വരുംനാളുകളില്‍ ഒരു നിശബ്ദതേരാളിയെപ്പോലെ, അറബിക്കടലിന്റെ റാണിയെന്ന കൊച്ചിയുടെ നിമ്ന്നോന്നതങ്ങളില്‍ മെട്രോ ട്രെയിനും ഓടിത്തുടങ്ങും. ഒരുക്കങ്ങള്‍ക്ക് തുടക്കമായെങ്കിലും കേന്ദ്രാനുമതിയോടുകൂടി ഒരു പച്ചക്കൊടി ഉയര്‍ത്തിയാലേ മെട്രോ ട്രെയിനിന്റെ ആദ്യ ചൂളംവിളി മുഴങ്ങൂ!
കൊച്ചിയെപ്പോലൊരു മെട്രോപോളിറ്റന്‍ സിറ്റിയ്ക്ക് മെട്രോ ട്രെയിന്‍ എന്നത് തികച്ചും അനിവാര്യം തന്നെ. അത്രയ്ക്കും ഗതാഗതക്കുരുക്കാണ് കൊച്ചിയെന്ന ഈ നഗരം നേരിടുന്നത്. സതേണ്‍ റെയില്‍വെയും നാലുവരിപ്പാതയുള്ള ബൈപാസ് റോഡുകളും നിലവിലുണ്ടെങ്കിലും നഗരാതിര്ത്തിയ്ക്കുള്ളിലേക്ക് കടന്നാല്‍, അതൊരു നരകമായേതോന്നൂ; ഏതൊരു യാത്രക്കാരനും! ഓരോരോ ട്രാഫിക് ജംഗ്ഷനുകളിലും കുരുങ്ങിക്കുരുങ്ങിയുള്ള യാത്ര അത്യന്തം നിരാശാജനകമാണ്. ഒരത്യാവശ്യകാര്യനിര്വഹണത്തിനായി ധൃതിവെച്ചുള്ള ഒരു നഗരയാത്ര, ഒരു വ്യാമോഹം മാത്രമാണ്. അത്രമാത്രം വാഹനപ്പെരുപ്പം കൊച്ചിയിലുണ്ട്.
നിരത്തിലോടുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളതിന്റെ കണക്ക് ദിനംപ്രതി കൂടിവരികയാണ്. കൂടാതെ, റോഡുകളുടെ ഇടുങ്ങിയ അവസ്ഥ, പഴയതുപോലേയും!
ആലുവായില്‍നിന്നും ജോസ് ജംഗ്ഷന് വരെയുള്ള ഒരു ബസ് യാത്രക്കാരന് ഇടപ്പള്ളി ടോള്‍വരെ എത്തുന്നതിന് എടുക്കുന്ന സമയം 30 മിനിറ്റാണ്. എന്നാല്‍ ടോള്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലും കഴിഞ്ഞ് ജോസ് ജംഗ്ഷനിലേക്ക് എത്തുമ്പോള്‍, ചിലപ്പോള്‍ യാത്രയ്ക്ക് മണിക്കൂറുകള്‍ എടുക്കുന്നു. അതേസമയം തൃശ്ശൂരില്‍നിന്നും ആലുവായ്ക്ക് ട്രെയിനില്‍ വരികയാണെങ്കില്‍ എടുക്കുന്ന സമയം, വെറും ഒരു മണിക്കൂറാണ്. എന്തൊരു വൈരുദ്ധ്യം! ചിലപ്പോള്‍ ഇടപ്പള്ളി ടോള്‍, കഴിഞ്ഞാണ് ബസ് യാത്രയ്ക്ക് ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത്. വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവ്, സൗകര്യപ്രദമല്ലാത്ത റോഡുകള്‍, ബസ് സ്റ്റോപ്പുകളുമായി ബന്ധപ്പെട്ടുനില്ക്കുന്ന വ്യാപാരകേന്ദ്രങ്ങള്‍, പ്രധാനനിരത്തിനോട് ചേര്‍ന്ന ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഈ തിരക്കിനുള്ള പ്രധാന കാരണങ്ങളാകുന്നു. ജനസാന്ദ്രതയേറിയ കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ചെന്നൈ എന്നീ പ്രമുഖനഗരങ്ങളില്പ്പോലും കാണാനാകാത്ത ഗതാഗതക്കുരുക്ക് നമുക്ക് കൊച്ചിയില്‍ കാണേണ്ടിവരുന്നു. എന്താണിതിന് കാരണം? ആരാണ് ഇതിന് ഉത്തരവാദികള്‍?
മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ കൊച്ചിയുടെ ഒരു ഭാവി മുഖം മുന്നില്‍കണ്ട് ഒന്നും ചെയ്തില്ലാ എന്ന യാഥാര്‍ത്ഥ്യം, അനുഭവിക്കുന്നത് മുഴുവന്‍ ഈ പാവം ജനങ്ങളാണ്. കൊച്ചി നഗരം ഇന്ന് നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ വാഹനാഭിവൃദ്ധിക്കനുസരിച്ച് ഉണ്ടാകുന്ന റോഡുകളിലെ ഗതാഗതക്കുരുക്കും കുടിവെള്ളമില്ലായ്മയും കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ അലംഭാവവും ആണ്. ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവണമെങ്കില്‍ അധികാരികള്‍ വേണ്ടവിധം കണ്ണുതുറന്നേ മതിയാകൂ; ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സാധ്യമാകൂ….!
ഗതാഗതക്കുരുക്കില്‍ നിന്നും അല്‍പ്പമൊരു മോചനം കൊച്ചിക്ക് മെട്രോ റെയില്‍വെ വരുന്നതിലൂടെ സാധ്യമാകും. അപ്പോഴും പ്രശ്നങ്ങളുടെ-തടസ്സങ്ങളുടെ ഭാണ്ഡക്കെട്ട് ചുരുളഴിയുന്നത് വീണ്ടും നമുക്ക് കാണേണ്ടിവരും. മെട്രോ റെയില്‍വെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പ്രധാന പ്രശ്നം, അതു കടന്നുപോകുന്ന പാതയ്ക്കിരുവശത്തും ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ നീക്കുകയെന്നതാണ്. നേരത്തെ പറഞ്ഞപ്രകാരം കൊച്ചി നഗരാതിര്ത്തിയ്ക്കുള്ളിലെ റോഡുകള്‍ ഇടുങ്ങിയതാണ്. ഇത്തരത്തിലുള്ള റോഡുകളുടെ ഇരുവശത്തും വ്യാപാര സമുച്ചയങ്ങള്‍-വീടുകള്‍-ഫ്ലാറ്റുകള്‍-കടകള്‍-ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഉണ്ട്. ഇരുവശത്തും ഉണ്ടായേക്കാവുന്ന ഈ തടസ്സങ്ങള്‍ നീക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും തലപൊക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്.
വികസന പദ്ധതികളുടെ ആസൂത്രണം നടപ്പിലാക്കുംമുമ്പ് ഉയര്‍ന്നുവന്നേക്കാവുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത് ബഹുജനമധ്യത്തില്‍ ആഴത്തിലുള്ള ബോധവല്‍ക്കരണമാണ് ആദ്യം അഭികാമ്യം. സൗമ്യതയോടെ, സംഘര്‍ഷഭരിതമല്ലാതെ, പ്രശ്നത്തിന് പരിഹാരം ഉണ്ടാകണം. ജനനന്മയും രാജ്യരക്ഷയും കണക്കിലെടുത്ത് ചില പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍ അത് പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും കണ്ണീരിനുള്ള വകയാകുവാന്‍ പാടില്ലാത്തതാണ്. മൂലമ്പിള്ളിതന്നെ വിങ്ങി നീറുന്ന ഒരു പ്രധാന പ്രശ്നമായി നമുക്കടുത്തുതന്നെയുണ്ട്. പരിഹരിക്കാനാകാത്ത പ്രശ്നമായി വികസനത്തെ അടിച്ചേല്‍പ്പിക്കരുത്. സംഘര്‍ഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നടപ്പിലാക്കുന്ന ഓരോനയവും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. നയം നടപ്പിലാകണമെങ്കില്‍ ഭരണകൂടത്തിന്റെ ചാലകരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദം ജനങ്ങള്‍ക്കനുകൂലമായി ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്.
കൊച്ചിക്ക് മെട്രോ റെയില്‍വെ എന്ന സ്വപ്നസാക്ഷാത്കാരത്തിന് മേല്‍പ്പറഞ്ഞവയെല്ലാം അനിവാര്യമാണ്. ഇതിന് നമുക്ക് ദല്‍ഹി മെട്രോ റെയില്വെയെത്തന്നെ മാതൃകയാക്കാം. ഇന്ന് വന്ജനത്തിരക്കേറിയ ദല്‍ഹിയെന്ന മെട്രോപോളിറ്റന്‍ സിറ്റിയില്‍ മെട്രോ ട്രെയിന്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നഗരത്തിന്റെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളിലേക്കും ഭരണസിരാകേന്ദ്രങ്ങളിലേക്കും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുമെല്ലാം നിലവിലുള്ള നോര്‍ത്തേണ്‍ റെയില്‍വെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് മെട്രോ റെയില്‍വെ പൂര്‍ത്തിയായി, രാജ്യത്തിന് സമര്‍പ്പിച്ച് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, തീഷസാരി കോര്‍ട്ട്, പാര്‍ലമെന്റ് മന്ദിരം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ന്യൂദല്‍ഹി റെയില്‍വെ സ്റ്റേഷന്, പ്രമുഖ ബസ് സ്റ്റേഷനായ ഐഎസ്ബിടി, പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായ കാശ്മീരി ഗേയ്റ്റ്, സദര്ബജാര് കാരിബോളി ചൗക്ക്, കോണട്ട് പ്ലേസ്, പട്ടേല്‍ ചൗക്ക് എന്നിവ കൂടാതെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലേക്കും ടൂറിസ്റ്റ് കേന്ദ്രമായ കുത്തബ്മീനാര്‍, ലോട്ടസ് ടെമ്പിള്‍ എന്നീ സ്ഥലങ്ങളിലേയ്ക്കുമായി മെട്രോ റെയില്‍വെ വ്യാപിച്ചുകിടക്കുന്നു. ടൂറിസ്റ്റുകള്‍ക്ക് വണ്ടി വാടകയ്ക്ക് എടുത്ത് ഒരുദിവസം മുഴുവനായി സഞ്ചരിക്കുവാനാകുന്നിടത്ത്, അതിപ്പോള്‍, മൂന്നോനാലോമണിക്കൂറുകള്ക്കൊണ്ട് ദല്‍ഹി മുഴുവന്‍സമയവും ചുറ്റിയടിക്കുവാന്‍ സാധിക്കുന്നു.
എത്രയോ തിരക്കേറിയ ദല്‍ഹി നഗരവീഥികള്‍ക്ക് അല്‍പ്പംപോലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്തവിധത്തിലാണ് രാവും പകലുമായി നടന്ന മെട്രോ റെയില്‍വെയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍! നിലവിലുള്ള റോഡുകളുടെ ദിശമാറ്റാതെയും ജലവിതരണ സംവിധാനങ്ങള്‍, ഡ്രൈനേജ് എന്നിവക്കൊന്നും യാതൊരുവിധ കോട്ടങ്ങളോ കേടുപാടുകളോ മറ്റോ ഉണ്ടാകാത്തവിധത്തിലുമാണ് മെട്രോ റെയില്‍വെയുടെ അണ്ടര്‍ഗ്രൗണ്ട് പാതകളും റെയില്‍വേ സ്റ്റേഷനുകളും പണിതുയര്‍ത്തിയിരിക്കുന്നത്. നമുക്ക് വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളാണ് അതെല്ലാം. മെട്രോ ട്രെയിനിന്റെ ഉള്‍വശം പൂര്‍ണമായും ശീതീകരിച്ചതാണ്. സ്റ്റേഷന്റെ അകത്ത് മാത്രമല്ല ട്രെയിനിനുള്ളിലും പുകവലിക്കുന്നത്, ഭക്ഷണ സാധനങ്ങള്‍, പാന്‍പരാഗ് എന്നിവയെല്ലാം കഴിക്കുന്നത് കര്‍ശനമായും നിരോധിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ പ്ലാറ്റ്ഫോമിലോ പാളത്തിലേയ്ക്കോ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്. അനാവശ്യമായി സ്റ്റേഷനില്‍ ചുറ്റിപ്പറ്റി നില്ക്കുന്നതും മറ്റും ശിക്ഷയുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെ. എല്ലാം നിരീക്ഷിക്കുന്നതിന് പോലീസുമായി ബന്ധപ്പെടുത്തി ദല്‍ഹി മെട്രോ റെയില്‍വെ വിഭാഗം (ഡിഎംആര്‍സി) ഉദ്യോഗസ്ഥരുണ്ട്.
ദല്‍ഹി മെട്രോ റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒഴുക്കിയ ഓരോ വിയര്‍പ്പും ഇന്ന് ദല്‍ഹിയെന്ന മഹാനഗരത്തിന്റെ ജനനന്മയുടെ സാക്ഷ്യപത്രങ്ങളാണ്. അത്രമാത്രം ഇച്ഛാശക്തിയും കാര്യക്ഷമതയും ആണ് ദല്‍ഹി മെട്രോ റെയില്‍വെയ്ക്കുവേണ്ടി അതിന്റെ തലപ്പത്തിരിക്കുന്ന മലയാളിയായ ഇ.ശ്രീധരനും സഹപ്രവര്‍ത്തകരും കാണിച്ചത്. സമയബന്ധിതമായി റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിത്തീര്ക്കുവാന് അവര്‍ കാണിച്ച വ്യഗ്രത എടുത്തുപറയേണ്ടതുതന്നെ.
സത്യന് കുറ്റുമുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: