ന്യൂദല്‍ഹി: അഴിമതിക്കെതിരെ പ്രതിഷേധിച്ച അണ്ണാ ഹസാരെയെ ജയിലിലടച്ച നടപടി പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് വഴിതെളിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു.
അറസ്റ്റിനുള്ള കാരണം വിശദീകരിക്കണമെന്ന ആവശ്യം നിരാകരിക്കുകയും പ്രശ്നം ഉന്നയിക്കുന്നത് ഭരണകക്ഷിയംഗങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായത്. ബിജെപി, ജനതാദള്‍ (യു), സിപിഎം, സിപിഐ, എസ്പി, ബിഎസ്പി അംഗങ്ങളാണ് ലോക്സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. രാജ്യസഭയില്‍ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലിക്ക് ചെയര്മാന് അനുമതി നല്‍കിയെങ്കിലും ഭരണകക്ഷിയില്‍പ്പെട്ടവര്‍ ശക്തിയായി എതിര്‍ത്തു. ഹസാരെയുടെ അറസ്റ്റും അഴിമതിപ്രശ്നവും അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അറസ്റ്റിനുള്ള കാരണം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിശദീകരിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് ആവശ്യപ്പെട്ടു. ഹസാരെ പ്രശ്നത്തില്‍ യോഗി ആദിത്യനാഥും (ബിജെപി) ശൈലേന്ദ്രകുമാറും (എസ്പി) നല്കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ സ്പീക്കര്‍ മീരാകുമാര്‍ നിഷേധിച്ചു. ലോക്സഭയില്‍ ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്യാന്‍ വകുപ്പില്ലെന്നായിരുന്നു അവരുടെ വാദം. ഇതിനിടെ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് സംസാരിക്കാന്‍ എഴുന്നേറ്റതോടെ പാര്‍ലമെന്ററികാര്യമന്ത്രി പി.കെ. ബന്‍സാല്‍ ഇടപെട്ടു. സുഷമയെ സംസാരിക്കാന്‍ അനുവദിച്ചാല്‍ ആഭ്യന്തരമന്ത്രിക്കും പ്രസ്താവന നടത്താന്‍ അവസരം കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ പ്രതിപക്ഷ ബഹളം മൂര്‍ധന്യത്തിലെത്തുകയും സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയുമായിരുന്നു. പിന്നീട് വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ ഇന്നലത്തേക്ക് പിരിഞ്ഞു. രാജ്യസഭ ഭരണകക്ഷിക്കാര്‍തന്നെ അലങ്കോലമാക്കി.
സഭയില്‍ ജെറ്റ്ലിക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന് ചെയര്മാന് ഹമീദ് അന്‍സാരി പറഞ്ഞെങ്കിലും ഭരണകക്ഷിക്കാര്‍ സമ്മതിച്ചില്ല. ചോദ്യോത്തരവേള നടക്കട്ടയെന്ന് അവര്‍ വാദിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി. ആഭ്യന്തരമന്ത്രി പി. ചിദംബരം ഉച്ചക്ക് പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ് ശുക്ല അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.
സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിച്ച രീതിയിലായിരുന്നു ഇന്നലെ രാജ്യസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ഭരണകക്ഷിയംഗങ്ങളുടെ നിലപാട് ശരിയല്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അന്‍സാരി ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിപക്ഷനേതാവ് സംസാരിക്കാന്‍ ആഗ്രഹിച്ചാല്‍ അവസരം കൊടുക്കുകയെന്നത് കീഴ്വഴക്കമാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ബഹളം ശമിച്ചില്ല. ഭരണകക്ഷിയില്‍പ്പെട്ടവര്‍ സീറ്റില്നിന്നിറങ്ങി ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. ഇതിനിടെ, പാര്‍ലമെന്ററികാര്യസഹമന്ത്രി വി.നാരായണസ്വാമി സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും ഭരണകക്ഷിയംഗങ്ങളുടെ ബഹളത്തില്‍ മുങ്ങി. സിപിഎം അംഗം വൃന്ദ കാരാട്ടും വിഷയം ഉന്നയിച്ചു. നിലക്കാത്ത ബഹളത്തിനൊടുവില്‍ രാജ്യസഭയും പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: