ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സൗമിത്രാ സെന്നിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം രാജ്യസഭ പാസാക്കി. 189 പേരില്‍ 172 പേരും ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. 16 പേര് എതിര്‍ത്തു. ബി.എസ്.പി അംഗങ്ങളാണ് എതിര്‍ത്തത്. ഒരു അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ 123 വോട്ടായിരുന്നു പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യാന്‍ അനുമതി ലഭിക്കുന്നത്. പ്രമേയം ഇനി ലോക്സഭ പരിഗണിക്കും. അതിനു ശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.
പ്രമേയത്തെ പിന്തുണച്ചാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളും പ്രതികരിച്ചത്. ബി.എസ്.പി മാത്രമാണ് സൗമിത്ര സെന്നിനെതിരായുള്ള ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദം മുന്നോട്ടു വച്ചത്. ജഡ്ജിയായിരുന്നപ്പോള്‍ സെന്നിന്റെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.
ദേശീയ ജുഡീഷ്യന്‍ കമ്മിഷന് രൂപീകരിച്ച് ജഡ്ജിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ജഡ്ജിക്കെതിരെയുള്ള തെളിവുകള്‍ താന്‍ വിശദമായി പരിശോധിച്ചു. സെന്‍ പണം തിരിമറി നടത്തിയതായി ഇതില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്തു നിന്നു സെന്നിനെ നീക്കം ചെയ്യാന്‍ സിപിഎം നേതാവ് സിതാറാം യെച്ചൂരി അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്താങ്ങുന്നതായി അദ്ദേഹം അറിയിച്ചു.
തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസിന്റെ ഇ.എം സുദര്ശന് നാച്ചിയപ്പന്‍ പ്രമേയത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജഡ്ജിയായിരിക്കുമ്പോള്‍ തന്നെ എട്ട് മാസത്തോളം റിസീവറായി ജസ്റ്റിസ് സെന്‍ പ്രവര്‍ത്തിച്ചതിന് തെളിവുണ്ട്. അങ്ങനെ പ്രവര്‍ത്തിച്ചത് ഒട്ടും ശരിയായില്ല. റിസീവര്‍ സ്ഥാനം ജഡ്ജിയായ സമയം അദ്ദേഹം ഒഴിയേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാധ്യക്ഷന് ഹമീദ് അന്‍സാരിയാണു സെന്നിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്. 1990 ല്‍ കോല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം റിസീവര്‍ ആയിരിക്കുമ്പോള്‍ 24 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണു കേസ്. സെന്‍ കുറ്റക്കാരനെന്നു കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ചരിത്രത്തില്‍ ഇംപീച്ച്മെന്റ് നടപടി നേരിട്ട രണ്ടാമത്തെ ജഡ്ജിയാണു സെന്‍. ആദ്യമായി നടപടി നേരിട്ടതു സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. രാമസ്വാമിയാണ്. 1993 മേയില്‍ നടന്ന ഈ നീക്കം കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതോടെ ലോക്സഭയില്‍ പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: