Categories: World

ഇറാക്കില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി

Published by

അങ്കാറ: കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ്‌ പാര്‍ട്ടി താവളങ്ങളായി ഉപയോഗിച്ചിരുന്ന ഇറാക്കിന്റെ വടക്കന്‍ പ്രദേശത്തെ അറുപത്‌ സ്ഥലങ്ങളില്‍ തുര്‍ക്കി വിമാനാക്രമണം നടത്തിയതായി സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. വിമതഗ്രൂപ്പിന്റെ അക്രമണത്തില്‍ ഒമ്പത്‌ തുര്‍ക്കി ഭടന്മാര്‍ കൊല്ലപ്പെട്ടിരുന്നു. വിമതര്‍ നിഷ്ക്രിയരാകുന്നതുവരെ പട്ടാളം ആക്രമണം തുടരുമെന്ന്‌ സൈനികകേന്ദ്രം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. സൈനിക നടപടിയില്‍ പങ്കെടുത്ത വിമാനം സുരക്ഷിതമായി തിരിച്ചെത്തിയെന്ന്‌ തുര്‍ക്കി വെളിപ്പെടുത്തി. ബുധനാഴ്ച ഇറാക്കി അതിര്‍ത്തിക്കടുത്തുള്ള ഹക്കാരി പ്രവിശ്യയിലെ കക്കര്‍ക്കയില്‍ കുര്‍ദിഷ്‌ വിഘടനവാദികളും പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ 14 പട്ടാളക്കാര്‍ക്ക്‌ പരിക്കേറ്റിരുന്നു. പട്ടാളക്കാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു വഴിയോര ബോംബ്‌ സ്ഫോടനത്തിലോ ഒരു മൈനില്‍ തട്ടിയോ അപകടത്തില്‍പ്പെട്ടതാവാമെന്ന്‌ സൈനിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.

ഈ വേനല്‍ക്കാലത്ത്‌ സമാധാന സംഭാഷണങ്ങള്‍ക്ക്‌ സാധ്യതയില്ലാത്തവിധത്തില്‍ വിമത ആക്രമണമുണ്ടായി. കുര്‍ദിസ്ഥാന്‍ തൊഴിലാളി പാര്‍ട്ടിയെ (പികെകെ) നേരിടുന്നതില്‍ പുതിയ തന്ത്രങ്ങളാവിഷ്ക്കരിക്കുവാന്‍ കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു. ഇത്തരത്തിലുള്ള പോലീസ്‌ സേനയുടെ സഹായം സര്‍ക്കാര്‍ തേടിയേക്കാം. എന്നാല്‍ സൈന്യത്തെ അപേക്ഷിച്ച്‌ പോലീസിന്‌ സജ്ജീകരണങ്ങള്‍ കുറവാണെന്ന്‌ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കുര്‍ദിഷ്‌ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്ത്‌ ഒരു ജനാധിപത്യപരമായ തുടക്കംകുറിക്കാനുള്ള ആശയം രണ്ടുവര്‍ഷംമുമ്പ്‌ ഉടലെടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരം ഒരു സംരംഭത്തെക്കുറിച്ച്‌ പരാമര്‍ശങ്ങള്‍പോലുമില്ല. പി.കെ.കെ.തുര്‍ക്കിയുമായി ഇരുപത്തിയാറു കൊല്ലത്തെ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നു. ഈ സംഘടനയെ തീവ്രവാദികളായി തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും കരുതുന്നു. തുര്‍ക്കിയിലെ കലാപങ്ങളില്‍ 40000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്‌. ശനിയാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 3 പട്ടാളക്കാര്‍ വധിക്കപ്പെട്ടു. കഴിഞ്ഞമാസം 13 പട്ടാളക്കാരും ഏഴ്‌ കുര്‍ദ്‌ വിമതരും കൊല്ലപ്പെട്ടിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by