ന്യൂദല്‍ഹി: അഴിമതിക്കെതിരായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെക്ക് മുന്നില്‍ യുപിഎ സര്‍ക്കാര്‍ വിയര്‍ക്കുന്നു. ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി നിരുപാധികം നിരാഹാര സത്യഗ്രഹത്തിന് അനുവദിക്കാതെ തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഹസാരെ.
നിരാഹാര സത്യഗ്രഹത്തിന് കേന്ദ്രം മുന്നോട്ടുവെക്കുന്ന നിബന്ധനകളൊന്നും അംഗീകരിക്കില്ലെന്ന് ടീം ഹസാരെ ആവര്‍ത്തിച്ച് വ്യക്തമാക്കി. ജയ്പ്രകാശ് നാരായണ്‍ പാര്‍ക്കിലോ രാംലീലാ മൈതാനത്തോ ഉപാധികളോടെ സത്യഗ്രഹത്തിന് അനുമതി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. അഞ്ചു ദിവസത്തിലേറെ സത്യഗ്രഹമിരിക്കാന്‍ പറ്റില്ലെന്നും കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. ഒരുമാസം വേണമെന്ന നിലപാടിലാണ് ഹസാരെ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ച ഹസാരെയെയും സംഘത്തെയും ചൊവ്വാഴ്ച രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് അഴിമതി വീരന്മാര്‍ക്കൊപ്പം തിഹാര്‍ ജയിലിലടച്ചത്. സംഭവം വന്‍ വിവാദമാവുകയും രാജ്യമെങ്ങും കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം അലയടിക്കുകയും ചെയ്തതോടെ രാത്രി വൈകി അദ്ദേഹത്തെ വിട്ടയക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. എന്നാല്‍, വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പും നിരുപാധിക സത്യഗ്രഹത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ഹസാരെ വിസ്സമ്മതിച്ചതോടെ കേന്ദ്രം വെട്ടിലായി. ജയിലിലും ഹസാരെ നിരാഹാരം തുടരുകയാണ്.
സത്യഗ്രഹ വേദിയെക്കുറിച്ച് ഇന്നലെ ടീം ഹസാരെ ദല്‍ഹി സര്‍ക്കാരും പോലീസുമായി ചര്‍ച്ചകള്‍ നടത്തി. വീണ്ടും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയാല്‍ ജയിലിനുള്ളില്‍ ഹസാരെ നിരാഹാരം തുടരുമെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കുശേഷം പൊതുസമൂഹ പ്രതിനിധിയും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് മുന്നറിയിപ്പ് നല്കി. തന്റെ അടുത്ത അനുയായികളുമായി കൂടിക്കാഴ്ചയ്ക്ക് അണ്ണാ ഹസാരെ നേരത്തെ തിഹാര്‍ ജയില്‍ അധികൃതരുടെ അനുമതി വാങ്ങിയിരുന്നു.
പ്രശാന്ത് ഭൂഷണെ കൂടാതെ കിരണ്‍ ബേദി, മേധാപട്കര്‍, മനീഷ് സിസോദിയ, സ്വാമി അഗ്നിവേശ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രൈം) അശോക് ചന്ദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉപാധികളൊന്നുമില്ലാതെ ഒരുമാസം നിരാഹാരസത്യഗ്രഹത്തിന് അനുവദിക്കണമെന്ന് ഹസാരെക്ക് പിന്തുണയുമായി തിഹാര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. അഞ്ചോ ആറോ ദിവസത്തേക്ക് പ്രതിഷേധിക്കാനുള്ള കേന്ദ്ര നിര്‍ദേശമൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹസാരെയുടെ അടുത്ത അനുയായികളില്‍ ഒരാളായ സിസോദിയ പറഞ്ഞു. ജയ്പ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സത്യഗ്രഹത്തിന് അനുവദിക്കണമെന്ന അപേക്ഷയില്‍ മറുപടി അറിയിക്കാതെ ജയില്‍ വിട്ടുപോകില്ലെന്ന് ഹസാരെയും അധികൃതരെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം അക്രമരഹിത മാര്‍ഗങ്ങളിലൂടെ ആകണമെന്നും ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന് അണ്ണാ ഹസാരെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിസോദിയ പറഞ്ഞു.
ഇതിനിടെ, യോഗാചാര്യന് ബാബാ രാംദേവും ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറും അണ്ണാ ഹസാരെക്ക് ഐക്യദാര്‍ഢ്യവുമായി തിഹാര്‍ ജയിലിലെത്തി. ജനാധിപത്യത്തിന്റെ പേരിലുള്ള ഗൂഢാലോചനയാണ് ഹസാരെയുടെ അറസ്റ്റെന്ന് രാംദേവ് ചൂണ്ടിക്കാട്ടി. ശക്തമായ ലോക്പാലിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം വിജയിക്കും. മുഴുവന്‍ രാജ്യവും ദേശസ്നേഹികളും ഈ പോരാട്ടത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ട്, രാംദേവ് വ്യക്തമാക്കി. സ്വാമി അഗ്നിവേശും അഴിമതിവിരുദ്ധ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. നേരത്തെ, ഹസാരെയെ അറസ്റ്റ് ചെയ്തതിനെതിരെ രാംദേവ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് നിവേദനം നല്കി.
പിന്തുണയുമായി രാംദേവും രവിശങ്കറും
ന്യൂദല്‍ഹി: യോഗഗുരു ബാബാ രാംദേവും ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറും തിഹാര്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഹസാരെക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അറസ്റ്റിന്തിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കാനാണ് ഇരുവരും തീരുമാനിച്ചിട്ടുള്ളത്.
ഹസാരെയുടെ അറസ്റ്റിന്തിരെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് നിവേദനം സമര്‍പ്പിച്ചതിന് ശേഷമാണ് ബാബാ രാംദേവ് ഹസാരെയെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിലെത്തിയത്. ജനാധിപത്യത്തിന്റെ പേരിലുള്ള ഗൂഢാലോചനയാണ് ഹസാരെ സംഘത്തിനെതിരെ നടന്നതെന്നും, ശക്തമായ ലോക്പാല്‍ ബില്ല് എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഉടന്‍ സഫലമാകുമെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സ്വാമി അഗ്നിവേശ്, മേധാപട്കര്‍ തുടങ്ങിയ പ്രമുഖരും ഹസാരെക്ക് പരസ്യമായ പിന്തുണ നല്‍കിക്കൊണ്ട് രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: