പാമോയില്‍ വിഷയത്തില്‍ എന്തെങ്കിലും കോടതി പരാമര്‍ശമുണ്ടായാല്‍ രാജിവയ്ക്കും എന്ന് കേരള ജനതയോട് ഏറ്റുപറഞ്ഞുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഏതെങ്കിലും തരത്തില്‍ കോടതിയുടെ വിപരീത നിലപാട് വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് കെപിസിസി പ്രസിഡന്റിനെ മത്സരിപ്പിച്ചത് എന്നുവരെ കേരളക്കര വിശ്വസിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രതീക്ഷിച്ചിരുന്ന കോടതി പരാമര്‍ശത്തില്‍നിന്നും മുഖ്യമന്ത്രി രക്ഷപ്പെട്ടു എന്നു കരുതിയിരിക്കുമ്പോഴാണ് 2011 ആഗസ്റ്റ് 8 ന് വിവാദമായ പാമോലിന്‍ ഇറക്കുമതി കേസില്‍ 23-ാം സാക്ഷിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. പാമോയില്‍ കേസില്‍ പുതിയ പ്രതിപട്ടികയുണ്ടാക്കാനും ഉമ്മന്‍ചാണ്ടിയ്ക്കെതിരെ തുടരന്വേഷണം തെളിവില്ലെന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ വിധി ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എല്ലാറ്റിനും മാതൃകയാകണമെന്നോന്നും ആരും പറയുന്നില്ല. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മാതൃകയാകണം. എങ്കില്‍ മാത്രമേ നാളത്തെ വാഗ്ദാനങ്ങളായ യുവതലമുറയ്ക്ക് അത് ഒരു മാതൃകയാകൂ. മുഖ്യമന്ത്രി കേസില്‍ പ്രതിയോ സാക്ഷിയോ എന്നതിലല്ല കേരളം തല കുനിക്കുന്നത്. ഒരു അഴിമതി കേസില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെട്ടിരിക്കുന്നു എന്നതിലാണ് കേരളം നാണിക്കുന്നത്. ഇത് യുവാക്കള്‍ക്ക് നല്കുന്ന സന്ദേശം നന്മയുടേതല്ല. ആദര്ശത്തിന്റെതല്ല. ഒരുപക്ഷെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് മുന്നണിയ്ക്കും പാര്‍ട്ടിയ്ക്കും മന്ത്രിമാര്‍ക്കും സഹിക്കാന്‍ പറ്റുന്ന കാര്യമാകണമെന്നില്ല. ഒരുപക്ഷെ ദോഷകരമായിരിക്കാം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ ഈ കേസിനോടനുബന്ധിച്ചുള്ള പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സിവിസിയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്ട് കേസിന്റെ തുടരന്വേഷണത്തില്‍ ഇടപെടുകയില്ലെന്ന് ആരും വിശ്വസിക്കുന്നില്ല. കാരണം ഭാരതം കടന്നുപോകുന്നത് അത്രവലിയ അഴിമതി വിവാദങ്ങളിലൂടെയാണ്. സുപ്രീംകോടതി ജഡ്ജിവരെ അഴിമതിയുടെ നിഴലില്‍ രാജിവെച്ചൊഴിയുന്നു. റിട്ടയര്‍ ചെയ്തവര്‍ തെരുവില്‍ പിച്ചിച്ചീന്തിയെറിയപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിയുമായി ബന്ധപ്പെടുത്തി കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നു. പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ദല്‍ഹി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. ഖാനിയിടപാടു സംബന്ധിച്ച ലോകായുക്തയുടെ പരാമര്‍ശത്തിന്റെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്കായി മുംബൈയില്‍ നിര്‍മിച്ച ആദര്‍ശ് ഫ്ലാറ്റ് അഴിമതിയാരോപണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി രാജിവച്ചു. മറ്റ് മന്ത്രിമാരും സൈനീക ഉദ്യോഗസ്ഥരും മറ്റും കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ടുജി സ്പെക്ട്രം ഇടപാടിന്റെ പേരില്‍ ഡിഎംകെയുടെ കേന്ദ്രമന്ത്രിമാരായിരുന്ന മാരനും രാജയും രാജിവച്ചു. ഡിഎംകെ എംപിയായ കനിമൊഴിയും ജയിലില്‍ കഴിയുന്നു. ബീഹാറിലെ കാലിത്തീറ്റ കുംഭകോണം, കാര്‍ഗില്‍ ശവപ്പെട്ടി വാങ്ങലിലെ അഴിമതി, യുപിയിലെ ഹെല്‍ത്ത് മിഷനിലെ വന്‍ അഴിമതി, ജാര്‍ക്കണ്ഡിലെ മുക്തിമോര്‍ച്ച അഴിമതി, പാര്‍ലമെന്റിലെ വോട്ടിന് നോട്ട് വിവാദം തുടങ്ങി പുതിയതും പഴയതുമായ അഴിമതി ആരോപണങ്ങളുടെ നാള്‍വഴി നീളുകയാണ്. രാഷ്ട്രീയ സദാചാരത്തിന് പുല്ലുവിലപോലും നേതാക്കള്‍ നല്‍കുന്നില്ല. ഭരണം ഖജനാവുമുടിക്കാനായി വിനിയോഗിക്കുന്നത് സര്‍വത്ര അംഗീകരിക്കപ്പെട്ടിരിക്കുന്നു. പൊതുമുതല്‍ കൊള്ളയടിക്കപ്പെടുന്നു. ആദര്‍ശം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങള്‍ ചവറ്റുക്കുട്ടയിലെറിയപ്പെടുന്നു. ഏതുവിധേനയും പണമുണ്ടാക്കുക. നമ്മുടെ രാഷ്ട്രീയനേതാക്കള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്കുന്ന സന്ദേശമതാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന അന്നാഹസാരയെപ്പോലുള്ളവരെ അവഹേളിക്കുക കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. പ്രധാനമന്ത്രിയേയും ജഡ്ജിമാരേയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാനും, ലോക്പാല്‍ സമിതിയെ നിയോഗിക്കുന്ന കമ്മറ്റിയില്‍ ജഡ്ജിമാരേയും ഇലക്ഷന്കമ്മീഷണറേയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും ഒഴിവാക്കി കൊണ്ടുവരുന്നതിനെ എന്തിന് കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കണം? ഭരണം സുതാര്യമാണെങ്കില്‍ ലോക്പാല്‍ ബില്ലിനെ സര്‍ക്കാരെന്തിന് ഭയപ്പെടണം? അതുകൊണ്ടാണ് വിദേശപഠനം നടത്തിയിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രമന്ത്രി കബില്‍സിബലും ഇന്ത്യയെ അടുത്തറിഞ്ഞിട്ടില്ലെന്ന് അന്നാഹസാരെ കുറ്റപ്പെടുത്തുന്നത്. ആര്‍ഷഭാരത സംസ്കാരം സത്യത്തിലും നീതിയിലും മൂല്യങ്ങളിലും സഹിഷ്ണുതയിലും സത്യസന്ധതയിലും അഭിമാനബോധത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായിരുന്നെന്ന് മനസ്സിലാക്കാത്ത നേതാക്കള്‍ ഇന്ത്യ ഭരിച്ചാല്‍ ഭാരതം ഇനിയും അടിമത്തത്തിലെത്തിച്ചേരുമെന്നതില് തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ആഗസ്റ്റ് 16 ന് അന്നാഹസാരെ നടത്തുവാന്‍ പോകുന്ന അനിശ്ചിതകാല നിരാഹാരത്തിന് വന്‍ പ്രാധാന്യമാണുള്ളത്. ഇത് അഴിമതിയ്ക്കെതിരെയുള്ള സ്വാതന്ത്ര്യസമരമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അല്ലെന്നുള്ളതാണ് അന്നാഹസാരെയുടെ ഏറ്റവും വലിയ യോഗ്യത. കാരണം ജനങ്ങളുടെ വോട്ടുനേടി തെരഞ്ഞെടുക്കപ്പെട്ടവര്‍ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനങ്ങള്‍ ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു. നിയമങ്ങള്‍ ഉണ്ടാക്കുന്നത് അഴിമതിയ്ക്കുവേണ്ടിയാണെന്ന രീതിയാണ് നാം കണ്ടുവരുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനവഞ്ചന ചെയ്യുമ്പോള്‍ അന്നാഹസാരെയെപോലുള്ള സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തന്നെയാണ് ലോക്പാല്‍ ബില്ലിന് രൂപം നല്‍കേണ്ടത്. മനുഷ്യാവകാശ നിയമങ്ങളും വിവരാവകാശ നിയമങ്ങളും ബാലവേല വിരുദ്ധ നിയമങ്ങളും സേവനം ഉറപ്പാക്കുന്ന നിയമങ്ങളും മറ്റും നിര്‍മിക്കുവാന്‍ സാമൂഹ്യപ്രവര്‍ത്തകരാണ് കാരണമായിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളല്ല. ആയതിനാല്‍ അന്നാഹസാരെ തെരഞ്ഞെടുക്കപ്പെട്ടവനല്ലെന്നതും ജനാധിപത്യ വ്യവസ്ഥയ്ക്കെതിരാണെന്നും സ്ഥാപിക്കുന്നത് അപഹാസ്യമാണ്. 42 വര്‍ഷത്തിനുള്ളില്‍ ഒമ്പതാം തവണയാണ് ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. എന്നിട്ടും പാസ്സാക്കാനായില്ല എന്ന കാര്യവും നാം ഓര്‍ക്കണം. കേന്ദ്രഭരണ കക്ഷിയുടെ എതിര്‍പ്പുകള്‍ അന്നാഹസാരെയ്ക്കുമുന്നില് വിലപ്പോകില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ അഴിമതി കേസില്‍ കുടുക്കാന്‍ ശ്രമം നടത്തി. ഹിന്ദ് സ്വരാജ് ട്രസ്റ്റില്‍ അഴിമതി നടത്തിയെന്നാരോപിച്ച് രാഷ്ട്രീയ ഭ്രഷ്ടാചാര്‍ വിരോധിജന്ശക്തി നല്കിയ പരാതി പൂനെ ചാരിറ്റി കമ്മീഷണര്‍ തള്ളിക്കളഞ്ഞു. ഭാരതത്തിന് അന്നാഹസാരെയെപോലുള്ള നേതാവിന്റെ ആവശ്യം ബോധ്യമാകുന്ന തരത്തിലാണ് അദ്ദേഹത്തിനുള്ള ജനപിന്തുണ ദിനംപ്രതി കൂടിവരുന്നത്. മുംബൈയിലെ 5000 ചോറ്റുപാത്രം വിതരണം ചെയ്യുന്നവരും വിദേശ ഇന്ത്യക്കാരും അന്നാഹസാരെയുടെ ആഗസ്റ്റ് 16 ന് തുടങ്ങുന്ന നിരാഹാര സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഴിമതിമൂലം കഴിഞ്ഞ 27 വര്‍ഷമായി നീതി നിഷേധിക്കപ്പെട്ട 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ ഒന്നാകെ അന്നാഹസാരെയുടെ പുറകില്‍ അണിനിരന്നു കഴിഞ്ഞു. ഇന്ത്യ ഒന്നാകെ അന്നാഹസാരെയ്ക്ക് പുറകില്‍ അണിനിരന്ന് അഴിമതിയ്ക്കെതിരെ പോരാടാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയ്ക്കെതിരെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കുമ്പോള്‍ തല്‍സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിയിരിക്കുന്ന കേരളത്തിലെ ആദ്യമുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ചാണ്ടി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും മക്കള്‍ സീറ്റ് വാങ്ങിയത് എങ്ങനെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ തിരുത്തുവാന്‍ തയ്യാറായി. അതുപോലെ അഴിമതി അന്വേഷണം കഴിയുന്നതുവരെ മുഖ്യമന്ത്രി ഒഴിഞ്ഞുനില്ക്കണം. മൂന്നാറില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയെന്ന നാടകവും കൊക്കൊകോള കമ്പനിയുടെ ഉപദേശകനെ പ്ലാനിംഗ്ബോര്‍ഡ് മെമ്പറാക്കിയതും സ്കൂള്‍ അധ്യാപകനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി നിയമിക്കുവാന്‍ ഒരുങ്ങിയതുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ “നിലപാടുകള്‍” വ്യക്തമാക്കുന്ന ചില സംഭവപരമ്പരകളാണ്. നയവൈകല്യങ്ങളും കേരളത്തിന്റെ വനപ്രദേശത്ത് പട്ടയം നല്കുന്നതില് നിയമത്തില്‍ ഇളവ് നല്‍കുന്നതും പാറമട അനുവദിക്കുന്ന നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതും മദ്യനയം നടപ്പാക്കുന്നതും വ്യവസായനയവും വരാന്‍ പോകുന്ന ലോക മുതല്‍മുടക്ക് സമ്മേളനങ്ങളും മീനച്ചില്‍-മൂവാറ്റുപുഴ നദീസംയോജനവും സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താവുന്ന നയങ്ങളും മറ്റും കേരള ജനത അഴിമതിയുടെ പശ്ചാത്തലത്തില്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
അഴിമതി അന്വേഷണം നേരിടുന്ന ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതെല്ലാം അഴിമതിയ്ക്ക് പഴുതില്ലാതെ നടപ്പാക്കുമെന്ന് വിശ്വസിക്കുവാന്‍ പ്രയാസം തോന്നുന്നു. യുവാക്കളില്‍ അഴിമതിരഹിത ഭരണം ഭാരതത്തിലും കേരളത്തിലും സാധ്യമാകുമെന്ന ധാരണ വളരണം. തല ചായ്ക്കുവാന്‍ വീടുപണിയ്ക്കായി സ്ഥലം വാങ്ങുന്നതുമുതല്‍ രജിസ്ട്രേഷന്, പ്ലാന്‍ അപ്രൂവല്‍, വെള്ളം, വെളിച്ചം, റോഡ് തുടങ്ങിയവ ലഭ്യമാക്കല്‍, സേവനരംഗം, വിദ്യാഭ്യാസ രംഗം, ആരോഗ്യരംഗം, വ്യവസായ രംഗം, വൈദ്യുതി രംഗം തുടങ്ങിയ എണ്ണമറ്റ രംഗങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള അഴിമതിയുടെ നീരാളി പിടിത്തത്തില്‍നിന്നും ഭാവി തലമുറയെങ്കിലും രക്ഷപ്പെടുമെന്ന ആശ വളര്‍ത്തുവാന്‍ അന്നാഹസാരയെ പിന്തുണച്ചേ മതിയാകൂ. സംശുദ്ധമായ ഭരണം കേരളത്തില്‍ ഉറപ്പാക്കുവാന്‍ വേണ്ടി അഴിമതിയാരോപണങ്ങളിലുള്ളവര് ഭരണനേതൃത്വം ഒഴിയണം. അതുകൊണ്ടുതന്നെ പാമോയില്‍ കേസില്‍ തന്റെ ഭാഗം വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള എല്ലാ ഇടപെടലുകളും ഒഴിവാക്കുന്നുണ്ടെന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ കേരള മുഖ്യമന്ത്രിക്ക് രാജിവെച്ചു മാറിനില്ക്കുവാന് ബാധ്യതയുണ്ട്. അന്നാഹസാരെയുടെ അഴിമതിക്കെതിരെയുള്ള സമരത്തിന് കേന്ദ്രസര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നതു കാണുമ്പോഴും കേരള മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണവിധേയനാകുമ്പോള് അധികാരം കൈവിടാതെ തന്നെ കേരളം ഭരിക്കുന്നതു കാണുമ്പോഴും അഴിമതി തുടര്‍ക്കഥയാകുമോയെന്ന ഭയം യുവജനങ്ങളില്‍ വളരുകയാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: