ന്യൂദല്‍ഹി: സുശക്തമായ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 14 ദിവസത്തെ നിരാഹാര സമരം നടത്താനുള്ള ദല്‍ഹി പോലീസിന്റെ അനുമതി അണ്ണാ ഹസാരെ സ്വീകരിച്ചു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായതെന്ന് ഹസാരെ സംഘത്തിലെ അംഗം കിരണ്‍ ബേദി ട്വിറ്ററിലൂടെ അറിയിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ അന്നാ ഹസാരെ ജയില്‍ മോചിതനാകും. അതിന് ശേഷം ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാംലീല മൈതാനത്ത് നിരാഹാര സമരം ആരംഭിക്കാനാണ് പദ്ധതിയെന്നും ബേദി പറഞ്ഞു.
ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് രാംലീല മൈതാനം സത്യഗ്രഹത്തിനായി വിട്ടു തരേണ്ടതുണ്ട്. അവിടെ സത്യഗ്രഹ പന്തല്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയായ ശേഷമായിരിക്കും അണ്ണാ ഹസാരെ പുറത്തിറങ്ങുകയെന്ന് അരവിന്ദ് കേജ്രിവാള് അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ നാളെയായിരിക്കും അണ്ണാ ഹസാരെ പുറത്തിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
ഹസാരെ തിഹാര്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്. ഓള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: