ന്യൂദല്‍ഹി: അഴിമതിയും കള്ളപ്പണവും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് ബിജെപിയാണെന്നും അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുമെന്നും പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ബിജെപി നേതൃത്വം ഇപ്പോള്‍ ഹസാരെ വിഷയത്തില്‍ പാര്‍ലമെന്റ് തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഉജ്ജയിനിയിലേക്കുള്ള യാത്രാമധ്യേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗഡ്കരി. ജനാധിപത്യ മര്യാദകള്‍ പരസ്യമായി ലംഘിച്ച യുപിഎ സര്‍ക്കാരിന് അണ്ണാ ഹസാരെയുടെ കാര്യത്തില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നതെന്നും അഴിമതിക്കെതിരായ ജനരോഷം സര്‍ക്കാര്‍ ഉടന്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളേയും മറ്റ് സംഘടനകളെയും താരതമ്യപ്പെടുത്താനാവില്ലെന്നും, രാജ്യം ഒറ്റക്കെട്ടായി അഴിമതിയെ നേരിടണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും ഗഡ്കരി പറഞ്ഞു.
ഹസാരെയുടെ അറസ്റ്റിന്ത്തുടര്‍ന്ന് സര്‍ക്കാര്‍ ഒരു പാഠം പഠിച്ചുകഴിഞ്ഞു. ഹസാരെ സംഘം സമാധാനപരമായി നടത്തുന്ന സത്യഗ്രഹത്തെ ഇനിയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പക്ഷം സര്‍ക്കാരിന് പൊതുജനവികാരത്തെ നിയന്ത്രിക്കാനാവാതെ വരും, അദ്ദേഹം മുന്നറിയിപ്പ് നല്കി.
അണ്ണാ ഹസാരെയും കേന്ദ്രനേതൃത്വവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ദല്‍ഹിയിലെ രാംലീലാ മൈതാനത്ത് സത്യഗ്രഹം തുടരാന്‍ തീരുമാനമായതിനെ പൗരസമൂഹ പ്രതിനിധികള്‍ സ്വാഗതം ചെയ്തു. ഹസാരെക്ക് സത്യഗ്രഹം നടത്താന്‍ 15 ദിവസം അനുവദിച്ച സര്‍ക്കാര്‍ നടപടി അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നതിന് തെളിവാണെന്നും ശക്തമായ ലോക്പാല്‍ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍ നിയമമന്ത്രിയും ഹസാരെ അനുയായിയുമായ ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു.
അണ്ണാ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഒരു ലോക്പാല്‍ ബില്ലാണ് പൊതുസമൂഹത്തിന്റെ ആവശ്യം. സത്യഗ്രഹം നടത്തുവാന്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ട്, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹസാരെ അഴിമതിക്കാരനല്ലെന്നുള്ള കാര്യം രാജ്യത്തേവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹത്തിനെതിരായി നടത്തുന്ന കുപ്രചരണങ്ങള്‍ വിജയം കാണില്ലെന്നും ശാന്തിഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം രാംലീലാ മൈതാനിയില്‍ സത്യഗ്രഹം നടത്താന്‍ അനുമതി ലഭിച്ചതിലൂടെ രാജ്യത്തെ ജനങ്ങള്‍ വിജയം ഉറപ്പുവരുത്തിയിരിക്കുകയാണെന്ന് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തിന് തങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞതായി ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള് അറിയിച്ചു.
ആരോഗ്യം അനുവദിക്കുന്നതുവരെ അണ്ണാ ഹസാരെ സമരം തുടരുമെന്ന് കിരണ്‍ ബേദി അറിയിച്ചു. ഹസാരെ നടത്തുന്ന സമരം മരണംവരെയുള്ള നിരാഹാര സത്യഗ്രഹമല്ല, മറിച്ച് ആരോഗ്യം അനുവദിക്കുന്നതുവരെ മാത്രം തുടരുന്ന സമരമാണ്. ഇത് ആരോടും പ്രതിഷേധം തീര്‍ക്കലല്ലെന്നും ഇന്നലെ കിരണ്‍ ബേദി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഹസാരെക്ക് ചികിത്സ അനുവദിക്കുന്നതില്‍ സര്‍ക്കാരുമായി തര്‍ക്കമില്ലെന്നും കിരണ്‍ബേദി പറഞ്ഞു. ജയിലിലും സമരം തുടരുന്ന ഹസാരെക്ക് ഡോ. നരേഷ് ത്രെഹ്റാന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘത്തെ സര്‍ക്കാര്‍ ചികിത്സക്കായി വാഗ്ദാനം ചെയ്തുവെങ്കിലും ഹസാരെയും സംഘവും ഇക്കാര്യം നിഷേധിച്ചു. അണ്ണായുടെ നേതൃത്വത്തില്‍ നടക്കുന്നത് മരണം വരെയുള്ള സത്യഗ്രഹമല്ലെന്നും ആരോഗ്യം അനുവദിക്കുന്നതുവരെയുള്ള നിരാഹാരസമരമാണെന്നുമാണ് വാഗ്ദാനം നിരസിച്ചുകൊണ്ട് ഹസാരെയും സംഘവും വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: