Categories: World

ബ്രസല്‍‌സില്‍ കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മൂന്ന് മരണം

Published by

ബ്രസല്‍സ്‌: വടക്കന്‍ ബ്രസല്‍സില്‍ ഒരു സംഗീതപരിപാടിക്കിടെ വീശിയടിച്ച കൊടുങ്കാറ്റിലും മഞ്ഞ്‌ വീഴ്ചയിലും മൂന്ന്‌ പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക്‌ പരിക്കേറ്റു. ഹസ്സല്‍ട്ട്‌ പട്ടണത്തിനടുത്തുള്ള കീവിറ്റിലാണ്‌ സംഭവം.

പരിപാടിക്കായി നിര്‍മ്മിച്ച സ്റ്റേജുകള്‍ തകര്‍ന്നും സമീപത്തെ മരങ്ങള്‍ കടപുഴകി വീണുമാണ്‌ അത്യാഹിതം ഉണ്ടായത്‌. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്‌. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ആദ്യം മനസിലായില്ലെന്നും ലോകാവസാനം സംഭവിക്കുകയാണെന്നാണ്‌ കരുതിയതെന്നും സംഭവത്തില്‍ പരിക്കേറ്റ ഒരു യുവതി പറഞ്ഞു.

വാര്‍ഷിക സംഗീതപരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. കാറ്റിന്റെ ശക്തിയില്‍ രണ്ട് സ്‌റ്റേജുകള്‍ പൂര്‍ണമായി തകര്‍ന്നുവീണു. പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായകര്‍ ഈ സ്‌റ്റേജിന്റെ അടിയില്‍പെട്ടുപോവുകയായിരുന്നു. ഏതാണ്ട് എഴുപതിനായിരത്തോളം പേരാണ് സംഗീത പരിപാടിയില്‍ പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷത്തെ സംഗീത പരിപാടിയിലും രണ്ട് ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. ഒരു സൗണ്ട് എഞ്ചിനീയര്‍ പരിപാടിക്കിടെ ഹൃദയാഘാതം വന്ന് മരിച്ചപ്പോള്‍ ഒരു റോക്ക് ഗായകന്‍ തന്റെ ഗ്രൂപ്പിന്റെ പരിപാടിക്കുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by