ന്യൂദല്‍ഹി: പഴുതുകളില്ലാത്ത ലോക്പാല്‍ ബില്ലിനായി നിരാഹാരസമരം തുടങ്ങാനിരിക്കെ അണ്ണാ ഹസാരെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരെയെ കൂടാതെ അരവിന്ദ് കേജ്റിവാള്‍, കിരണ്‍ ബേദി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിരാഹാര സമരത്തിനായി സമര സ്ഥലമായ ജെ.പി പാര്‍ക്കിലേക്ക് എട്ടു മണിക്കു പുറപ്പെടാനിരിക്കെ മയൂര്‍ വിഹാറിലെ പ്രശാന്ത് ഭൂഷണിന്റെ ഫ്ളാറ്റില്‍ എത്തിയാണ് ഹസാരെയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തികച്ചും നാടകീയമായാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഹസാരെയെ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസ് സംഘത്തെ അനുകൂലികള്‍ തടഞ്ഞു. അറസ്റ്റ് നടക്കുന്ന സമയത്ത് അഞ്ഞൂറോളം വരുന്ന അനുയായികള്‍ ഹസാരെയ്ക്കൊപ്പമുണ്ടായിരുന്നു. വാഹനത്തിനു വലയം തീര്‍ത്തും വഴിയില്‍ കുത്തിയിരുന്നും ഇവര്‍ ഹസാരെയുടെ അറസ്റ്റ് തടയാന്‍ ശ്രമിച്ചു. സ്ഥലത്തു നേരിയ സംഘര്‍ഷാവസ്ഥയും ജനത്തിരക്ക് മൂലം വളരെ കഷ്ടപ്പെട്ടാണ് ഹസാരെയും വഹിച്ചു കൊണ്ടുള്ള വാഹനം പോലീസ് മുന്നോട്ട് കൊണ്ടുപോയത്. ജെ.പി പാര്‍ക്കിലെത്തിയ പ്രവര്‍ത്തകരെയും പോലീസ് അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കി.
ഹസാരെയെ മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹസാരെയെ ഉത്തര്‍പ്രദേശിലോ മഹരാഷ്ട്രയിലോ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകരായ കിരണ്‍ ബേദിയെ രാജ്ഘട്ടില്‍ നിന്നും അരവിന്ദ് കേജരിവാളിനെ മയൂര്‍ വിഹാറില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ജെപി പാര്‍ക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് പാര്‍ക്കിലേക്കു മാര്‍ച്ച് ചെയ്ത ഹസാരെ അനുകൂലികളെ അറസ്റ്റ് ചെയ്തുനീക്കി.
പാര്‍ക്കിലെത്തിയ 20 പേരെ മുന്‍കരുതല്‍ നടപടിയായി പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ രാജ്ഘട്ടിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം ജെ.പി പാര്‍ക്കില്‍ നിരാഹാരസമരം ആരംഭിക്കാനാണ് ഹസാരെ തീരുമാനിച്ചത്. പോലീസിന്റെ വന്‍സംഘം ഹസാരെയുള്ള വീടിനു മുന്പില് ഇന്നലെ മുതല്‍ ക്യാംപ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: