സപ്തംബര്‍, 1965 ഖേംകരണ്‍: ഒരു മിലിട്ടറി ട്രക്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കുലുങ്ങിയും തട്ടിയും മുട്ടിയും യുദ്ധഭൂമിയിലൂടെ കടന്നുപോവുകയാണ്. പെട്ടെന്നാണ് പാക്പോര്‍ വിമാനം വലിയ ഹുങ്കാരത്തോടെ താഴോട്ട് വന്ന് ബോംബ് വര്‍ഷം തുടങ്ങിയത്. ക്ഷണത്തില്‍ ആ ട്രക്കിന്റെ ഡ്രൈവര്‍-കിഷന് ബാബുറാവു ഹസാരെ തന്റെ ട്രക്ക് നിറയെയുള്ള പട്ടാളക്കാരുമായി മുന്നോട്ടു കുതിച്ചു, എല്ലാവരേയും സുരക്ഷിതരാക്കണം! ഇതിനിടെ ചീറിപ്പായുന്ന ഒരു തീക്കട്ട നെറ്റിക്കടുത്തേക്ക് പാഞ്ഞടുക്കുന്നതു കണ്ട് അയാള്‍ വണ്ടിയുടെ ഡാഷ് ബോര്‍ഡിന് കീഴേക്ക് കുനിഞ്ഞതും ബ്രേക്ക് ആഞ്ഞു ചവിട്ടയതും ഒന്നിച്ചായിരുന്നു. ട്രക്കിന്റെ മുന്നിലെ ഗ്ലാസും മറ്റും തകര്‍ത്തു തരിപ്പണമാക്കി വന്ന വെടിയുണ്ടകള്‍ തൊട്ടടുത്തിരിക്കുന്ന പട്ടാളക്കാരനെ പൊതിയുന്നത് ഹസാരെ കണ്ടു. ട്രക്കുമായി ആ 25 കാരന് വീണ്ടും മുന്നോട്ട്…വ്യോമാക്രമണം വീണ്ടുമുണ്ടായി….ആ പോര് വിമാനം പിന്വാങ്ങിയപ്പോഴേക്കും ട്രക്കിലെ ഡസന്‍കണക്കിന് ജവാന്മാര് മരിച്ചിരുന്നു. അവശേഷിച്ചവരില്‍ ഹസാരെയും ഉണ്ടായിരുന്നു, വലിയ പരിക്കുകളൊന്നുമില്ലാതെ. “ദൈവമേ നീയെന്നെ രക്ഷിച്ചു” ഹസാരെ മനസ്സില്‍ പറഞ്ഞു. പക്ഷേ വീണ്ടും വീണ്ടും അയാള്‍ സ്വയം ചോദിച്ചു- “എന്തിനുവേണ്ടി?”
റാലെഗോണ്‍ സിദ്ധി എന്ന ഗ്രാമത്തിലാണ് ബാബുറാവു ഹസാരെയെ ഞാന്‍ കാണുന്നത്. ആ ഗ്രാമം കണ്ടപ്പോള്‍ ദൈവം അയാളെ രക്ഷിച്ചതെന്തിനാണെന്ന് മനസ്സിലായി. 1970 കളില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ മറ്റു പല ഗ്രാമങ്ങള്‍ പോലെ തന്നെയായിരുന്നു റാലെഗണ്‍ സിദ്ധി. കാലവര്‍ഷ സമയത്തുള്ള വെള്ളമുപയോഗിച്ച് ഒരു വിളവ് കിട്ടിയാലായി. ഗ്രാമത്തിലുള്ള 315 കുടുംബങ്ങളില്‍ 70 ശതമാനവും നിത്യദാരിദ്ര്യത്തിലായിരുന്നു. റാലെഗോണ്‍ സിദ്ധിയ്ക്ക് പക്ഷെ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ആ ചെറിയ ഗ്രാമത്തില്‍ 40-ഓളം വാറ്റു കേന്ദ്രങ്ങളുണ്ടായിരുന്നു; അവിടം കുടിയന്മാരുടേയും ചൂതാട്ടക്കാരുടേയും കേന്ദ്രമായിരുന്നു. പിടിച്ചുപറിയും മോഷണവും തല്ലും വക്കാണവും നിത്യസംഭവങ്ങളായിരുന്നു.
1975 ലാണ് ഹസാരെ ഈ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നത്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം നേതൃത്വം നല്കിയ ഒരു ജനകീയ സംരംഭമാണ് അതിന്റെ മുഖഛായ എന്നെന്നേക്കുമായി മാറ്റി മറിച്ചത്. ഇന്ന് റാലേഗോണ് സിദ്ധി പുരോഗതിയും അച്ചടക്കവുമുള്ള ഒരു മാതൃകാഗ്രാമമാണ്. അതിന്റെ സൂചനകള്‍ എത്രയോ പ്രകടമാണ്. അവിടെയുള്ള വയലുകളില്‍ ധാന്യസമൃദ്ധി വേണ്ടുവോളം, അവിടെ ബാങ്കുണ്ട്, ബോര്‍ഡിങ്ങ് സ്ക്കൂളുണ്ട്, ബയോഗ്യാസ് പ്ലാന്റുകളുണ്ട്; പല കര്‍ഷകരും സ്വന്തം മോപ്പഡുകളില്‍ സഞ്ചരിക്കുന്നു. ഇതിലെല്ലാം ഉപരി ഹസാരെയുടെ ഇടപെടല്‍മൂലം ഈ ഗ്രാമത്തിനുണ്ടായ സാമൂഹിക മാറ്റമാണ് നമ്മെ അത്ഭുതപ്പെടുത്തുക. റാലെഗോണ്‍ സിദ്ധിഗ്രാമത്തില്‍ ആരും മദ്യപിക്കാറില്ല. വിരലില്ലെണ്ണാവുന്നവര് പുകവലിക്കും, അത്രമാത്രം. ഈ ഗ്രാമത്തില്‍ ഒരു കുറ്റകൃത്യം നടന്നിട്ട് വര്‍ഷങ്ങളായി. തൊട്ടുകൂടായ്മ ഗ്രാമത്തില്‍ ഏതാണ്ട് ഇല്ലാതായി. അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ രാജീവ് അഗര്‍വാള്‍ സാക്ഷ്യപ്പെടുത്തുന്നു- “ഹസാരെക്ക് നന്ദി. സമീപത്തുള്ള നൂറുകണക്കിന് ഗ്രാമങ്ങളും ജില്ലകളും ഇന്ന് റാലെഗോണിനെ നോക്കി ആവേശം കൊള്ളുന്നു, റാലെഗോണിനെ മാതൃകയാക്കുന്നു.”
ഇതിനെല്ലാം കാരണക്കാരന്‍ ഈ ഹസാരെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. കാഴ്ചയില്‍ മെലിഞ്ഞ് കുറിയ ഒരു സാധാരണക്കാരന്, രണ്ടാമതൊന്ന് നോക്കാന്‍ നമ്മളാരും ശ്രദ്ധിക്കാത്ത ഒരാള്‍. ഇയാള്‍ വളര്‍ന്ന ചുറ്റുപാടുകളും ഒരു വലിയ നേതാവിന്റേതിന് യോജിക്കുന്നതല്ല. ഒരു സാധാരണ കര്‍ഷകന്റെ മകനായ ഹസാരെക്ക് ഏഴാംക്ലാസ് വരെ മാത്രമേ പഠിക്കാനായിട്ടുള്ളൂ. ചെറുപ്പത്തില്‍ ഇയാളുടെ ക്ഷോഭിക്കുന്ന സ്വഭാവം പലതവണ ഇയാളെ കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട്. ഇയാള്‍ ബോംബെയിലുള്ളപ്പോള്‍ തെരുവ് കച്ചവടക്കാരെ സ്ഥിരമായി ശല്യം ചെയ്ത് ഗുണ്ടാപിരിവ് വാങ്ങിയിരുന്ന ഒരു പോലീസുകാരനെ അടിച്ച് അവശനാക്കി അതുമൂലം ഏറെക്കാലം പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പട്ടാളത്തിലുള്ളപ്പോഴും ‘കുഴപ്പക്കാരന്‍’ എന്ന പട്ടം ഇയാളില്‍ ചാര്‍ത്തപ്പെട്ടു. പട്ടാളക്കാരനായി അധികമാവുമ്പോഴേക്കും മേലുദ്യോഗസ്ഥന് മെസ്സ്-ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നത് കണ്ട് സഹികെട്ട് പരസ്യമായി ഇതേപ്പറ്റി ചോദ്യം ചെയ്തു. താമസിച്ചില്ല, മേലുദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ഹസാരെക്ക് വടക്കു കിഴക്കന്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക് സ്ഥലമാറ്റ ശിക്ഷയും കിട്ടി.
1964 ല്‍ ദല്‍ഹിയിലെ ഒരു റെയില്‍വേ പ്ലാറ്റ് ഫോമില്‍ വെച്ച് അവിടെയുള്ള പുസ്തകശാലയിലുള്ള ഒരു പുസ്തകമാണ് ഹസാരെയുടെ ജീവിതം മാറ്റിമറിച്ചത്. അയാളത് വാങ്ങി. സ്വാമിവിവേകാനന്ദന്റെ ജീവചരിത്രമായിരുന്നു അത്. അത് ആര്‍ത്തിയോടെ വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. അപ്പോള്‍ ഹസാരെക്ക് തന്റെ ജീവിതദൗത്യം തെളിഞ്ഞു വന്നതായി ബോധ്യമായി. ഒരു മനുഷ്യന് മഹാനാവുന്നത് അയാള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ്. ഹസാരെ പിന്നീട് മറ്റ് മതഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും സാമൂഹ്യപരിഷ്കര്ത്താക്കളെക്കുറിച്ചുള്ള പുസ്തകങ്ങളും ഏറെ വായിച്ചു. അങ്ങനെ ഖേം കരണിലെ തലനാരിഴക്കുള്ള രക്ഷപ്പെടലിനുശേഷം ഹസാരെ സ്വയം പരിവര്‍ത്തനത്തിന് വിധേയനായി. സസ്യഭുക്കായി, സിഗരറ്റോ ബീഡിയോ വലിക്കില്ല. മദ്യപിക്കില്ല, അവിടേയും നിര്‍ത്തിയില്ല, തന്റെ ഭാവി ജീവിതം സാമൂഹ്യ സേവനത്തിനായി മാത്രം സമര്‍പ്പിച്ചുകൊണ്ട് അവിവാഹിതനായി ജീവിക്കാനും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഈ ഭാരതമാണ് എന്റെ കുടുംബം. അദ്ദേഹം സ്വയം തീരുമാനിച്ചു.
തന്റെ മുന്നില്‍ മഹത്തരമായ ഒരു ദൗത്യം പൂര്‍ത്തിയാക്കാനുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഗ്രാമമായ റാലെഗോണ്‍ സിദ്ധിയുടെ സമഗ്രപുരോഗതി! അതുവരെയുള്ള വാര്‍ഷിക സന്ദര്‍ശന വേളയില്‍ തന്റെ ഗ്രാമത്തിന്റെ കഷ്ടസ്ഥിതികള്‍ കണ്ട് ഹസാരെയുടെ മനസ്സ് തേങ്ങിയിരുന്നു. അവിടെയുള്ള ഗ്രാമക്ഷേത്രം നശിച്ചു വീഴാറായിരിക്കുന്നു. ഹസാരെ സ്വയം പറഞ്ഞു. “എനിക്ക് ഈ ഗ്രാമക്ഷേത്രം വീണ്ടും പുനര്നിര്മിക്കാനായാല് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഈശ്വരവിശ്വാസമുണ്ടാവാനും അവരുടെ ജീവിതം നന്നാവാനും അത് ഉപകരിക്കും. പക്ഷെ അദ്ദേഹത്തിന്റെ പക്കല്‍ വേണ്ടത്ര പണമുണ്ടായിരുന്നില്ല. പെന്ഷന് പറ്റണമെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി പട്ടാളത്തില്‍ സേവനമനുഷ്ഠിക്കേണ്ടിയിരുന്നു…അപ്രകാരം പട്ടാള സേവനം പൂര്‍ത്തിയാക്കി.
അങ്ങനെ, 1975 ല്‍ പട്ടാളത്തില്‍നിന്നും വിരമിച്ച് ഹസാരെ റാലെഗോണ്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. സേവന ആനുകൂല്യങ്ങളെല്ലംകൂടി 20,000 രൂപ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. തന്റെ ഗ്രാമക്ഷേത്രം നന്നാക്കാന്‍ ഈ തുക ചെലവിടാന്‍ അദ്ദേഹം തീരുമാനിച്ചു. ആശാരിമാരേയും മണ്പണിക്കാരേയും ഇതിനായി അദ്ദേഹം ഏര്‍പ്പാടാക്കി; അവര്‍ക്കൊപ്പം മരപ്പണിയിലും മണ്പണിയിലും അദ്ദേഹവും സ്വയം പങ്കുചേര്‍ന്നു.
ആദ്യമൊക്കെ ആളുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അത്ര ശ്രദ്ധിച്ചില്ല. ഗ്രാമക്ഷേത്രം ഉയര്‍ന്നുവരാന്‍ തുടങ്ങിയതോടെ, ഗ്രാമീണരിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പലരും മരവും മറ്റും സംഭാവനയായി നല്കി; പലരും സ്വയം പണിയെടുക്കാന്‍ തയ്യാറായി വരാന്‍ തുടങ്ങി, രാപ്പകല്‍ അവര്‍ അദ്ധ്വാനിച്ചു….പ്രതിഫലമില്ലാതെ. ഹസാരെ പറയുന്നു- ‘ഇതില്‍നിന്ന് ഒരു കാര്യം ഞാന്‍ പഠിച്ചു. നമ്മള് സ്വാര്ത്ഥമതികളല്ലായെന്നും നാം അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും വന്നാല്‍ ജനങ്ങള്‍ നമുക്കൊപ്പമുണ്ടാവും.
ഇതിനകം ഹസാരെക്കൊപ്പം ഒരു സംഘം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്നിരുന്നു. അവര്‍ ആദരപുരസ്സരം അദ്ദേഹത്തെ “അണ്ണാ” (വലിയേട്ടാ) എന്നു വിളിക്കാന്‍ തുടങ്ങി. ഈ ചെറുപ്പക്കാര്‍ക്ക് മുന്നില്‍ അദ്ദേഹം തന്റെ ഗ്രാമത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ പങ്കുവെച്ചു. ക്രമേണ ക്രമേണ കൂടുതല്‍ ചെറുപ്പക്കാര്‍ ഈ ഗ്രൂപ്പിലേക്ക് ആകൃഷ്ടരായി വരാന്‍ തുടങ്ങി. ഹസാരെ ഇവര്‍ക്ക് ഒരു പേരിട്ടു. ‘തരുണ്‍ മണ്ഡല്’ (യുവജനസംഘം)
ഒരു രാത്രി ഏതാനും തരുണ്‍ മണ്ഡല് അംഗങ്ങള്‍ ഗ്രാമക്ഷേത്രത്തിലേക്ക് ഓടി വന്ന് പറഞ്ഞു. അയല്‍ ഗ്രാമത്തിലെ കുടിയന്മാര് വന്ന് നമ്മുടെ ഗ്രാമത്തിലെ ഗുലാബ് ഭാലേക്കറെന്ന കര്‍ഷകനായ നാല്പ്പതുകാരനെ അടിച്ച് അവശനാക്കിയിരിക്കുന്നു. ആ കുടിയന്മാരെ സലൂട്ട് ചെയ്തില്ലയെന്നത്രെ കാരണം. “അണ്ണാ”യ്ക്ക് ഈ സംഭവം തീരെ രസിച്ചില്ല. ഉടനെ മുഴുവന്‍ ഗ്രാമവാസികളേയും വിളിച്ചുകൂട്ടി മദ്യപാനത്തിനും വ്യാജവാറ്റിനും ചൂതാട്ടത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. രണ്ടും കല്‍പ്പിച്ച് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു- “ഇവിടുത്തെ വാറ്റുകാര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇവിടെ വാറ്റ് നിര്‍ത്തണം”അതൊരു ആജ്ഞയായിരുന്നു.
വാറ്റുകാരില്‍ ചിലരെല്ലാം അണ്ണായുടേയും പയ്യന്മാരുടേയും വാക്ക് കേട്ട് താമസിയാതെ അവരുടെ വാറ്റു കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. അവശേഷിച്ച മിക്ക വാറ്റു കേന്ദ്രങ്ങളും ദിവസങ്ങള്‍ക്കകം അടിച്ചു തകര്‍ക്കപ്പെട്ടു. ഹസാരെക്ക് ഇതുകൊണ്ടും തൃപ്തി വന്നില്ല. അദ്ദേഹം ഗ്രാമീണരോട് പറഞ്ഞു- “മദ്യപാനം നിര്ബന്ധമുള്ളവര് ശ്രദ്ധിക്കുക. ഈ ഗ്രാമത്തില്‍ അതുവേണ്ട. വേണ്ടവര്‍ ഗ്രാമം വിടുക. ഇവിടെ മദ്യപിച്ച് കണ്ടാല്‍ വിവരമറിയും.” അദ്ദേഹം പറഞ്ഞതു ചെയ്യാനും ഉറച്ചിരുന്നു എന്ന് വരും ദിവസങ്ങള്‍ തെളിയിച്ചു.
ഹസാരെ പറഞ്ഞു- “നിങ്ങള്‍ക്കെന്തെങ്കിലും സമൂലമാറ്റം വരുത്തേണ്ടതായിട്ടുണ്ടോ, അതിന്ന് കുറച്ച് ശാഠ്യവും ശക്തവുമായ നടപടിയും വേണം” പക്ഷെ ഇതെല്ലാം ചെയ്ത ഹസാരയെപ്പറ്റി ഒരൊറ്റ ഗ്രാമീണനുപോലും പരാതിയില്ല, പരിഭവമില്ല.
മദ്യപാനത്തിനുപുറമെ ഗ്രാമത്തിന്റെ ദയനീയ സ്ഥിതിക്ക് കാരണം ഗ്രാമവാസികളുടെ തൊഴിലില്ലായ്മയാണെന്ന് ഹസാരെക്ക് ബോധ്യമായി. വാറ്റുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ അതുവഴി ഉപജീവനം കഴിച്ചവര്‍ പട്ടിണിയിലായി. ഇനിയെന്ത് ചെയ്യും എന്ന് ഹസാരെ ചിന്തിച്ചിരിക്കുമ്പോഴാണ് ദിനപ്പത്രത്തിലെ ഒരു ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സര്‍ക്കാര്‍ തലത്തില്‍ ചില പൊതുമരാമത്ത് പണികള്‍ക്കുള്ള കൂലിപ്പണികളുടെ ടെണ്ടര്‍ വിവരങ്ങള്‍ അതിലുണ്ടായിരുന്നു. അദ്ദേഹവും തരുണ്‍ മണ്ഡല് പയ്യന്മാരും ചേര്‍ന്ന് 200 ഓളം ഗ്രാമവാസികളെ സംഘടിപ്പിച്ച് സമയോചിതമായി പ്രവര്‍ത്തിച്ചതില്‍ ഇവര്‍ക്കെല്ലാം തൊഴിലും വരുമാനവും ഉണ്ടായി.
ഹസാരെ മറ്റൊരു പാഠം കൂടി പഠിക്കുകയായിരുന്നു. ഗവണ്മെന്റ് കീഴില്‍ പല പദ്ധതികളും തൊഴിലവസരങ്ങളും വരുന്നുണ്ട്. അവ വേണ്ടത്ര പ്രചരിപ്പിക്കാത്തതുമൂലം, അവ വായിച്ചറിയാന്‍ ഗ്രാമീണര്‍ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുമൂലം ഇത്തരം പദ്ധതികളുടെ ആനുകൂല്യമൊന്നും കിട്ടുന്നില്ല. ഗവണ്മെന്റ് പദ്ധതികളും മറ്റും ശ്രദ്ധാപൂര്‍വം പഠിക്കാനായാല്‍ തന്റെ ഗ്രാമവാസികള്‍ക്ക് പല സഹായങ്ങളും തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാവും.
ഇത്തരം പദ്ധതികളെപ്പറ്റി പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയെന്നതായി ഹസാരെയുടെ അടുത്ത ശ്രമങ്ങള്‍. അദ്ദേഹം നിരന്തരം സര്‍ക്കാര്‍ ആഫീസുകള്‍ കയറിയിറങ്ങി. ആവുന്നത്ര ഉദ്യോഗസ്ഥരോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ച് ഗ്രഹിച്ചു.
റാലെഗോണില് രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായിരുന്നതിനാല്‍ ഹസാരെക്ക് ഇക്കാര്യത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതില്‍ ഏറെ ആകാംക്ഷയുണ്ടായിരുന്നു. ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരെ പുരന്ദര്‍ എന്ന ഒരു ഗ്രാമത്തില്‍ വിജയകരമായി നടപ്പിലാക്കിയ ഒരു കുടിവെള്ള പദ്ധതിയെപ്പറ്റി ഹസാരെ പത്രവാര്‍ത്തയിലൂടെ വായിച്ചറിഞ്ഞിരുന്നു. അതേപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയ അദ്ദേഹം എഞ്ചിനീയര്‍മാരോടും വിദഗ്ദ്ധരോടും നിരന്തരം സമ്പര്‍ക്കം ചെയ്ത് തന്റെ ഗ്രാമത്തിനായി ബൃഹത്തായ ഒരു പദ്ധതി തയ്യാറാക്കിച്ചു. ഗ്രാമനിവാസികളോട് നിരന്തരം ഇതേപ്പറ്റി സംസാരിച്ചതില്‍ അവര്‍ ഇതിന്റെ പണികള്‍ നടത്താന്‍ പരമാവധി സഹായിക്കാന്‍ തയ്യാറായി. ഈ പദ്ധതി അദ്ദേഹം ഏറ്റവും കുറഞ്ഞ ചെലവില്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. അദ്ദേഹം പറയുന്നു “ഒന്നിച്ച് പണിയെടുത്ത് ഗ്രാമക്ഷേത്രം പണിതീര്‍ത്ത ഗ്രാമവാസികള്‍ക്ക് അതിന്റെ ഗുണവും മനസ്സിലായിരുന്നു.അവര്‍ അതു മനസ്സിലാക്കി ഇക്കാര്യത്തിലും സഹകരിച്ചു. ശ്രമ-ദാനം എന്നത് ഞങ്ങളുടെ ജീവിതരീതിയായിരിക്കുന്നു.”
ഇന്ന് റാലെഗോണ്‍ ജലസേചന സൗകര്യമുള്ള ഒരു ഭൂപ്രദേശമാണ്. കാര്‍ഷിക വരുമാനം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. വളരെ ചെറിയ വിഭാഗം ഗ്രാമീണര്‍ മാത്രമേ ദാരിദ്ര്യരേഖക്ക് താഴെയുള്ളൂ. അവരുടെയെല്ലാം ജീവിതനിലവാരം ഏറെ ഉയര്ന്നുവെന്നുമാത്രമല്ല, അവര്‍ക്കാര്‍ക്കും ബാധ്യതകളുമില്ല.
റാലെഗോണെന്ന ഗ്രാമത്തിന്റെ സ്വന്തമായുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് എല്ലാം സുഗമമായിരുന്നു എന്നല്ല ഇത്രയും എഴുതിയതിനര്ത്ഥം. വെല്ലുവിളികള്‍ ധാരാളമുണ്ടായി-ഗ്രാമവാസികള്‍ക്ക് സ്വന്തമായൊരു ഹൈസ്കൂള്‍ വേണമെന്ന ആഗ്രഹമുണ്ടായി. അവര്‍ സംഘടിച്ച് 10 മുറികളുള്ള കെട്ടിടം അതിനായി പണിതു. സര്‍ക്കാരാവട്ടെ, സ്കൂള്‍ നടത്താന്‍ പണമനുവദിച്ചില്ല. അധികം വൈകാതെ ഇതിന് പിന്നിലുള്ള കാരണം അണ്ണാ കണ്ടുപിടിച്ചു. ജില്ലയിലെ ശക്തനായൊരു രാഷ്ട്രീയ നേതാവായിരുന്നു ഇതിന് പിന്നില്‍. റാലെഗണില്നിന്നും തനിക്ക് വോട്ടൊന്നും കിട്ടിയില്ലെന്നതിന്റെ പ്രതികാരമായി അയാള്‍ ഇടപെട്ട് സ്കൂളിനുള്ള സര്‍ക്കാര്‍ സഹായം മുടക്കുകയായിരുന്നു.
ഒട്ടും പതറാതെ ഹസാരെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങി. സ്വന്തമായി അദ്ദേഹം പത്ത് അധ്യാപകരെ നിയമിച്ചു. അവര്‍ക്ക് ഭക്ഷണവും താമസസ്ഥലവും ഒരുക്കി, ശമ്പളം ഏര്‍പ്പാടാക്കി, സ്കൂള്‍ പ്രവര്‍ത്തനവും തുടങ്ങി. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിരന്തരം നിവേദനങ്ങളും ഹര്‍ജികളുമായി അദ്ദേഹം ജില്ലാ ആസ്ഥാനമായ അഹമ്മദ് നഗറിലും 350 കിലോ മീറ്റര്‍ ദൂരെയുള്ള ബോംബെ സെക്രട്ടറിയേറ്റിലും കയറിയിറങ്ങി.
ഇതിനായുള്ള ചെലവുകള്‍ പരമാവധി കുറയ്ക്കാന്‍ ബോംബെയാത്രകളില് അദ്ദേഹം ബസ്സ്റ്റാന്റുകളില് നിലത്ത് ന്യൂസ് പേപ്പറുകള്‍ വിരിച്ച് അതിന്മേലുറങ്ങി, കടലില്‍ കുളിച്ചു. ഒരു വര്‍ഷത്തിനിടെ 20 ഓളം തവണ ബോംബെയിലും അതിലും എത്രയോ അധികം തവണ അഹമ്മദ് നഗറിലും അദ്ദേഹം ചെന്നിട്ടും കാര്യം നടന്നില്ല. നേതാവിന്റെ സ്വാധീനം അത്രയായിരുന്നു. ഹസാരെ ചിന്തിച്ചുറച്ചു. “ഇതുവരെക്കുള്ളത് മതിയായി. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയാം.” അഹമ്മദ് നഗറിലെ ജില്ലാ പരിഷത്ത് ഓഫീസ് ഒരു ദിവസം രാവിലെ തുറന്നപ്പോള്‍ 250 ഗ്രാമീണരുമായി അണ്ണാഹസാരെ എത്തി നിരാഹാരസത്യഗ്രഹവും പ്രഖ്യാപിക്കപ്പെട്ടു. മണിക്കൂറുകള്‍ക്കകം ബോംബെയില്നിന്നും ഹൈസ്കൂളിനുള്ള ഫണ്ട് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നു.
ഇന്ന് ഈ സ്കൂള്‍ മിലിട്ടറി ചിട്ടയിലാണ് നടക്കുന്നത്. ഹസാരെ പറയുന്നു. “സൈന്യത്തിലാണ് അച്ചടക്കം ഞാന്‍ അല്‍പ്പമെങ്കിലും കണ്ടിട്ടുള്ളത്.” ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതോടൊപ്പം ശാരീരിക വ്യായാമങ്ങളും ജോഗിങ്ങുമെല്ലാം ചെയ്യണം. അവര്‍ക്ക് ഇംഗ്ലീഷില്‍ സ്പെഷ്യല്‍ കോച്ചിങ്ങും പഠന ക്ലാസുകളും നിര്‍ബന്ധമാണ്. ഇംഗ്ലീഷ് അധികമറിയാത്ത ഹസാരെ പറയുന്നു. “ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ അറിയാന്‍ ഇംഗ്ലീഷിലുള്ള പരിജ്ഞാനം അനിവാര്യമാണ്.”
റാലെഗോണിലെ വര്‍ഷങ്ങളായുള്ള സാമൂഹിക ആചാരങ്ങളും ഹസാരെ മാറ്റിമറിച്ചു. കൊല്ലത്തില്‍ മൂന്നുതവണകളായി റാലെഗോണ്‍ തരുണ്‍ മണ്ഡല് സംഘടിപ്പിക്കുന്ന സാമൂഹ്യ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഒരു കുടുംബത്തിന് 1000 രൂപയാണ് പരമാവധി ചെലവ്. ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു ചെലവുമില്ല. ഇവിടുത്തെ സമൂഹവിവാഹ ചടങ്ങ് ഏറെ പ്രചാരമായതിനാല് സമീപ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളും ഇത്തരം ചടങ്ങുകളില്‍ വിവാഹിതരാവാന്‍ എത്തുന്നുണ്ട്.
തൊട്ടുകൂടായ്മയും തീണ്ടലും റാലെഗോണ്‍ ഗ്രാമത്തില്‍ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ ഗ്രാമത്തിലെ ഹരിജനങ്ങളും മറ്റ് ഹിന്ദുവിഭാഗങ്ങളും ഒരേ കിണറുകളില്‍നിന്നും വെള്ളടാങ്കുകളില്നിന്നും വെള്ളമെടുത്ത് ഉപയോഗിക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഗ്രാമത്തിലെ വാര്‍ഷിക കന്നുകാലി ഉത്സവവേളയില്‍ ഹരിജനവിഭാഗമുള്ള ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ കന്നുകള്‍ക്ക് പ്രത്യേക സമ്മാനവും നല്കുന്ന പതിവ് തുടങ്ങിയിരിക്കുന്നു. ഗ്രാമത്തില്‍ വര്‍ഷംതോറും കന്നുകാലികളെ പങ്കെടുപ്പിച്ച് ഉത്സവങ്ങള്‍ നടത്തിയിരുന്നു. ഹസാരെ ഈ ഉത്സവവേളയില്‍ പുതിയൊരു പതിവുണ്ടാക്കി. സ്വയം അദ്ധ്വാനിച്ച് ഇണക്കന്നുകള് ഉണ്ടാക്കുന്ന ഹരിജന്‍ കര്ഷകന് പ്രത്യേക സ്ഥാനവും സമ്മാനങ്ങളും നല്കാന് തുടങ്ങി.
എല്ലാ സാമൂഹ്യമാറ്റങ്ങള്‍ക്കും ശക്തമായ ആത്മീയ അടിത്തറ വേണമെന്നാണ് അണ്ണാ ഹസാരെയുടെ വിശ്വാസം. ഹസാരെയുടെ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ ഗ്രാമക്ഷേത്രത്തില്‍ നിന്നായിരുന്നല്ലോ. ഗ്രാമക്ഷേത്രത്തിനരികിലുള്ള ഒരു ചെറിയ മുറിയിലാണ് അണ്ണാ ജീവിക്കുന്നത്. ചുറ്റുഭാഗത്തും ഷെല്ഫുകളിലും മറ്റുമായി അടുക്കി ചിട്ടയാക്കി വച്ചിട്ടുള്ള ഫയലുകളും രേഖകളുമാണ്. ഊണും ഉറക്കവും ഇവിടെത്തന്നെ. ദിവസം മുഴുവനും ക്ഷേത്രവും പരിസരവും ശബ്ദവാദ്യഘോഷങ്ങളാല് മുഖരിതമാണ്. ജനനിബിഢമാണ്. പ്രാര്‍ത്ഥനകള്‍, ഭക്തി പ്രഭാഷണങ്ങള്‍, യോഗങ്ങള്‍ എല്ലാം ഇവിടെ നടന്നുവരുന്നു. റാലെഗോണിനുണ്ടായ മാറ്റങ്ങള്‍ കണ്ട് ആകൃഷ്ടരായ സമീപഗ്രാമവാസികളും ആവേശഭരിതരായി അവനവന്റെ ഗ്രാമങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.
റാലെഗോണിന്നായി ഇനിയും ഏറെ സ്വപ്നങ്ങള്‍ പൂവണിയാനുണ്ടെന്ന് ഹസാരെ പറയുന്നു. കൂടുതല്‍ വ്യവസായങ്ങള്‍, വിദ്യാഭ്യാസമുള്ള യുവതീ യുവാക്കള്‍…….അദ്ദേഹത്തിന് ഇപ്പോഴും ഒരു മിനിട്ട് വിശ്രമമില്ല. പരിപാടികള്‍, ചര്‍ച്ചകള്‍, ഉപദേശങ്ങള്‍, യാത്രകള്‍……ഞാന്‍ അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കെ രണ്ടു മുസ്ലീം യുവാക്കള്‍ സമീപഗ്രാമമായ സിരൂരില്നിന്നും വന്ന് അദ്ദേഹത്തെ ഒരു പരിപാടിക്ക് ക്ഷണിച്ചു. പ്രവാചകന്റെ ആണ്ടുപിറന്നാള്‍ വേളയില്‍ അവരുടെ ഗ്രാമത്തിലെ ഒരു മീറ്റിംഗിന് ഹസാരെയുടെ പ്രസംഗം വേണം, ഇതാണാവശ്യം. അണ്ണാ ഉടന്‍ സമ്മതിച്ചു. അവര്‍ പോയപ്പോള്‍ അണ്ണാ എന്നോട് പറഞ്ഞു- “പ്രവാചകനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല, കേട്ടോ. പക്ഷെ അവര്‍ക്ക് ഞാനൊരു സന്ദേശം നല്‍കും-നമ്മുടെ രാജ്യം നന്നാവണമെങ്കില്‍ നമ്മുടെ ഗ്രാമങ്ങള്‍ നന്നാവണം; ഇതിനെല്ലാം വേണ്ടി ആദ്യം നമ്മള് സ്വയം നന്നാവണം, ഏറെ പരിവര്ത്തനത്തിനുവിധേയരാവണം.”
കുറിപ്പ്
ഈ ലേഖനം അച്ചടിച്ചു വന്നപ്പോള്‍ അണ്ണാ ഹസാരെ അധികമാരും അറിയാത്ത ഒരാളായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം അനവധി പുരസ്ക്കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും അര്‍ഹനായി, പത്മഭൂഷണ്‍ അടക്കം. ഇന്ന് ഇദ്ദേഹം അഴിമതിക്കെതിരെ നടത്തിയ അനവധി സമരങ്ങളുടെ ധീരനായകനായി ദേശവ്യാപകമായി അറിയപ്പെടുന്നു. മഹാരാഷ്ട്രയില്‍ വിവരാവകാശ നിയമം-2006 ല്‍ നടപ്പിലാക്കിയതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. രാജ്യത്തെ മറ്റ് പല ഗ്രാമങ്ങള്‍ക്കും ഇതിനകം റാലെഗോണ്‍ സിദ്ധി എന്ന കൊച്ചുഗ്രാമം മാതൃകയുമാണ്.
മോഹന്‍ ശിവാനന്ദ്
റീഡേഴ്സ് ഡൈജസ്റ്റിനോട് കടപ്പാട്: വിവ. അഡ്വ.കെ.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: