ന്യൂദല്‍ഹി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ യുപിഎ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് അഴിമതിവീരന്മാര്ക്കൊപ്പം തിഹാര്‍ ജയിലിലടച്ചു. രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം ആരംഭിക്കാനിരിക്കെയാണ് ഹസാരെയെ കേന്ദ്രം തുറങ്കിലടച്ചത്. ഇന്നലെ രാത്രി വൈകി ഹസാരയെ വിട്ടയക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്ന കാരണത്താല്‍ ജയില്‍ വിടില്ലെന്ന നിലപാടിലാണ് അദ്ദേഹം.
നിരോധനാജ്ഞ ലംഘിച്ചും അനിശ്ചിതകാല നിരാഹാര സത്യഗ്രഹവുമായി മുന്നോട്ടുപോകുമെന്ന് ടീം ഹസാരെ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്. ഇന്നലെ രാവിലെ സത്യഗ്രഹവേദിയായ ഫിറോഷ്ഷാകോട്ട്ലക്ക് സമീപത്തെ ജയപ്രകാശ് നാരായണ്‍ പാര്‍ക്കിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഹസാരെയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ നടപടിച്ചട്ടം 107/151 (സമാധാനലംഘനം) പ്രകാരമാണ് അറസ്റ്റ്. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഹസാരെ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. കിഴക്കന്‍ ദല്‍ഹിയിലെ മയൂര്‍ വിഹാറിലുള്ള ഒരു ഫ്ലാറ്റില്‍നിന്ന് രാവിലെ 7.30നാണ് ഹസാരെ (73)യെ അറസ്റ്റ് ചെയ്തത്. സത്യഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ഒരു സംഘം ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം വിഫലമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ടീം ഹസാരെ അംഗങ്ങളും പൊതുസമൂഹ പ്രതിനിധികളുമായ കിരണ്‍ബേദി, ശാന്തിഭൂഷണ്‍, അരവിന്ദ് കേജ്രിവാള്, മനോജ് സിസോദിയ എന്നിവരെയും സമാന നടപടികളിലൂടെ തിഹാര്‍ ജയിലിലടച്ചു. ബേദിയെയും ശാന്തിഭൂഷണെയും പിന്നീട് വിട്ടയച്ചു.
ഇതിനിടെ, ജയിലിലും ഹസാരെ നിരാഹാരം തുടരുകയാണ്. ജലപാനം പോലും അദ്ദേഹം ഉപേക്ഷിച്ചതായി ഡിഐജി- പ്രിസണ്‍സ് ആര്.എന്‍. ശര്‍മ്മ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ടീം ഹസാരെ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു.
അഴിമതിവീരനും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി മുന്‍ ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ നമ്പര്‍ നാലിലാണ് ഹസാരെക്കും സ്ഥാനം. സ്പെക്ട്രം ഇടപാടിലെ അഴിമതിരാജാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.രാജക്കൊപ്പം ജയില്‍ നമ്പര്‍ ഒന്നിലാണ് ടീം ഹസാരെയിലെ മറ്റുള്ളവര്‍. അഴിമതിവിരുദ്ധ പ്രവര്‍ത്തകരെ പൊതുസമൂഹത്തിന് മുന്നില്‍ താറടിച്ചുകാണിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യമാണ് ഈ നടപടിക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരോധനാജ്ഞ ലംഘിക്കില്ലെന്ന് ഉറപ്പ് തന്നിരുന്നുവെങ്കില്‍ ഹസാരെയെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്ത വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. അറസ്റ്റ് ചെയ്ത ഹസാരെയെയും സംഘത്തെയും ആദ്യം ഉത്തരദല്ഹിയിലെ ദല്‍ഹി പോലീസ് ഓഫീസേഴ്സ് മെസ്സിലേക്കാണ് കൊണ്ടുപോയത്. ഇവിടെ ജനം തടിച്ചുകൂടിയതോടെ മറ്റൊരിടത്തേക്ക് മാറ്റി. ഹസാരെക്കനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങിയ 1500 ഓളം അഴിമതിവിരുദ്ധ പ്രവര്‍ത്തകരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ദല്‍ഹിയിലെ രജൗരി ഗാര്ഡന് പോലീസ്സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഹസാരെയെ റിമാന്‍ഡ് ചെയ്തത്.
ജാമ്യമെടുക്കാന്‍ വിസ്സമ്മതിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ബേദിയെ കരുതല്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു. അണ്ണാഹസാരെ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്ഘട്ടില്‍ എത്തിയപ്പോഴാണ് ബേദി കസ്റ്റഡിയിലായത്. അരവിന്ദ് കേജ്രിവാള്, ശാന്തിഭൂഷണ്‍, മനീഷ് സിസോദിയ എന്നിവരും ജാമ്യബോണ്ട് നല്കാന് വിസ്സമ്മതിച്ചു. ഹസാരെക്കുനേരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് നിരോധനാജ്ഞ മറികടന്നുള്ള പ്രകടനം. ഇന്ത്യാഗേറ്റില്‍നിന്ന് പാര്‍ലമെന്റ് ഹൗസിലേക്കാണ് മാര്‍ച്ചെന്ന് പൊതുസമൂഹ പ്രതിനിധിയും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് വാര്‍ത്താ ലേഖകരെ അറിയിച്ചു. രാജ്യവ്യാപകമായി സമാധാനപരവും അക്രമരഹിതവുമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് ഹസാരെയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഹസാരെയെ തടഞ്ഞുവെക്കാനും സത്യഗ്രഹത്തിന് അനുമതി നിഷേധിക്കാനുള്ള തീരുമാനവും കേന്ദ്രമന്ത്രിസഭയുടേതാണ്. ഇതൊന്നും ദല്‍ഹി പോലീസിന്റെ തീരുമാനങ്ങളല്ല. ഒന്നിനും സ്വാതന്ത്ര്യമില്ലാത്തവരാണ് ദല്‍ഹി പോലീസ്. അവര്‍ കേന്ദ്രത്തിന്റെ കളിപ്പാവകളാണ്”, പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മയൂര്‍ വിഹാറിലെ ഫ്ലാറ്റില്‍നിന്നുള്ള അറസ്റ്റ് മിസാ (ആഭ്യന്തര സുരക്ഷാ നിയമം) നിയമപ്രകാരമുള്ള തടവിനെയാണ് സൂചിപ്പിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്ന് ഛത്രശാല്‍ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രഗതി മൈതാനിയില്‍നിന്ന് ജയ്പ്രകാശ് നാരായണ്‍ പാര്‍ക്കിലേക്ക് മറ്റൊരു പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, അണ്ണാ ഹസാരെയെ സുരേഷ് കല്മാഡിക്കൊപ്പമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന വാര്‍ത്ത തിഹാര്‍ ജയില്‍ ഡയറക്ടര്‍ നീരജ് കുമാര്‍ നിഷേധിച്ചു. അദ്ദേഹത്തെ കല്‍മാഡിയുടെ വാര്‍ഡില്‍നിന്ന് ഏറെ അകലെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതായും നീരജ് കുമാര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. അഴിമതി നേരിടുന്നതിന് പകരം ബലിയാടുകളെ തേടുകയും സമാധാനപരമായ പ്രതിഷേധപരിപാടികള്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: