കേരളത്തിലെ വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതമായി തീര്‍ന്നിരിക്കുന്നു. സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകള്‍ സാമൂഹ്യനീതി അംഗീകരിച്ചുകൊണ്ട് ഗവണ്മെന്റിന് 50 ശതമാനം സീറ്റും വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ ഇവിടുത്തെ കത്തോലിക്കാ മാനേജുമെന്റുകള്‍ അതിന് തയ്യാറായില്ല. ഇത് കത്തോലിക്കാ സമുദായത്തെ സംബന്ധിച്ചിടത്തോളം അതീവ ഖേദകരമാണ്. കാരണം ക്രൈസ്തവര്‍ വിദ്യാഭ്യാസരംഗത്ത് ഇറങ്ങിയതുതന്നെ സമൂഹത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയായിരുന്നു. ഇന്ന് കത്തോലിക്കാ മെത്രാന്മാര് വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിക്കുകയോ പരിഹാരം ഉണ്ടാക്കുകയോ ചെയ്യുന്ന കാര്യത്തില്‍ എല്ലാ ഗവണ്മെന്റുകളും മുന്‍കാലങ്ങളില്‍ പരാജയപ്പെട്ടു.
വിദ്യാഭ്യാസരംഗമാകെ കൈയടക്കിവച്ചിരിക്കുന്ന കത്തോലിക്കാ സഭാധികാരം സര് സി.പി.രാമസ്വാമി അയ്യരുടെ കാലം മുതല്‍ എല്ലാ ഗവണ്മെന്റുകള്ക്കും തലവേദന ഉണ്ടാക്കിപ്പോന്നു. ഇവിടുത്തെ ക്രൈസ്തവ മാനേജ്മെന്റുകള്‍ വിദ്യാഭ്യാസരംഗത്ത് ചെയ്ത “സേവനങ്ങളെക്കുറിച്ച്” അഹങ്കരിച്ച് അതിന്റെ മറവില്‍ വിദ്യാഭ്യാസരംഗത്ത് തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ട് എന്നു കരുതുന്നു. വിദ്യാഭ്യാസരംഗത്ത് വല്ല്യേട്ടനായ കത്തോലിക്കാ മാനേജ്മെന്റുകളുടെ ഓരംപറ്റി നില്ക്കുക എന്ന നയമാണ് ഇതര സ്വകാര്യ മാനേജ്മെന്റുകള്‍ സ്വീകരിച്ചുപോന്നത്.
വിദ്യാഭ്യാസ പരിഷ്ക്കരണത്തേയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തേയും എന്തിനാണ് കത്തോലിക്കാ മാനേജ്മെന്റുകള്‍ എതിര്‍ക്കുന്നത്? ഈ ധിക്കാരത്തിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങളാണ് ഗവണ്മെന്റ് കണ്ടുപിടിക്കേണ്ടത്. കത്തോലിക്കാ മാനേജ്മെന്റുകളുടെ ഈ ധിക്കാര നടപടിയെ കത്തോലിക്കാ സമുദായം അംഗീകരിക്കുന്നില്ല. പക്ഷേ കത്തോലിക്കാ സമുദായം ഇക്കാര്യത്തിലെന്നല്ല സഭയുടെ ആഭ്യന്തര ക്രമീകരണങ്ങളിലും നിസ്സഹായരാണ് എന്ന വസ്തുത പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവിടുത്തെ കത്തോലിക്കാ സ്കൂളുകളും കോളേജുകളും കത്തോലിക്കാ സമുദായം പണം മുടക്കി സ്ഥാപിച്ചതാണ്. സമുദായത്തിന്റെ ലക്ഷ്യം സമൂഹത്തിന്റെ പുരോഗതിയായിരുന്നു. എന്നാല്‍ ഇന്ന് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയൊന്നും ഭരണത്തില്‍ സമുദായത്തിന് യാതൊരു പങ്കുമില്ല.
മുന്‍കാലങ്ങളില്‍ ഹിന്ദുമതത്തില്‍ ചാതുര്വര്ണ്യമുണ്ടായിരുന്നു. ഇന്ന് ക്രൈസ്തവ സമൂഹത്തില്‍ പ്രത്യേകിച്ച് കത്തോലിക്കാ സമുദായത്തില്‍ ദ്വിവര്ണങ്ങളുണ്ട്. 1.പുരോഹിത ശ്രേണി 2. വിശ്വാസികളായ സമുദായാംഗങ്ങള്‍. ഇതര മതസ്ഥര്‍ കത്തോലിക്കാ സമൂഹത്തെ കാണുന്നത് വമ്പിച്ച സാമ്പത്തിക ശക്തിയായാണ്. പള്ളികള്‍, സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, എസ്റ്റേറ്റുകള്‍, കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍ എന്നിവയെല്ലാം കത്തോലിക്കാ സമുദായത്തിന്റേതാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു! ഇതിനുവേണ്ടി മുടക്കിയ പണം മുഴുവന്‍ സമുദായത്തിന്റേതാണെങ്കിലും സമുദായത്തിന് ഇവയുടെ നടത്തിപ്പിലോ ഭരണത്തിലോ നയരൂപീകരണത്തിലോ യാതൊരു പങ്കുമില്ല! സമുദായത്തിനുള്ളില്‍ ശക്തമായ പുരോഹിത ഭരണ ബ്യൂറോക്രസി നിലനില്ക്കുന്നു. ഈ ബ്യൂറോക്രസിയുടെ ഘടനാസ്വഭാവത്തെക്കുറിച്ച് കത്തോലിക്കര്‍ക്കും പൊതുസമൂഹത്തിനും ഇന്നും പൂര്‍ണമായും അറിഞ്ഞുകൂടാ.
കത്തോലിക്കാ സമുദായത്തിന്റെ പണംകൊണ്ട് നേടിയ സ്വത്തുക്കളും സ്ഥാപനങ്ങളും ഇന്നു ഭരിക്കുന്നതാരാണ്? ഈ സ്ഥാപനങ്ങളുടെ ഭരണത്തില്‍ എന്തുകൊണ്ടാണ് സമുദായത്തിന് അവകാശം ഇല്ലാതെ പോകുന്നത്?
പരമാധികാര മതേതര ഭാരതത്തില്‍ ഒരു വിദേശ രാഷ്ട്രത്തലവന് നല്കുന്ന അധികച്ചീട്ടുമായി സകലവിധ അധികാരത്തോടുംകൂടി മെത്രാന്മാര് ഇന്ത്യയിലെ പൗരന്മാരായ കത്തോലിക്കരുടെ സമ്പത്ത് പിടിച്ചെടുത്ത് നാട്ടുരാജാക്കന്മാരെപ്പോലെ സര്‍വതന്ത്രസ്വതന്ത്രരായി ഭരിക്കുന്നു!
ഇതിന് മെത്രാന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ ദുരവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇവിടെ മുസ്ലീമുകളുടെ പൊതു സമ്പത്ത് ഭരിക്കാന്‍ വഖഫ് നിയമമുണ്ട്. ഹിന്ദുക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വം നിയമങ്ങളുണ്ട്. സിഖുകാരുടെ ഗുരുദ്വാരകള്‍ ഭരിക്കുന്നത് ഗുരുദ്വാര നിയമത്തിന് കീഴിലാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് 64 കൊല്ലം കഴിഞ്ഞിട്ടും കത്തോലിക്കാ സമുദായത്തിന്റെ സ്വത്ത് ഭരിക്കാന്‍ ഭരണഘടന 26-ാം വകുപ്പ് അനുസരിച്ച് ഒരു നിയമം നിര്‍മിക്കാന്‍ ഗവണ്മെന്റ് എന്തുകൊണ്ട് തയ്യാറായില്ല? പക്ഷേ ഇന്ത്യയിലെ ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കാനുള്ള നിയമം നിര്‍മിക്കാന്‍ ഒരു വിദേശ രാഷ്ട്രത്തലവന് അനുവാദം കൊടുത്തിരിക്കുന്നു. ഇത് ഇവിടുത്തെ കത്തോലിക്കാ സമുദായത്തോട് ഗവണ്മെന്റ് കാണിക്കുന്ന ഏറ്റവും വലിയ വിവേചനമാണ്.
എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിനും ഗവണ്മെന്റില് രജിസ്റ്റര്‍ ചെയ്ത നിയമമനുസരിച്ച് മാത്രമേ പൊതുസമ്പത്ത് ഭരിക്കാന്‍ അവകാശമുള്ളൂ. അവരെ തെരഞ്ഞെടുത്ത സംഘടനകളോടും ജനങ്ങളോടും ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.
എന്നാല്‍ കത്തോലിക്കാ സഭയില്‍ ഇങ്ങനെ ഒരു ഏര്‍പ്പാടില്ല. അതുകൊണ്ട് പുരോഹിത ബ്യൂറോക്രസി പൊതുസമൂഹത്തില്‍ കാണിക്കുന്ന ധിക്കാരത്തെ നിയന്ത്രിക്കാന്‍ സമുദായത്തിന് കഴിയുന്നില്ല. ഈ ധിക്കാരമാണ് പുരോഹിത ബ്യൂറോക്രസി എന്നും വിദ്യാഭ്യാസരംഗത്ത് പ്രയോഗിച്ചുപോരുന്നത്. അവരുടെ സാമ്പത്തിക സാമ്രാജ്യ വികസനത്തിനുവേണ്ടി ഗവണ്മെന്റിനോടുപോലും ഏറ്റുമുട്ടാന്‍ അവര്‍ തയ്യാറാണ്. അവര്‍ വിമോചന സമരമെന്ന ഉമ്മാക്കി കാണിച്ച് ഗവണ്മെന്റിനെ ഭയപ്പെടുത്തുന്നു. വ്യാജവോട്ടു ബാങ്കുകള്‍ കാണിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. ഈ പുരോഹിത ബ്യൂറോക്രസിയുടെ ഭീകരമുഖമാണ് സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ പൊതുസമൂഹത്തിനു കാണേണ്ടത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിന്റെ ഏല്ലാ സത്ഗുണങ്ങളും സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ട് മതത്തിന്റെ പേരില്‍ ഒരു ഏകാധിപത്യ ഭരണകൂടം ഇന്ത്യയിലെ കത്തോലിക്കാ സമുദായത്തിന്റെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിലെ സ്വാതന്ത്ര്യം മെത്രാന്മാര് അനുഭവിക്കുന്നുണ്ടെങ്കിലും പ്രജകളായ ഞങ്ങള്‍ക്ക് ഈ ജനാധിപത്യ സ്വാതന്ത്ര്യം പൂര്‍ണമായും നിഷേധിക്കുന്നു! ഇതിന് പരിഹാരം കാണണമെങ്കില്‍ കത്തോലിക്കാ സമുദായത്തിന്റെ വക സമ്പത്തും സ്ഥാപനങ്ങളും ഭരിക്കാന്‍ ഒരു നിയമം ഉണ്ടാകണം.
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഒരു നിയമപരിഷ്കരണ കമ്മീഷനെ നിയോഗിച്ചു. ആ കമ്മീഷന് ക്രൈസ്തവ സമൂഹത്തിന്റെ പൊതുസമ്പത്ത് ഭരിക്കുന്നതിനുള്ള നിയമമില്ലാ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് ഒരു ഡ്രാഫ്റ്റ് ബില്ല് ഗവണ്മെന്റിന് നല്‍കുകയും ചെയ്തു. ഇടതുപക്ഷ ഗവണ്മെന്റുപോലും ഈ ശുപാര്ശയുടെമേല് മുന്നോട്ട് ഒരു നടപടിയും എടുത്തില്ലെന്നുള്ളത് അതീവ ഖേദകരമാണ്. കാരണം ഇടതുപക്ഷ പാര്‍ട്ടികളേയും ഇന്ന് വിമോചന സമര ദുര്‍ഭൂതം ഭയപ്പെടുത്തുന്നു! ഭാരതത്തിലെ ക്രൈസ്തവരുടെ ജന്മാവകാശമായ ഇത്തരം ഒരു നിയമം ഉണ്ടാകാത്തിടത്തോളം കാലം പുരോഹിത ബ്യൂറോക്രസിക്ക് ഏതു ഗവണ്മെന്റിനേയും ഭയപ്പെടുത്താനാകും.
ഇന്ത്യന്‍ ഭരണഘടന 30-ാം വകുപ്പ് നല്‍കിയിരിക്കുന്ന വിദ്യാഭ്യാസാവകാശം ന്യൂനപക്ഷ സമൂഹത്തിനുള്ളതാണ്. 29-ാം വകുപ്പനുസരിച്ച് ഓരോ വിഭാഗത്തിന്റേയും സംസ്കാരം സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടാണ് ഈ അവകാശം മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
കത്തോലിക്കാ സമൂഹത്തിനുള്ളില്‍ ഇന്ന് ഒരു ജനാധിപത്യസമ്പ്രദായമില്ല. “സിംഹാസനാരോഹണം” നടത്തിയ മെത്രാന്മാരും പുരോഹിത ബ്യൂറോക്രസിയും ഈ അവകാശങ്ങള്‍ കത്തോലിക്കാ സമുദായത്തിന്റെ പേരില്‍ ഏറ്റെടുത്ത് വിദ്യാലയങ്ങള്‍ നടത്തുന്നു. ഇന്ന് കത്തോലിക്കാ വിദ്യാലയ നടത്തിപ്പിന്റെമേല് ഗവണ്മെന്റിന് അധികാരമില്ല. സമുദായത്തിനും അധികാരമില്ല. അങ്ങനെ ഗവണ് മെന്റിന്റെയോ സമുദായത്തിന്റെയോ നിയന്ത്രണമില്ലാതെ സര്‍വതന്ത്രസ്വതന്ത്രരായി വിദ്യാഭ്യാസരംഗത്ത് സിംഹാസനാരോഹണം ചെയ്ത് ഭരിക്കുകയാണ്. ഈ അവസ്ഥ മാറാതെ ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് ഒരിക്കലും ശാന്തിയുണ്ടാകുകയില്ല. ഈ വ്യവസ്ഥ അവസാനിപ്പിച്ചേ മതിയാകൂ.
ന്യൂനപക്ഷമതസമൂഹം തങ്ങളുടെ സംസ്കാരം സംരക്ഷിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചിട്ടുള്ളതും ഗവണ്മെന്റില് രജിസ്റ്റര്‍ ചെയ്തതും ഈ സമുദായത്തിലെ എല്ലാ അംഗങ്ങള്‍ക്കും അംഗത്വം ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാത്രമേ ന്യൂനപക്ഷാവകാശം ലഭ്യമാക്കൂ എന്ന വ്യവസ്ഥയുണ്ടാകണം.
ഈ ജനാധിപത്യ രാഷ്ട്രത്തില്‍ സിംഹാസനാരോഹണം നടത്തി വാഴുന്ന മെത്രാന്മാര്ക്ക് ആരോടും കണക്ക് പറയേണ്ടാത്ത കോടിക്കണക്കിന് രൂപ സ്വന്തമായിട്ടുണ്ട്. ഈ പണം വാരിയെറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രീണിപ്പിക്കാം, ഭയപ്പെടുത്താം. മാധ്യമങ്ങളെ സ്വാധീനിക്കാം, ഭയപ്പെടുത്താം. ദിവസം പത്തുലക്ഷം രൂപവരെ ഫീസുവാങ്ങുന്ന വക്കീലന്മാരെവെച്ച് കോടതിയില്‍ വാദിക്കാം. ഈ ദുരവസ്ഥ അവസാനിപ്പിക്കണമെങ്കില്‍ നിയമനിര്‍മാണം ആവശ്യമാണ്. ഇത് കത്തോലിക്കരായ ഞങ്ങളുടെ മാത്രം ആവശ്യമല്ല. മറിച്ച് രാഷ്ട്രത്തിന്റേയും പൊതു സമൂഹത്തിന്റേയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: