Categories: Samskriti

സുന്ദരകാണ്ഡം

Published by

മൂന്നുലോകവും കുലുങ്ങത്തക്കവിധത്തില്‍ ഹനുമാന്‍ ഗര്‍ജ്ജിച്ചു. ആ ശബ്ദം കേട്ട വാനരസംഘം സന്തോഷിച്ചു. ‘ശബ്ദം കേട്ടാലറിയാം ഹനുമാന്‍ പോയകാര്യം സാധിച്ചാണ്‌ വരുന്നതെന്ന്‌. അതിന്‌ യാതൊരു സംശയവുമില്ല. വാനരന്മാര്‍ ഇങ്ങനെ പലതും പറയുന്ന സമയത്ത്‌ പര്‍വ്വതമുകളില്‍ ഹനുമാനെ കാണാന്‍ സാധിച്ചു.

“അല്ലയോ വാനരവീരരേ! ശ്രീരാമദേവന്റെ അനുഗ്രഹത്താല്‍ ഞാന്‍ സീതാദേവിയെ കണ്ടു. രാവണന്റെ ലങ്കാനഗരവും ഉദ്യാനവും ഞാന്‍ നശിപ്പിച്ചു. ദേവശത്രുവായ രാവണനെ കണ്ടു. രാവണന്‌ ഭയവും അത്ഭുതവും ഉണ്ടാകുന്നവിധത്തില്‍ ഞാന്‍ രാമസന്ദേശം പറഞ്ഞു. ശ്രീരാമദേവനെക്കണ്ട്‌ ഈ കഥകളെല്ലാം എത്രയും പെട്ടെന്ന്‌ പറയാന്‍ എനിക്ക്‌ തിടുക്കമായി. അതിനാല്‍ ജാംബവാന്‍ മുതലായവര്‍ വേഗം നടന്നാലും.” രാമകാര്യം സാധിച്ച ഹനുമാനെ തലമുതല്‍ വാലിന്റെ അഗ്രം വരെ വാനരന്മാര്‍ ചുംബിച്ചു.

സന്തോഷത്തോടെ വാനരസമൂഹം ഹനുമാനെ മുന്‍പില്‍ നിറുത്തി കൂട്ടത്തോടെ ആര്‍ത്തുവിളിച്ച്‌ മുന്നോട്ടുനടന്നു. വാനരന്മാര്‍ വളരെ പെട്ടെന്ന്‌ ധാരാളം ഫലങ്ങളും പുഷ്പങ്ങളും വൃക്ഷങ്ങളും നിറഞ്ഞതും സുഗ്രീവന്‍ സംരക്ഷിക്കുന്നതുമായ പ്രസ്രാവണ പര്‍വ്വതത്തില്‍ എത്തിച്ചേര്‍ന്നു.

വിശപ്പും ക്ഷീണവും കൊണ്ട്‌ തളര്‍ന്ന വാനരക്കൂട്ടം ആര്‍ത്തിയോടെ പഴങ്ങള്‍ തിന്നും മധുരമുള്ള തേന്‍ കുടിച്ചും വിശപ്പം ദാഹവും തീര്‍ത്ത്‌ ഉന്മേഷരായ ശേഷം എത്രയും പെട്ടെന്ന്‌ സുഗ്രീവന്റെ അടുത്തുപോയി വിവരങ്ങള്‍ പറയാമെന്ന്‌ തീരുമാനിച്ചു. അതിന്‌ അവര്‍ അംഗദനോട്‌ അനുവാദം ചോദിച്ചു.

അംഗദിന്റെ അനുവാദത്തോടെ എല്ലാവരും മധുവനത്തിലേക്ക്‌ കടന്നു. അവര്‍ തേന്‍ കുടിച്ചും പഴയങ്ങള്‍ ഭക്ഷിച്ചും വയറുനിറച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ സുഗ്രീവന്റെ മാതുലനും മധുവനം സൂക്ഷിക്കുന്നവനും സുഗ്രീവാജ്ഞ വളരെ ദയയോടും ത്യാഗത്തോടും സര്‍വ്വ അധികാരങ്ങളോടും കൂടി പാലിക്കുന്നവനുമായ ദധിമുഖന്റെ ആജ്ഞപ്രകാരം തോട്ടം കാവല്‍ക്കാര്‍ വാനരകുലത്തെ തടഞ്ഞുനിര്‍ത്തി. പക്ഷേ ഹനുമാന്‍ ഉള്‍പ്പെട്ട വാനരരുടെ ശക്തിയേറിയ അടിയേറ്റ്‌ അവര്‍ വളരെ വേഗം ഭയപ്പെട്ട്‌ ഓടിപ്പോയി. അനന്തരം ദധിമുഖന്‍ ഓടിച്ചെന്ന്‌ സുഗ്രീവനെ കണ്ട്‌ വിവരങ്ങള്‍ ധരിപ്പിച്ചു.

“അങ്ങയുടെ മധുവനം അംഗദനും വാനരസൈന്യവും കൂടി നശിപ്പിച്ചു. അവിടുത്തെ കാരുണ്യംകൊണ്ട്‌ വളരെക്കാലം ഉറച്ച ആധിപത്യത്തോടെ ഞാന്‍ അത്‌ കാത്തുരക്ഷിച്ചു വരികയായിരുന്നു എന്നറിയാമല്ലോ.”

അംഗദനും വാനരസൈന്യവും കൂടി എന്റെ ഭൃത്യജനങ്ങളെ തോല്‍പിച്ചു. മധുവനവും നശിപ്പിച്ചു.” മാതുലവാക്യം കേട്ട സുഗ്രീവന്റെ മനസ്സില്‍ സന്തോഷം നിറഞ്ഞു. ശുദ്ധഹൃദയനായ അവന്‍ രാമനോട്‌ പറഞ്ഞു: “ഹനുമാന്‍ തുടങ്ങിയ വാനരന്മാര്‍ കാര്യം സാധിച്ചുവന്നുകഴിഞ്ഞു. കാര്യം സാധിച്ചതിന്റെ അമിതാഹ്ലാദം കൊണ്ടാണ്‌ അവര്‍ മധുവനത്തില്‍ ചെന്നത്‌. അല്ലാതെ ഒരിക്കലും ആരും എന്നെ മാനിക്കാതെ മധുവനത്തില്‍ കയറുകയില്ല.

“അങ്ങുവെറുതെ ദുഃഖിക്കേണ്ട. അവരോട്‌ വേഗം ഇങ്ങോട്ടുവരാന്‍ പറയുക.” ഇതുകേട്ട ദധിമുഖന്‍ ഹനുമാനോടും മറ്റും വാനരന്മാരോടും വേഗം ചെന്ന്‌ സുഗ്രീവാജ്ഞ അറിയിച്ചു. ഹനുമാന്‍, അംഗദന്‍, ജാംബവാന്‍ മുതലായവര്‍ സുഗ്രീവന്റെ ആജ്ഞകേട്ട്‌ സന്തുഷ്ടരായി വേഗം നടന്നു. കീര്‍ത്തിമാനും പുരുഷോത്തമനുമായ ശ്രീരാമദേവന്റെ അടുത്തെത്തി.

ശ്രീരാമദേവന്‍ കാട്ടില്‍ പ്രസന്നനായി ഇരിക്കുന്നതുകണ്ട്‌ ഹനുമാന്‍ മുതലായവര്‍ വണങ്ങി. അതുകഴിഞ്ഞ്‌ സുഗ്രീവനേയും അവര്‍ വന്ദിച്ചു. വളരെ സന്തോഷത്തോടെ ഹനുമാന്‍ സീതാവൃത്താന്തം പറയാന്‍ തുടങ്ങി.

“രാക്ഷസരാജധാനിയില്‍ അനുകമ്പാര്‍ഹരായ നിലയില്‍ ഇരിക്കുന്ന സീതാദേവിയെ ഒരു ബുദ്ധിമുട്ടുമില്ലാതെ ഞാന്‍ കണ്ടു. അങ്ങയുടെ ദൂതനായ എന്നെ കണ്ട ഉടനെ അങ്ങയുടെ വിശേഷം ചോദിച്ചു. ഒപ്പം ലക്ഷ്മണന്റെയും. അഴിഞ്ഞതലമുടിയുമായി ശിംശപാവൃക്ഷച്ചുവട്ടിലിരിക്കുന്ന സീതാദേവി വളരെ സങ്കടത്തോടെ, ഭക്ഷണമൊന്നും കഴിക്കാതെ, ശരീരം കാണിച്ച്‌, രാക്ഷസ സ്ത്രീകളാല്‍ ചുറ്റപ്പെട്ട്‌ വേദനയോടെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട്‌ ശ്രീരാമദേവനെ മനസ്സില്‍ ധ്യാനിച്ച്‌ രാമനാമ മന്ത്രവും ജപിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ ഞാന്‍ ദേവിയെ കണ്ടത്‌.

വളരെ ചെറിയ ശരീരത്തോടെ വൃക്ഷശിഖരങ്ങള്‍ക്കിടയില്‍ സുഖമായി മറഞ്ഞിരിക്കുന്ന ഞാന്‍ സീതാദേവിയോട്‌ അങ്ങയുടെ വൃത്താന്തം പറഞ്ഞു. ദുഃഖം കൂടാതെ കേട്ടിരുന്ന സീതാദേവി എന്റെ വാക്കുകള്‍ അമൃതതുല്യമായി ചെവിക്കൊണ്ടു. രാമലക്ഷ്മണന്മാര്‍ ഇല്ലാതിരുന്ന സമയത്ത്‌ രാവണന്‍ സീതാദേവിയെ ആശ്രമത്തില്‍ വന്ന്‌ തട്ടിക്കൊണ്ടുപോയതും, സുഗ്രീവനോട്‌ സഖ്യമുണ്ടായതും, ബാലിയെ വധിച്ചതും, സീതാന്വേഷണത്തിന്‌ വാനരസമൂഹം സജ്ജമായകാര്യവും വാനരന്മാരിലൊരുവനായ ഞാന്‍ സമുദ്രവും ചാടിക്കടന്ന്‌ ഇവിടെ വന്ന്‌ ദേവിയെ കണ്ടെത്തിയതും, സുഗ്രീവന്റെ മന്ത്രിയായ ഞാന്‍ രാമദൂതനാണെന്നും എന്റെ പേര്‌ ഹനുമാന്‍ എന്നാണെന്നും ദേവിയോട്‌ പറഞ്ഞു.

സീതാദേവിയെ ഇത്രപെട്ടെന്ന്‌ കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ കൃതാര്‍ത്ഥനായി. എന്റെ അദ്ധ്വാനവും കഷ്ടപ്പാടുകളുമെല്ലാം ഇന്നു ഫലവത്തായി. സീതാദേവിയെ കണ്ടതിനാല്‍ എന്റെ സര്‍വ്വപാപങ്ങളും തീര്‍ന്നിരിക്കുന്നു. എന്റെ വചനങ്ങള്‍ കേട്ട സീതാദേവി ‘ചെവികള്‍ക്ക്‌ സുഖം പകരുന്ന അമൃതതുല്യവചനങ്ങള്‍ പറഞ്ഞ പുണ്യപുരുഷന്‍ ആരാണ്‌? ആരാണെങ്കിലും അവന്‍ ഐശ്വര്യപൂര്‍ണനാണ്‌. ശ്രീരാമദേവന്റെ അനുഗ്രഹത്താല്‍ ദയവായി എന്റെ കണ്‍മുന്നില്‍ വന്നാലും എന്നിങ്ങനെ പറഞ്ഞു.

സീതാദേവിയുടെ വാക്കുകള്‍ കേട്ട്‌ സൂക്ഷ്മശരീരനായി വിനയത്തോടെ തൊഴുതുനിന്ന എന്റെ വാനരരൂപം കണ്ട്‌ സീതാദേവി വിസ്മയത്തോടെ ചോദിച്ചു ‘നീയാണോ ഇപ്പോള്‍ ശ്രീരാമവൃത്താന്തം എന്നോട്‌ പറഞ്ഞത്്‌?’ ആരാണ്‌ നീ? എന്തിനിവിടെ വന്നു? എല്ലാ വിവരങ്ങളും എന്നോട്‌ പറയുക.’ ഇതുകേട്ട ഞാന്‍ എല്ലാ കഥകളും ശ്രീരാമചരിതവും പറഞ്ഞശേഷം സീതാദേവിയുടെ ദുഃഖം നിശേഷം മാറ്റുന്നതിനായി ശ്രീരാമദേവന്റെ പേരുകൊത്തിയ അടയാളമോതിരവും കൊടുത്തു. ആ മോതിരം കൈകളില്‍ വാങ്ങിയ സീത കണ്ണുനീര്‍കൊണ്ട്‌ കഴുകി. ശിരസ്സിലും , കണ്ണിലും, നെഞ്ചിലും ചേര്‍ത്തുവച്ചുകൊണ്ട്‌ വീണ്ടും വീണ്ടും കരഞ്ഞു.

എന്നോട്‌ സീതാദേവി പറഞ്ഞു: ‘മാരുതപുത്രാ നീ എന്റെ ദുഃഖമെല്ലാം കണ്ടില്ലേ? ഇതെല്ലാം ശ്രീരാമദേവനോട്‌ പറയണം. രാക്ഷസികള്‍ ദിവസവും ചെന്ന്‌ ഉപദ്രവിക്കുന്നതും ചെന്നുപറയണം. ഇതുകേട്ട ഞാന്‍ പറഞ്ഞു. ദേവിയുടെ കഥയെല്ലാം രാമദേവനോടുണര്‍ത്തിച്ച്‌ എത്രയും വേഗം രാമലക്ഷ്മണന്മാരോടും വാനരസേനയോടും കൂടി ലങ്കയില്‍ വന്ന്‌ രാവണനേയും രാക്ഷസകുലത്തെയും നശിപ്പിച്ച്‌ ദേവിയേയും കൊണ്ട്‌ ശീരാരാമദേവന്‍ അയോധ്യയിലേക്ക്‌ പോകും. അതുവരെ ദേവി സന്തോഷത്തോടെ ഇരുന്നാലും.

ശ്രീരാമദേവന്‌ വിശ്വാസമാകാകാന്‍ വേണ്ടി ഒരു അടയാളവും അടയാളവാക്യവും ആവശ്യപ്പെട്ട എനിക്ക്‌ ദേവി ചൂഡാരത്നം ആദരപൂര്‍വ്വം നല്‍കി. സീതാദേവിയും ശ്രീരാമദേവനും ചിത്രകൂടാലത്തില്‍ വസിക്കുന്ന സമയത്ത്‌ ക്രൂരനഖങ്ങളാല്‍ ഉപദ്രവിച്ച കാക്കയുടെ കഥയും അടയാളവാക്യമായി പറഞ്ഞുതന്നു.

ഇങ്ങനെ പലതും പറഞ്ഞും കരഞ്ഞും സങ്കടത്തോടിരിക്കുന്ന അവസരത്തില്‍ സീതാദേവിയെ പലതരത്തിലുള്ള വര്‍ത്തമാനങ്ങള്‍കൊണ്ട്‌ ഞാന്‍ സന്തോഷിപ്പിച്ചു. ദേവിയോട്‌ യാത്രാനുവാദവും വാങ്ങി ഞാന്‍ മറ്റൊരു കാര്യം കൂടി ചെയ്തു.

രാക്ഷസരാജാവായ രാവണന്‌ പ്രിയങ്കരമായ പൂന്തോട്ടം തല്ലിത്തകര്‍ത്ത ഞാന്‍ കോപത്തോടെ യുദ്ധത്തിന്‌ വന്ന ദുഷ്ടന്മാരെയെല്ലാം കൊന്നുകളഞ്ഞു. രാവണകുമാരനായ അക്ഷകമാരനേയും ഞാന്‍ നിഗ്രഹിച്ചു. രാവണന്റെ മറ്റൊരു പുത്രന്‍ (ഇന്ദ്രജിത്ത്‌) എന്നെ ബ്രഹ്മാസ്ത്രം കൊണ്ട്‌ ബന്ധനസ്ഥനാക്കി. ആ അവസ്ഥയില്‍ ഞാന്‍ രാവണനെക്കണ്ട്‌ രാമവൃത്താന്തം പറഞ്ഞു.

രാവണന്റെ ആജ്ഞപ്രകാരം രാക്ഷസര്‍ എന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി. ആ തീയുമായി ലങ്കാപുരി മുഴുവന്‍ ഞാന്‍ ചുട്ടുചാമ്പലാക്കി. പിന്നെയും ദേവിയെ കണ്ട ഞാന്‍ യാത്രാനുവാദവും വാങ്ങി സീതാദേവിയെ ഒരിക്കല്‍ക്കൂടി വണങ്ങി ഒട്ടും ഭയമില്ലാതെ സമുദ്രവും ചാടിക്കടന്ന്‌ തിരികെ വന്നു. അങ്ങയുടെ ചരണങ്ങളെ വന്ദിച്ച ഈ ദാസനെ അനുഗ്രഹിച്ചാലും ദേവാ!” ഹനുമാന്റെ വാക്കുകള്‍ കേട്ട ശ്രീരാമന്‍ സന്തുഷ്ടനായി. ദേവന്മാര്‍ക്കുപോലും പ്രയാസമേറിയ കാര്യമാണ്‌ നീ സാധിച്ചത്‌. സുഗ്രീവനും വളരെ സന്തോഷമായ കാര്യമാണിത്‌. നീ ചെയ്തുതന്ന ഈ ഉപകാരത്തിന്‌ എന്റെ എല്ലാം നിനക്ക്‌ തന്നിരിക്കുന്നു. എന്നാല്‍ ഈ സ്നേഹത്തോടെ ചെയ്തുതന്ന ഉപകാരത്തിന്‌ ചെയ്യാന്‍ പറ്റിയ ഒരു പ്രത്യുപകാരവും ഈ ലോകത്തില്ല. അത്ര മഹത്തായ കാര്യമാണ്‌ നീ ചെയ്തത്‌? ഇങ്ങനെ പറഞ്ഞ ശ്രീരാമദേവന്‍ ഹനുമാനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by