റോഡ് നിര്‍മ്മാണത്തിലെ അപാകതകളാണ് കേരളത്തിലെ റോഡുകള്‍ തകരുന്നതിന് മുഖ്യകാരണം എന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം ജന്മാവകാശമെന്ന പോലെ സുരക്ഷിതമായ സഞ്ചാരവും പൗരാവകാശമാണ് എന്ന് കോടതി നിരീക്ഷിക്കുന്നു. കേരളത്തിലെ റോഡുകള്‍ ഇന്ന് വെറും കുഴികളായി പൊട്ടിപ്പൊളിഞ്ഞ് പ്രതിദിനം ജീവഹാനി വരുത്തി, കുഴിയില്‍ വീണ് ഗര്‍ഭിണി പ്രസവിക്കുക പോലും ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചിട്ടും ദൃശ്യമാധ്യമങ്ങള്‍ ഇതിലേക്ക് നിരന്തരം ശ്രദ്ധ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് അത്ഭുതം തന്നെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി റോഡില്‍ പദയാത്ര നടത്തി കുഴിനികത്തും എന്ന് പ്രഖ്യാപിച്ചത് പോലും പാഴ്വാക്കായി.
ഇതിന് ഉത്തരവാദികള്‍ കരാര്‍ നല്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ്. നിര്‍മ്മാണത്തിലെ അപാകത ഒഴിവാക്കാന്‍ രണ്ടുവര്‍ഷത്തെ ഗ്യാരന്റി വേണമെന്ന നിര്‍ദ്ദേശവും നല്കിയ കോടതി റോഡ് തകരാന്‍ കാരണം മഴയല്ല എന്ന് ചൂണ്ടിക്കാണിച്ചു. റോഡ് കോണ്‍ട്രാക്ട് നല്കുന്നതില് പോലും കോഴ നല്‍കുന്നുണ്ടെന്നും ഒരേ കോണ്‍ട്രാക്ടര്‍തന്നെ കരാര്‍ ബിനാമി പേരുകളില്‍ എടുക്കുന്നു എന്നും മറ്റുമുള്ള വസ്തുതകള്‍ പൊതുഅറിവാണ്. ആവശ്യത്തിന് ടാറോ മെറ്റലോ ചരലോ ഉപയോഗിക്കാതെ മിനുക്കുപണി മാത്രം നടക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ ഓടകളില്ലാത്ത റോഡുകള്‍ തകരുമല്ലോ. മെറ്റലിന്റെ സൈസ്, ടാര്‍ മിശ്രിതത്തിന്റെ അളവ് മുതലായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായ മിനുക്കുപണികള്‍ മാത്രമാണ് ചെയ്യുന്നത്. ടാറിംഗില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രീതി ജയലളിത സര്‍ക്കാര്‍ തമിഴ്നാട്ടില്‍ പരീക്ഷിച്ചു. റബ്ബര്‍ സുലഭമായ കേരളത്തില്‍ റബ്ബറൈസ്ഡ് റോഡ് എന്ന പരീക്ഷണവും നടത്തപ്പെടുന്നില്ല.
കേരളത്തിലെ പരിമിതമായ വീതിയുള്ള റോഡുകളില്‍ വാഹനപ്പെരുപ്പം കൂടുകയാണ്. ടാങ്കര്‍ ലോറികളും വളരെ അധികം ഭാരം കയറ്റിയ മള്‍ട്ടി ആക്സില്‍ ലോറികളും സഞ്ചരിക്കുന്ന റോഡിന് ശാസ്ത്രീയമായി നിര്‍മ്മിച്ച റോഡുകളല്ലെങ്കില് നിലനില്‍പ്പില്ല. മരാമത്ത് വകുപ്പ് നല്കുന്ന തുക രാഷ്ട്രീയ-ഉദ്യോഗസ്ഥ കരാര്‍ മാഫിയ കൊള്ളയടിക്കുമ്പോള്‍ രണ്ടുവര്‍ഷ ഗ്യാരന്റി എന്ന കോടതി നിര്‍ദ്ദേശം വാക്കുകളില്‍ ഒതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: