കാബൂള്‍: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയ്ക്ക് സമീപം മിറന്‍ഷാ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസംഗം കേള്‍ക്കുന്നതിനായി കൂട്ടം കൂടി നിന്ന പാക് സൈനികരുടെ നേരെ റോക്കറ്റ് പതിക്കുകയായിരുന്നുവെന്ന് ഉന്നത പോലീസ് ഓഫീസര്‍ അറിയിച്ചു.
ആക്രമണത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. താലിബാന്റെയും അല്‍-ക്വയ്ദയുടെയും പ്രധാന ശക്തി കേന്ദ്രമാണ് വടക്കന്‍ വസീരിസ്ഥാന്.
അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ മേഖലയിലാണ് ഭീകരര്‍ കേന്ദ്രീകരിക്കുന്നതും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: