ന്യൂദല്‍ഹി: അഴിമതിക്കെതിരായ ജനരോഷത്തിന് കരുത്ത് പകര്‍ന്ന് തിഹാര്‍ ജയിലിലുള്ള ഹസാരെ ഇന്ന് വൈകുന്നേരത്തോടെ ദല്‍ഹിയിലെ രാംലീലാ മൈതാനിയിലെത്തി നിരാഹാര സത്യഗ്രഹം തുടരും. ഹസാരെ സംഘവും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്തയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ചില്ലറ ഉപാധികളോടുകൂടി സത്യഗ്രഹം തുടരാനുള്ള അനുമതി ലഭിക്കുകയായിരുന്നു. 15 ദിവസം സത്യഗ്രഹം നടത്താനാണ് അനുമതിയുള്ളത്.
നേരത്തെ താരതമ്യേന ചെറിയ മൈതാനമായ ജെപി പാര്‍ക്കില്‍ സത്യഗ്രഹം തുടരാമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും രാംലീലാ മൈതാനം തന്നെ സത്യഗ്രഹത്തിന് വേദിയാകണമെന്നുള്ള നിലപാടില്‍ ഹസാരെ സംഘം ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടി തിഹാര്‍ ജയിലില്‍ നിന്നുംപുറത്തെത്തുന്ന ഹസാരെ അനുയായികള്‍ക്കൊപ്പം രാംലീലാ മൈതാനിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം സത്യഗ്രഹത്തിന് വേദിയാകുന്ന മൈതാനത്തില്‍ ക്ലീനിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കി മൈതാനം ശുചീകരിക്കുന്നതിനായി നിരവധി തൊഴിലാളികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദല്‍ഹി കോര്പ്പറേഷന് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് ശുചീകരണം നടക്കുന്നത്. സത്യഗ്രഹവേദിയുടെ സജ്ജീകരണവും ഏതാണ്ട് പൂര്ണ്ണമായതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ ഹസാരെ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും മൈതാനിയിലേക്ക് കാല്നടയായെത്തുവാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളതെന്നും ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള് അറിയിച്ചു. രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥന നടത്തിയതിനുശേഷമാകും അദ്ദേഹം സത്യഗ്രഹ വേദിയിലെത്തുകയെന്നും അഴിമതിക്കെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചതായും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു. ശക്തമായ ലോക്പാല്‍ ബില്‍ എന്ന ആശയത്തിലൂന്നി സത്യഗ്രഹത്തിനൊരുങ്ങുന്ന തങ്ങളെ പിന്തുണക്കുന്ന ജനങ്ങള്‍ക്ക് ഹസാരെ സംഘം നന്ദി അറിയിച്ചു.
രാംലീലാ മൈതാനത്ത് ഉള്‍ക്കൊള്ളാനാകുന്ന ആളുകളുടെ എണ്ണം 25,000 ആണെന്നും ഇതില്‍ക്കൂടുതല്‍ ആളുകളെ അവിടേക്ക് അനുവദിക്കാനാകില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം രാത്രി പത്തുമണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശങ്ങളുണ്ട്. സത്യഗ്രഹത്തിനെത്തുന്നവര്ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹസാരെ സംഘത്തെ ദിനവും മൂന്നുനേരം വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും പോലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. സപ്തംബര്‍ രണ്ട് വരെ സത്യഗ്രഹം നടത്താനാണ് പോലീസ് അനുമതിനല്‍കിയിട്ടുള്ളത്. ഇതേക്കുറിച്ച് പോലീസ് തയ്യാറാക്കിയ രണ്ടുപേജോളം വരുന്ന സത്യവാങ്മൂലത്തില്‍ ഹസാരെ സംഘം ഒപ്പിട്ടതോടെ സത്യഗ്രഹത്തിന്റെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കപ്പെടുകയായിരുന്നു. വൈദ്യപരിശോധന നടത്തുവാന്‍ പോലും വിസമ്മതിച്ച് തിഹാര്‍ ജയിലില്‍ സത്യഗ്രഹം തുടരുന്ന അണ്ണാ ഹസാരെ എന്ന എഴുപത്തിമൂന്നുകാരന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാരിന്റെ പ്രതിബന്ധങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു.
ചൊവ്വാഴ്ച ഹസാരെയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദ് കേജ്രിവാള് ഉള്‍പ്പെടെയുള്ള പൗരസമൂഹ പ്രവര്‍ത്തകരാണ് സത്യഗ്രഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്‍ നിയമമന്ത്രി ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്, മേധാ പട്കര്‍, കിരണ്‍ബേദി തുടങ്ങിയ പ്രമുഖരും ഹസാരെക്കൊപ്പമുണ്ട്.
ഹസാരെക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ തിഹാര്‍ ജയില്‍ പരിസരത്ത് തുടരുന്ന സാഹചര്യത്തില്‍ പോലീസ് ജയിലിന്റെ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സത്യഗ്രഹവേദിയായ രാംലീലാ മൈതാനത്തും കനത്ത പോലീസ് ബന്തവസ് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: