തിന്‌ ജോണ്‍സണ്‌ ദേശീയ പുരസ്കാരം ലഭിച്ചു.

ആടിവാ കാറ്റേ…(കൂടെവിടെ), നീ നിറയൂ ജീവനില്‍.., സ്വപ്നം വെറുമൊരു സ്വപ്നം….(പ്രേമഗീതങ്ങള്‍), പൂവേണം….., മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി…(മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം), ഗോപികേ നിന്‍ വിരല്‍…, സ്വര്‍ണ്ണ മുകിലേ…(കാറ്റത്തെ കിളിക്കൂട്‌), ദേവാംഗനങ്ങള്‍ കയ്യൊഴിഞ്ഞ..(ഞാന്‍ ഗന്ധര്‍വ്വന്‍), തങ്കത്തോണി…(മഴവില്‍ക്കാവടി), ശ്യാമാമ്പരം…..(അര്‍ത്ഥം), എന്തേ കണ്ണനു കറുപ്പു നിറം…(ഫോട്ടോഗ്രാഫര്‍) തുങ്ങിയവയാണ്‌ ജോണ്‍സന്റെ പ്രശസ്ത ഗാനങ്ങള്‍.

നിലവില്‍ അഞ്ചോളം പുതിയ ചലച്ചിത്രങ്ങള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നതിനിടെയാണ്‌ ജോണ്‍സണ്‍ ലോകത്തോടു വിടുപറഞ്ഞത്‌. പാടാന്‍ ബാക്കിവച്ച നിരവധിപാട്ടുകള്‍ ഹൃദയത്തില്‍ സ്വീകരിക്കാന്‍ മലയാളിക്ക്‌ അവസരം നഷ്ടപ്പെടുത്തി വിധി അദ്ദേഹത്തെ തട്ടിയെടുത്തു.

ആര്‍.പ്രദീപ്‌:-

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by