തിരുവനന്തപുരം: കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മഠത്തിലെ വാട്ടര്‍ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളായണി കാര്ഷികകോളേജിന് സമീപം പൂങ്കുളം ഹോളി സ്പിരിറ്റ് സ്കൂളിനോടു ചേര്‍ന്നുള്ള മഠത്തിലെ കന്യാസ്ത്രീ മേരി ആന്‍സി(48)യാണ് മരിച്ചത്. കോട്ടയം കല്ലറ മന്വെട്ടം പുലപ്രവീട്ടില് പാപ്പച്ചന്-ത്രേസ്യാമ്മ ദമ്പതികളുടെ മൂത്ത മകളാണ്. ലത്തീന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള പാലപ്പൂര് ഹോളിക്രോസ് എല്‍പി സ്കൂള്‍ അധ്യാപികയായിരുന്നു. 25 വര്‍ഷമായി കോണ്‍വെന്റിലെ അന്തേവാസിയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും കന്യാസ്ത്രീയുടെ ബന്ധുക്കളും ആരോപിക്കുന്നു. മഠത്തിലെ 12 അടിയോളം ആഴമുള്ള വാട്ടര്‍ടാങ്കില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ടാങ്കില്‍ എട്ടടിയോളം ആഴത്തില്‍ വെള്ളമുണ്ടായിരുന്നു.
മഠത്തില്‍ ഒന്‍പതു കന്യാസ്ത്രീമാര്‍ക്കൊപ്പമാണ് മേരി ആന്‍സി താമസിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ മുതലാണ് ഇവരെ കാണാതായത്. അഞ്ചരയ്ക്കുള്ള ധ്യാനത്തിനു കന്യാസ്ത്രീയെ റൂമില്‍ കാണാത്തതിനെ തുടര്‍ന്ന് മഠത്തിലുള്ളവരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ടാങ്കിന്റെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ടാങ്കിനുള്ളില്‍ കണ്ടു. സ്ത്രീക്ക് ഒറ്റയ്ക്ക് ഈ സ്ലാബ് ഇളക്കിമാറ്റാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് സംഭവത്തിലെ ദുരൂഹതയ്ക്കു കാരണം.
സ്പെഷ്യല്‍ തഹസീല്‍ദാര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. ഫോറന്‍സിക്-വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രമേശ് ബാബു, രാജ്പാല് മീണ, ഫോര്‍ട്ട് എസി രാധാകൃഷ്ണന് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. രാധാകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കുറച്ചുനാളുകളായുള്ള ത്വക് രോഗം മേരി ആന്‍സിയെ വിഷമിപ്പിച്ചിരുന്നതായി മഠത്തിലുള്ളവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: