“ഇനി ലീല സ്ത്രീപീഡനത്തെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ ബോംബെറിയും. സ്ത്രീപീഡനത്തെപ്പറ്റി പ്രസംഗിക്കുന്നതിന് പകരം ലൈംഗികത്തൊഴിലിന് നിയമസാധുത നേടിക്കൊടുക്കാനാണ് ശ്രമിക്കേണ്ടത്,” എന്റെ സഹമാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ കെ.എം. റോയ് ഒരു ദിവസം എന്നോട് പറഞ്ഞു. ലൈംഗികവൃത്തി നിയമാനുസൃതമാക്കേണ്ടതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ലൈംഗികവൃത്തിക്ക് തൊഴില്‍പദവി നല്‍കാനുള്ള നീക്കം പോലും ശക്തമായ പ്രതിഷേധം നേരിട്ടത് ആ തൊഴിലിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുമെന്നതിനാലാണ്. ലൈംഗികത്തൊഴിലാളികള്‍ക്ക് സംരക്ഷണവും മറ്റാനുകൂല്യങ്ങളും തൊഴിലായി അംഗീകരിച്ചാല്‍ ലഭ്യമാകുമെങ്കിലും ലൈംഗികത്തൊഴിലാളി മേഖലയില്‍ 32 ശതമാനം പേരും കുട്ടികളാണ്. ഈ മേഖലയില്‍ പലവിധ സമ്മര്‍ദ്ദത്താല്‍ എത്തപ്പെട്ടവരായതിനാല്‍ ഇതിന് നിയമസാധുത കൈവരുത്തുന്നത് പെണ്‍കുട്ടികള്‍ക്ക് വിനാശകരമാകും എന്ന ധാരണ ശക്തമാണ്. ഒരിക്കല്‍ ഒരു സെമിനാറില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനത്തിന് പരിഹാരം ചുവന്ന തെരുവാണെന്ന് സുഗതകുമാരിയുടെ സഹോദരി സുജാത പറയുകയുണ്ടായി. ഇത് മറ്റൊരു സെമിനാറില്‍ ഞാന്‍ എടുത്തുപറഞ്ഞത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ലൈംഗിക അരാജകത്വത്തിന് നേരെ കണ്ണടക്കുന്നവര്‍ വേശ്യാവൃത്തിക്ക് നിയമസാധുത ലഭിക്കുന്നതിനെ സാമൂഹിക വിപത്തായാണ് കാണുന്നത്.
പക്ഷെ വേശ്യാവൃത്തി ഇന്ത്യയിലും ലോകത്തെമ്പാടും നിലനിന്നിരുന്നതുതന്നെയാണ്. ഏറ്റവും പുരാതനമായ തൊഴില്‍ എന്നാണ് വേശ്യാവൃത്തി വിശേഷിപ്പിക്കപ്പെടുന്നത്. ഋഗ്വേദകാലത്തും മനു, പതഞ്ജലി, ശൂ ദ്രകന്‍ മുതലായവരും വേശ്യാവൃത്തിയെപ്പറ്റി പറയുന്നുണ്ട്. നഗരവധു എന്ന സങ്കല്‍പ്പം, അമ്രപാലി, മൃഛകടികത്തിലെ വസന്തസേന മുതലായവരും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ബുദ്ധ, ജൈന കാലഘട്ടത്തിലും വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. കുമാരനാശാന്റെ വാസവദത്ത മലയാളികള്‍ക്ക് സുപരിചിതയാണ്.
ഇന്ന് ഇന്ത്യയില്‍ ബംഗാളിലെ സോനാഗാച്ചിയും മുംബൈയിലെ കാമാത്തിപുരയും ദല്‍ഹിയിലെ ജിബി റോഡും മറ്റുമാണ് ചുവന്ന തെരുവുകള്‍. കാമാത്തിപുരയിലെ വേശ്യാസ്ത്രീകള്‍ക്കിടയില്‍ സേവനം നടത്തുന്ന പ്രിയാദത്ത് എംപിയും ലൈംഗികത്തൊഴിലിന് നിയമസാധുത വേണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്.
കാനഡ, സിംഗപ്പൂര്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് മുതലായ സ്ഥലങ്ങളിലും ചുവന്ന തെരുവുകള്‍ ഉണ്ട്. ഇസ്രയേലിലെ ടെല്‍ അവീവാണത്രെ ലോകത്തെ ‘ബ്രോതല്‍’ തലസ്ഥാനം. മക്കാവോ ദ്വീപും വിഐപി പുത്രന്മാരുടെ ലൈംഗികലിസ്റ്റിലുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെയാണെങ്കിലും, ലൈംഗികതൊഴിലാളികള്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, പുച്ഛിക്കപ്പെടുന്ന, വെറുക്കപ്പെടുന്ന ഒരു സമൂഹമാകുമ്പോള്‍ അവര്‍ക്കും മനുഷ്യാവകാശം ഉണ്ടെന്നത് തിരസ്ക്കരിക്കപ്പെടുന്നു.
കേരളത്തില്‍ പ്രത്യേക ചുവന്ന തെരുവുകളില്ല. പക്ഷെ കേരളം ഇന്ന് അങ്ങോളമിങ്ങോളം വലിയൊരു ചുവന്ന തെരുവായി മാറി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുപോലും സുരക്ഷിതമല്ലാത്ത ഇടമായി മാറിരിക്കുന്നു. ചുവന്ന തെരുവിലേക്കു മാത്രമല്ല കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്, പെണ്‍വാണിഭത്തിലേക്കുംകൂടിയാണ് എന്ന് കേരളം തെളിയിക്കുന്നു. കേരളത്തില്‍ പകര്‍ച്ചവ്യാധിയെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന പെണ്‍വാണിഭം റിയല്‍ എസ്റ്റേറ്റിനേക്കാള്‍ വലിയ വ്യവസായമായി മാറി. വേശ്യാവൃത്തി നിയമാനുസൃതമാക്കിയാല്‍ മദ്യവും അശ്ലീലസാഹിത്യവും കുട്ടികളുടെ അശ്ലീലസിനിമകളും ബലാല്‍സംഗവും കുടുംബത്തിനുള്ളിലെ ലൈംഗികപീഡനവും അഗമ്യഗമനവും സ്ത്രീ-ബാലികാ പീഡനങ്ങളും വ്യാപിക്കും എന്ന വാദത്തെ നിഷ്പ്രഭമാക്കിയാണ് കേരളത്തില്‍ ഇന്ന് മേല്‍പ്പറഞ്ഞ എല്ലാ പ്രതിഭാസങ്ങളും വ്യാപിക്കുന്നത്. വേശ്യാലയത്തില്‍ എത്തുന്ന കുട്ടികളില്‍ പിതാക്കന്മാരാല് പീഡിപ്പിക്കപ്പെടുന്നവര്‍ ഉണ്ടെങ്കിലും കേരളത്തില്‍ പെണ്‍കുട്ടികളെ അച്ഛന്മാര് ബലാല്‍സംഗം ചെയ്യുന്നതും ഗര്‍ഭിണികളാക്കുന്നതും പിന്നീട് പെണ്‍വാണിഭക്കാര്‍ക്ക് കൊണ്ടുനടന്ന് വിറ്റ് പണം സമ്പാദിക്കുന്നതും മാധ്യമവാര്‍ത്തകളാണ്. അനാഥാലയങ്ങളില്‍ ഏല്‍പ്പിക്കപ്പെടുന്ന കുട്ടികള്‍ പോലും ലൈംഗികകമ്പോളത്തിലെ വില്‍പ്പനച്ചരക്കാകുന്നുണ്ട്. വേശ്യാലയത്തിലെത്തുന്ന കുട്ടികളില്‍ എട്ട് ശതമാനം പേര് സ്വന്തം അച്ഛന്മാര് ബലാല്‍സംഗം ചെയ്തശേഷം വിറ്റവരാണ്.
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വയലില്‍ പുല്ലുപറിക്കുന്ന സ്ത്രീകളുടെ സംസാരം ശ്രദ്ധിച്ച് ഞാന്‍ വരമ്പത്ത് ഇരിക്കുമായിരുന്നു. അന്ന് നാരായണി പറഞ്ഞ ഒരു കഥ ഇന്നും എന്റെ ഓര്‍മയിലുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍ ഒരു അപ്പന് മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയശേഷം പറഞ്ഞുവത്രേ “ഞാന്‍ വാഴവെച്ചാല് വാഴക്കുല വെട്ടാന്‍ എനിക്കവകാശമുണ്ട്” എന്ന്.
ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് സൈനികര്‍ക്കുവേണ്ടി ബ്രിട്ടീഷ് വേശ്യകളെ കൊണ്ടുവന്നിരുന്നുവത്രെ. പട്ടാളക്കാര്‍ എന്നും സ്ത്രീകളെ ദുരുപയോഗം ചെയ്തിരുന്നു.
മുംബൈയില്‍ ചുവന്ന തെരുവ് തുടങ്ങിയത് കോണ്‍ഗ്രസുകാരനായ ബി.ജി. ഖര് ആയിരുന്നു. അന്ന് ബോംബെ പ്രസിഡന്‍സി ഭരിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ്, ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഈ ചുവന്ന തെരുവ് നിലവില്‍വന്നെങ്കില്‍ അതിന് ഗാന്ധിജിയുടെ മൗനാനുവാദമുണ്ടായിരിക്കണം എന്ന് കരുതുന്നവരുണ്ട്. അന്ന് സോഷ്യോളജിസ്റ്റുകള്‍ പറഞ്ഞത് ചുവന്ന തെരുവുകളാണ് വീട്ടമ്മമാരുടെ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നുവത്രേ.
ഗാന്ധിജി വേശ്യാവൃത്തിക്കെതിരായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുള്ളത് സീതയെ രാവണന് ലൈംഗികമായി ഉപയോഗിക്കാന്‍ സാധിക്കാത്തത് സീതയുടെ പരിശുദ്ധി അവരുടെ കവചമായിരുന്നതിനാലാണെന്നും സ്ത്രീക്ക് പരിശുദ്ധി ഉണ്ടെങ്കില്‍ അവളുടെ വിശുദ്ധി അവളെ സംരക്ഷിക്കും എന്നുമാണ്. പക്ഷെ കുട്ടികള്‍ നിഷ്കളങ്കരും പരിശുദ്ധരും അല്ലേ? അവരാണ് ഇന്ന് ഏറ്റവും അധികം പീഡിപ്പിക്കപ്പടുന്നത്.
കത്തോലിക്കാമതം വേശ്യാവൃത്തിയെ തള്ളിപ്പറഞ്ഞില്ല. പോപ്പ് ജോണ്‍ പോള്‍ വേശ്യകള്‍ക്കിടയില്‍ സേവനം നടത്തുന്ന സിസ്റ്റര്‍ മറിയാ തെറിസയെ വിശുദ്ധയാക്കി പ്രഖ്യാപിച്ചു. കേരളത്തിലും ലൈംഗികത്തൊഴിലാളികള്‍ക്ക് സേവനം നല്കുന്ന രണ്ട് കന്യാസ്ത്രീകളെക്കുറിച്ച് സത്യദീപം എഴുതിയിരുന്നു.
ലൈംഗിക വ്യാപാരത്തിന് തടയിടാനും സ്ത്രീസംരക്ഷണത്തിനും എസ്ഐടിഎ, പിഐടിഎ മുതലായ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. പക്ഷെ നിയമത്തെ നിഷ്പ്രഭമാക്കുന്നത് ലൈംഗിക അരാജകത്വവും രാഷ്ട്രീയ അഴിമതിയുമാണ്.
പ്രിയാദത്ത് എംപി വേശ്യകളുടെ മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി വേശ്യാവൃത്തിക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍ തന്നെ ‘മാനുഷി’യുടെ എഡിറ്ററും ഫെമിനിസ്റ്റുമായ മധു കിഷ്മര്‍ അതിനെ എതിര്‍ക്കുന്നത് അത് മനുഷ്യനെ വില്‍പ്പനച്ചരക്കാക്കുന്നത് വര്‍ധിപ്പിക്കും എന്ന് വാദിച്ചാണ്.
ഇതെല്ലാം പറയുമ്പോഴും കേരളത്തില്‍ നിലവിലുള്ള സാമൂഹിക യാഥാര്‍ത്ഥ്യം പെണ്‍വാണിഭം വളരെ വ്യാപകമായ, ശക്തമായ, ലാഭകരമായ ബിസിനസായി മാറി എന്നതാണ്. മുതിര്‍ന്ന സ്ത്രീകളല്ല, ബാലികമാരാണ് ഇന്ന് പുരുഷാസക്തിയുടെ കേന്ദ്രബിന്ദു.
ഇതിനെതിരെ മാധ്യമങ്ങള്‍ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. അപ്പോഴും മാധ്യമങ്ങള്‍ ഇത് ഉദ്വേകജനകമാക്കുന്നു എന്നും അതിന് ‘റിപ്പിള് ഇഫക്ട്’ ഉണ്ടാകുമെന്നും അനുകരണഭ്രമം വര്‍ധിപ്പിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആത്മഹത്യാ പ്രവണതക്ക് തടയിടാന്‍ ആത്മഹത്യാ വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുക്കരുത് എന്നത് ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ പാലിക്കുന്ന രീതിയാണ്.
മൊബെയിലില്‍ക്കൂടിയും ഇന്റര്‍നെറ്റില്‍ക്കൂടിയും ലൈംഗികവ്യാപാരം പൊടിപൊടിക്കുമ്പോഴും കേരളത്തില്‍ ലൈംഗികവൃത്തി തൊഴിലായി അംഗീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്!
കേരളം പെണ്‍വാണിഭ തലസ്ഥാനമാകുന്ന വിധത്തില്‍ കാസര്‍കോട് മുതല്‍ കോവളംവരെ ചുവന്ന തെരുവാക്കി മാറ്റാന്‍ അനുവദിക്കണോ അതോ ലൈംഗികവൃത്തിക്ക് നിയമസാധുത നല്കി ഇത് പരിമിതപ്പെടുത്തണോ?
ലൈംഗിക പീഡനത്തിന് നിയമസാധുത നല്‍കണമോ വേശ്യാവൃത്തിക്ക് നിയമസാധുത നല്‍കണമോ എന്നതാണ് കേരളത്തിന് തെരഞ്ഞെടുക്കാനുള്ളത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: