ന്യൂദല്‍ഹി: പ്രമുഖ ഗാന്ധിയനും ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന സംഘടനയുടെ നേതാവുമായ അണ്ണാ ഹസാരെയേയും സംഘത്തേയും അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു.
പഞ്ചാബിലും ഹരിയാനയിലും ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രകടനങ്ങള്‍ നടത്തി. ‘അഴിമതിക്കുറ്റങ്ങളാല് കോണ്‍ഗ്രസ് നട്ടംതിരിയുകയാണ്. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയും വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വാചാലരാകുന്നവരെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു. ബാബാ രാംദേവിനും അനുയായികള്‍ക്കുമെതിരെ രാംലീലാ മൈതാനിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇതിന് വ്യക്തമായ ഉദാഹരണമാണ്’, പഞ്ചാബിലെ ബിജെപി നേതാവ് അശ്വനി ശര്‍മ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അണ്ണാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ കോലം കത്തിച്ചു. ഗാസിയാബാദില്‍ രാജാനഗറിന് സമീപം കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യവിളികളുമായെത്തിയ പ്രവര്‍ത്തകര്‍ പ്രകടനത്തിനൊടുവില്‍ കോലം കത്തിക്കുകയായിരുന്നു. അണ്ണാ ഹസാരെയ്ക്കും അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയ നിലയ്ക്ക് സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ബീഹാറിലെ ‘അഴിമതിക്കെതിരെ ഇന്ത്യ’ സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചു.
അണ്ണാ ഹസാരെയേയും സംഘത്തേയും ജയില്മോചിതരാക്കണമെന്നാവശ്യപ്പെട്ട് ജമ്മുകാശ്മീരില്‍ പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിച്ചു. ആന്ധ്രാപ്രദേശില്‍ ടിഡിപി പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കര്‍ണാടകയില്‍ അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ ക്ലാസുകള്‍ ബഹിഷ്ക്കരിച്ചു. ഹസാരെ സമരം നടത്തുന്നത് രാജ്യത്തിനുവേണ്ടിയാണെന്നും അദ്ദേഹത്തെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രസ്താവിച്ചു.
ലഡാക്കില്‍ അനുയായികള്‍ ഇന്നലെ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. യാതൊരുവിധ രാഷ്ട്രീയ താല്‍പ്പര്യങ്ങളുമില്ലാതെ സമരം നടത്തുന്ന ഒരു വ്യക്തിയെ പിന്തുണക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റേയും ഉത്തരവാദിത്തമാണെന്ന് ലഡാക്കില്‍നിന്നുള്ള മുന്‍ എംപി തപ്സന്‍ ചെവാങ്ങ് വ്യക്തമാക്കി. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നൂറുകണക്കിന് ജനങ്ങളാണ് ഇന്നലെ ചെന്നൈയില്‍ അട്യാര് നഗരിയില്‍ സമരത്തില്‍ പങ്കെടുത്തത്. ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കല്യാണരാമന് ഉള്‍പ്പെടെ നിരവധിപേര്‍ ഇന്നലെ പന്തലില്‍ ഒത്തുകൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: