തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണവില 20,000 ഭേദിച്ചു. പവന് 680 രൂപ കൂടി 20,520 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 2,565 രൂപയാണ് ഇന്നത്തെ വില. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് ഇത് മൂന്നാം തവണയാണ് സ്വര്‍ണ്ണവില ഒരു ദിവസം കൊണ്ട് രണ്ടു തവണ കൂടിയത്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 2008ലുണ്ടായ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആഗോള ഓഹരി വിപണികളില്‍ കനത്ത ഇടിവുണ്ടായി. ഇത് ആഗോളതലത്തില്‍ സ്വര്‍ണ്ണവില കൂടുന്നതിന് ഇടയാക്കി.
2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ ബാങ്കുകള്‍ സ്വര്‍ണ്ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ഇന്ത്യയില്‍ ഉത്സവ സീസണായതിനാല്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. വില ഉയര്‍ന്ന് നിലക്കുന്ന അവസ്ഥയിലും ഇന്ത്യയിലും ചൈനയിലും സ്വര്‍ണ്ണ ഉപഭോഗം കൂടി വരികയാണ്.
സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്ന പ്രവണത വരും നാളുകളിലും തുടരും. ഇത് സ്വര്‍ണ്ണവില വീണ്ടും ഉയരുന്നതിനും ഇടയാക്കും. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില 25,000 രൂപയ്ക്കു മുകളില്‍ എത്തും. ഔണ്‍സിന് 1841 ഡോളറിലാണ് സ്വര്‍ണം ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: