ന്യൂദല്‍ഹി: അണ്ണാഹസാരയെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി പി.ചിദംബരം രംഗത്ത്. പോലീസിന്റെ നിര്‍ദ്ദേശം അനുസരിക്കാത്തതിനാലാണ് അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വേദനാജനകമായ സംഭവങ്ങളാണ് നടന്നതെന്ന് സമ്മതിച്ച ചിദംബരം അറസ്റ്റല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. അണ്ണാഹസാരെയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് പോലീസാണ് ചില നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നത്. നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് പതിവ്.
അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സമരം നീതീകരിക്കാനാവാത്തതാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചിദംബരം പറഞ്ഞു. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്ല് ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ ഇത്തരം ഒരു സമരത്തിന്റെ തന്നെ ആവശ്യമില്ലെന്നും ചിദംബരം പറഞ്ഞു.
അനാവശ്യമായ പബ്ലിസിറ്റിയാണ് അണ്ണാഹസാരെയുടെ സമരത്തിന് നല്‍കുന്നതെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: