ന്യൂദല്‍ഹി: അഴിമതി ഇല്ലാതാക്കാന്‍ സുശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി വാദിക്കുന്ന അണ്ണാഹസാരെ അഴിമതിക്കാരനെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. അണ്ണാ ഹസാരെയുടെ ഇടപാടുകള്‍ സുതാര്യമല്ലെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.
അഴിമതിക്കാരനായ അണ്ണാഹസാരയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ല. ഹസാരെയുമായി ബന്ധമുള്ളവരും അഴിമതിയുടെ പിടിയിലാണ്. ഹസാരെയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ അഴിമതി നടക്കുന്നതായി കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മിഷന് കണ്ടെത്തിയിരുന്നു. ജന്മദിനാഘോഷത്തിനായി ധാരാളം പണം അനധികൃതമായി ചെലവഴിച്ചെന്നും തിവാരി ആരോപിച്ചു.
2005ല്‍ കമ്മിഷന് റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഹസാരെയ്ക്കെതിരേ ശക്തമായ അഴിമതി കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ പരാമര്‍ശങ്ങളിലൂടെ പ്രധാനമന്ത്രിയെ അല്ല ദേശീയ പതാകയെയും ജനങ്ങള്‍ നേടിയ സ്വാതന്ത്ര്യത്തെയുമാണു ഹസാരെ അപമാനിച്ചതെന്നും തിവാരി കുറ്റപ്പെടുത്തി.
അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരിക്കുന്ന നിരാഹാര സമരത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാരിനും പൊതുസമൂഹ പ്രതിനിധികള്‍ക്കും ഇടയിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഫീറോഷാ കോട്ല സ്റ്റേഡിയത്തിന് സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നു.
മൂന്ന് ദിവസം കോണ്ട് സമരം അവസാനിപ്പിക്കണം, പന്തല്‍ കെട്ടാന്‍ പാടില്ല, ഉച്ചഭാഷിണി ഉപയോഗിക്കരുത്, 5000 പേരില്‍ കൂടുതല്‍ വരാന്‍ പാടില്ല തുടങ്ങിയ ഉപാധികള്‍ അംഗീകരിക്കില്ലെന്ന് അണ്ണാഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. എവിടെ എങ്ങനെ സമരം നടത്തണം എന്ന് തീരുമാനിക്കുള്ള അവകാശം അണ്ണാ ഹസാരയ്ക്കല്ല പോലീസിനാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിമാരായ കപില്‍ സിബല്‍, അംബികാസോണി എന്നിവരും രംഗത്തെത്തി.
അണ്ണാഹസാരെയുടെ സമരം ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനായി പണം ചെലവാക്കുന്നത് മറ്റാരോ ആണെന്നും കേന്ദ്ര മന്ത്രിമാര്‍ പറഞ്ഞു. ഇതിനിടെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് പൊതുസമൂഹ പ്രതിനിധികള്‍ ദല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പോലീസ് സമരത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ അറസ്റ്റ് വരിക്കുമെന്നാണ് പൊതുസമൂഹ പ്രതിനിധികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: