ന്യൂദല്‍ഹി: ഗംഗാനദിയിലെ മാലിന്യ നിക്ഷേപം അതീവ ഗുരുതരമെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ ഇതുവഴി നഷ്ടമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
ഗംഗാ തീരത്തു താമസിക്കുന്നവര്‍ ദിനംപ്രതി ഒഴുക്കുന്ന മാലിന്യങ്ങള്‍ വന്‍ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബ്ലോഗിലൂടെയാണ് അദ്വാനി ആശങ്ക അറിയിച്ചത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുണ്യനദിയായ ഗംഗയില്‍ സ്നാനം നടത്തുന്നവരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരികയാണെന്നും അദ്വാനി ചൂണ്ടിക്കാട്ടി. സ്വാമി ചിതാനന്ദ സരസ്വതി, ഋഷികേശ് എന്നിവര്‍ ഗംഗാ മാലിന്യം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു.
ഗംഗയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ പൈതൃക നദിയായ ഗംഗയെ സംരക്ഷിക്കേണ്ടതു പുതു തലമുറയുടെ കടമയാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: