Categories: Ernakulam

പോലീസ്‌ കസ്റ്റഡിയില്‍ നശിക്കുന്ന വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നു

Published by

കൊച്ചി: പോലീസ്‌ സ്റ്റേഷനുകളുടെ പരിസരത്ത്‌ കാടുകയറിയും, തുരുമ്പെടുത്തും നശിക്കുന്ന വാഹനങ്ങള്‍ക്ക്‌ ഇനി ശാപമോക്ഷം. വിവിധ കേസുകളുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ പോലീസ്‌ വകുപ്പ്‌ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 19 പോലീസ്‌ ജില്ലകള്‍ക്കു കീഴിലും വരുന്ന സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന പഴയതും, പുതിയതുമായ നൂറുകണക്കിന്‌ അവകാശികളില്ലാത്ത വാഹനങ്ങളാണ്‌ ലേലം ചെയ്ത്‌ വില്‍ക്കുക. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആഭ്യന്തര വകുപ്പാണ്‌ ഈ പദ്ധതിക്ക്‌ മുന്‍കൈ എടുത്തിരിക്കുന്നത്‌.

കേസ്‌ നടപടികള്‍ പൂര്‍ത്തിയായവയും, ഉടമസ്ഥാവകാശികള്‍ ഇല്ലാത്തതുമായ എല്ലാത്തരം വാഹനങ്ങളും ലേലം ചെയ്യുന്നവയില്‍ ഉള്‍പ്പെടും. സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിളുകള്‍, ഓട്ടോറിക്ഷ, മിനിലോറി, ജീപ്പ്പ്‌, ലോറി, ബസ്‌ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ടാവും. കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ തുരുമ്പെടുത്ത്‌ നശിക്കാതെ സൂക്ഷിക്കണമെന്ന ഹൈക്കോടതിയുടെ ഒരു നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ്‌ സര്‍ക്കാരിന്റെ നടപടി.

തിരുവനന്തപുരം റൂറല്‍ പോലീസിന്റെ പരിധിയില്‍പ്പെടുന്ന വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന 749 വാഹനങ്ങളും, കൊല്ലം സിറ്റി റൂറല്‍ 1030, ഇടുക്കി-39, തൃശൂര്‍ റൂറല്‍ 192, മലപ്പുറം 488, ആലപ്പുഴ 412, കണ്ണൂര്‍ 412 എന്നിങ്ങനെയാണ്‌ ലേലം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച്‌ ലഭ്യമായവിവരം. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയും ഇതില്‍ ഉള്‍പ്പെടും. 25,26,27 തീയതികളിലാണ്‌ കൊച്ചി സിറ്റിയിലേയും റൂറലിലേയും ലേലം നടക്കുക.

അവകാശികളില്ലാത്ത വാഹനങ്ങളില്‍ ഉപയോഗപ്രദമായവ ഉണ്ടെങ്കില്‍ അവ പോലീസ്‌ വകുപ്പ്‌ സ്വന്തം ആവശ്യത്തിനായി ഏറ്റെടുക്കും. അല്ലാത്തവ പരസ്യമായി ലേലം ചെയ്തുവില്‍പന നടത്തി കിട്ടുന്നതുക ‘ക്രിമിനല്‍ മിസ്ലേനിയസ്‌ ഫണ്ടി’ലേക്ക്‌ വരവുവെക്കും. 10000 രൂപ നിരതദ്രവ്യമായി കെട്ടിവെക്കുന്ന ആര്‍ക്കും ലേലത്തില്‍ പങ്കെടുത്ത്‌ വാഹനങ്ങള്‍ സ്വന്തമാക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by