താനിനൈ മുന്പടൈത്താന്
അത് അറിന്ത് തന് പൊന്നടിക്കൈ
നാനനെ പാടലന്തോം
നായിനേനേ പൊരുല്‍ പടിത്തേന്
ശിവഭക്തിയില്‍ സ്വയം മറന്നുകൊണ്ട് തമിഴ് ഭക്ത കവി സുന്ദരമൂര്‍ത്തി നായനാരുടെ ഇമ്പമാര്‍ന്ന വരികള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ നാം തമിഴ്നാട്ടിലെ ഏതോ ശിവന്കോവിലിലെത്തിയോ എന്ന് തോന്നാം. ഇത് കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം. ചേരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയെന്ന് പുകള്‍പെറ്റ ഈ മണ്ണില്‍ കര്‍ക്കിടകത്തിലെ ചോതിനാള് തമിഴ്തീര്ത്ഥാടകരെക്കൊണ്ട് നിറയും. അവര്‍ക്കിത് ഗുരുപൂജ. ആടിമാസത്തിലെ സ്വാതിനാളില്‍ തിരുവഞ്ചിക്കുളത്ത് ഉത്സവം തൊഴുത് സായൂജ്യമടയാന്‍ ദിവസങ്ങള്‍ക്കുമുമ്പേ അവരെത്തും.
ഇത് രണ്ടു ദേശങ്ങളുടെ അതിര്‍ത്തികള്‍ മായ്ക്കുന്ന പുണ്യസംഗമം. രണ്ടു ഭാഷകളുടെ വേര്‍തിരിവുകള്‍ വ്യര്‍ത്ഥമെന്ന് വിളിച്ചോതുന്ന കൂടിച്ചേരല്‍. ചേരമാന്‍ പെരുമാളെ പറ്റി ബോധപൂര്‍വം പറഞ്ഞുപരത്തിയ കെട്ടുകഥയുടെ പൊരുളില്ലായ്മയെ കുറിക്കുന്ന സജീവ പ്രമാണം. ചേരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയെന്ന് പുകള്‍പെറ്റ തിരുവഞ്ചിക്കുളം ശിവാരാധനയുടെ പുണ്യകേന്ദ്രം കൂടിയായിരുന്നു പണ്ടേ. ഇരുപത് നൂറ്റാണ്ടിന്റെ ചരിത്രം തിരുവഞ്ചിക്കുളം ക്ഷേത്രത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. തെക്കന്‍കാശി എന്നറിയപ്പെടുന്ന ഈ മഹാക്ഷേത്രം ശക്തിപഞ്ചാക്ഷരി പ്രതിഷ്ഠ, കനകസഭാപതി, സപ്തമാതാക്കള്‍, മഹാഗണപതി, ശിവസേവകരില് പ്രധാനിയായ ഭൃംഗീരടി, സന്ധ്യാവേലക്കല് ശിവന്, പള്ളിയറ ശിവന്, ഉണ്ണി തേവര്, നന്ദികേശന്, ചണ്ഡികേശ്വരന്, കൊട്ടാരത്തില്‍ തേവര്, ശ്രീസുബ്രഹ്മണ്യസ്വാമി, ദുര്‍ഗ്ഗാഭഗവതി, ഗംഗാദേവി, കൊന്നക്കല്‍ തേവര്, ദക്ഷിണാമൂര്‍ത്തി, അയ്യപ്പസ്വാമികള്‍, ശ്രീഹനുമാന്, നാഗരാജാവ്, പശുപതി, നടക്കല്‍ തേവര്, ഗോപുരത്തിങ്കല്‍ തേവര് തുടങ്ങിയ ദിവ്യവും ഐതിഹ്യപ്രധാനങ്ങളുമായ നിരവധി പ്രതിഷ്ഠകളാല്‍ പ്രസിദ്ധവും വ്യത്യസ്തയാര്ന്നതുമാണ്.
ചേരമാന്‍പെരുമാളിന്റെ ഭരണകാലമായിരുന്നു തിരുവഞ്ചിക്കുളത്തിന്റെ സുവര്‍ണ്ണദശ. ശിവഭക്തിയില്‍ അഗ്രേസരനും ശിവപൂജ നിത്യാനുഷ്ഠാനമായി നിര്‍വഹിക്കുകയും ചെയ്തിരുന്ന പെരുമാള്‍ നടരാജ സ്മൃതിയില്‍ സ്വയം മറന്ന് ധ്യാനിക്കുമായിരുന്നു. ധ്യാനത്തിന്റെ പരകോടിയില്‍ ശിവതാണ്ഡവത്തിന്റെ താളലഹരിയില്‍ മതിമറന്നിരിക്കുമ്പോള്‍ ഭഗവാന് തന്റെ സാന്നിദ്ധ്യം ചിലമ്പൊലിയിലൂടെ പെരുമാളിനെ കേള്പ്പിച്ചിരുന്നുവത്രെ. എന്നാല്‍ ഒരു ദിവസം ഏകാഗ്രചിത്തനായി ശിവപൂജ ചെയ്തു കഴിഞ്ഞും ഭഗവാന്റെ ചിലമ്പൊലി കേള്‍ക്കാതെ വന്നപ്പോള്‍ തന്റെ പൂജയില്‍ തെറ്റുവന്നതുകൊണ്ടാകാം എന്നു ധരിച്ച് പെരുമാള്‍ സ്വയം പ്രാണത്യാഗത്തിനൊരുങ്ങി. എന്നാല്‍ അത്ഭുതമെന്നോണം പെരുമാളിന് ശിവസാന്നിധ്യം ഉണ്ടാവുകയും താണ്ഡവസ്ഥിതിയില് ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുകയും ചെയ്തു.
പെരുമാളിന്റെ പിഴവ് കൊണ്ടല്ല മറിച്ച് ചിദംബരത്തെ ഭക്തോത്തമനായ സുന്ദരമൂര്‍ത്തി നായനാരുടെ അതിമനോഹരമായ ഗാനമാധുരിയില്‍ സ്വയം മറന്നുപോയതുകൊണ്ടാണ് പ്രത്യക്ഷപ്പെടാന്‍ വൈകിയതെന്ന് ഭഗവാന് അറിയിച്ചത്രെ. ഈ ഭക്താഗ്രേസരന്റെ കഥയറിഞ്ഞ പെരുമാള്‍ ചിദംബരത്ത് പോയി സുന്ദരമൂര്ത്തിനായനാരെ കണ്ടുമുട്ടുന്നു. രണ്ടു ശിവഭക്തരുടെ സംഗമം! പെരുമാള്‍ നായനാരെ തിരുവഞ്ചിക്കുളത്തേക്ക് ആനയിച്ച് തന്റെ തലസ്ഥാന നഗരിയില്‍ താമസിപ്പിക്കുന്നു. തിരുവഞ്ചിക്കുളത്തെ ശിവപൂജയ്ക്കിടെ ഒരു കര്‍ക്കിടക മാസത്തിലെ ചോതിനാളില്‍ സുന്ദരമൂര്‍ത്തി നായനാരുടെ മുമ്പില്‍ പരമശിവന് പ്രത്യക്ഷപ്പെടുന്നു. തേവാര ഗാനാലാപനത്തില്‍ ആകൃഷ്ടനായ ഭഗവാന് സുന്ദരമൂര്‍ത്തിയെ വെള്ളാനപ്പുറത്തേറ്റി കൈലാസത്തിലേക്ക് ആനയിക്കുന്നു. ചേരമാന്‍ പെരുമാളാകട്ടെ ക്രോഡരപുരം ശിവക്ഷേത്ര(ഇന്നത്തെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം)ത്തില്‍ ദര്‍ശനത്തിലായിരുന്നു. വിവരങ്ങളറിഞ്ഞ് തിരുവഞ്ചിക്കുളത്തെത്തിയപ്പോഴേക്കും സുന്ദരമൂര്‍ത്തി കൈലാസത്തിനടുത്തെത്തിയിരുന്നു. പെരുമാള്‍ തന്റെ കുതിരയുടെ കാതുകളില്‍ ദിവ്യപഞ്ചാക്ഷരി മന്ത്രിക്കുകയും അതിവേഗം കൈലാസത്തിനടുത്തെത്തുകയും ചെയ്തു. ശേഷം സുന്ദരമൂര്‍ത്തിയും ചേരമാന്‍ പെരുമാളും ശിവപൂജയില്‍ ശിവസേവയില്‍ മുഴുകി ശിവപാദത്തില്‍ ചേര്‍ന്നുവെന്നാണ് ഐതിഹ്യം. ഈ ഐതിഹ്യപ്പെരുമയില്നിന്നാണ് കര്‍ക്കിടകത്തിലെ ചോതിനാള് ചോതി തിരുവിഴൈ എന്ന ഉത്സവം തിരുവഞ്ചിക്കുളത്ത് ആഘോഷിക്കുന്നത്. നൂറുകണക്കിന് ശിവഭക്തര്‍ തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ചോതിനാളിന് മൂന്ന് ദിവസം മുമ്പേ തിരുവഞ്ചിക്കുളത്തെത്തുന്നു. ക്ഷേത്രവും ക്ഷേത്രപരിസരവും കഴുകി വൃത്തിയാക്കി കുരുത്തോല തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നു. ചുറ്റമ്പലത്തിലെ 7600 വിളക്കുകള്‍ തുടച്ച് വൃത്തിയാക്കുക തുടങ്ങിയ ശ്രമകരമായ ജോലികള്‍ ശിവപൂജയെന്നോണം ചെയ്തുതീര്‍ക്കുന്ന ഭക്തര്‍ ചിത്തിരനാളില്‍ പഞ്ചലോഹനിര്മിതമായ സുന്ദരമൂര്‍ത്തിയുടേയും ചേരമാന്‍ പെരുമാളിന്റെയും ഉത്സവവിഗ്രഹങ്ങള്‍ ഭക്തിപൂര്‍വം ഏറ്റുവാങ്ങുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തിലെ ശിവന് നടയില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പൂജയും മറ്റു ചടങ്ങുകളും നടക്കുന്നു. തേവാരം, തിരുവാസവം, തിരുവിശൈപ്പാര്, തിരുപള്ളാണ്ട്, പെരിയപുരാണം തുടങ്ങിയവയിലെ സ്തോത്രങ്ങള്‍ ചൊല്ലി നിവേദ്യങ്ങള്‍ അര്‍പ്പിച്ച്, മനോഹരമായി അലങ്കരിച്ച വെള്ളാന പുറത്ത് സുന്ദരമൂര്‍ത്തിയേയും വെള്ളക്കുതിരപ്പുറത്ത് ചേരമാന്‍ പെരുമാളിനേയും ഇരുത്തി താളമേളങ്ങളുടേയും ഭജന സംഘങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്നു. ക്ഷേത്രത്തിലെ വടക്കേ നടയില്‍ തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തില്‍ ചോതിനാള് അതിരാവിലെ തന്നെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി പല്ലക്കില്‍ എഴുന്നള്ളിക്കുന്നു. സുന്ദരമൂര്‍ത്തിനായനാരും ചേരമാന്‍ പെരുമാളും ഉടലോടെ കൈലാസം പൂകി എന്ന ഐതിഹ്യത്തിന്റെ പഴമയില്‍നിന്ന് ഉടലെടുത്ത ഈ ഉത്സവം രണ്ടു വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന രണ്ട് ആചാരക്രമങ്ങള്‍ ഉള്ള സംസ്ഥാനങ്ങളുടെ, സംസ്കാരങ്ങളുടെ സംഗമമായി മാറുന്നു. ചേരമാന്‍ പെരുമാള്‍ മക്കത്തുപോയി മതംമാറി എന്ന ഇല്ലാക്കഥയുടെ മുമ്പില്‍ ശിവചൈതന്യത്തില്‍ ലയിച്ച പെരുമാളിന്റേയും സുന്ദരമൂര്‍ത്തിയുടേയും ഐതിഹ്യം ഉയര്ന്നുനില്ക്കുന്നു. ആ ഐതിഹ്യത്തിന്റെ പഴമയില്‍നിന്ന് ഉരുവമെടുത്ത ഒരു ഉത്സവം ഇന്നും ഭക്തിപൂര്‍വം, പിഴവുകളില്ലാതെ തിരുവഞ്ചിക്കുളത്ത് കൊണ്ടാടുന്നു.
പക്ഷെ ഇതൊരു ‘തമിഴന്മാരുടെ ഉത്സവ’മായിക്കാണാനാണ് ഇന്നത്തെ മലയാളിക്ക് താല്‍പ്പര്യം. ഇതേ നിലപാടുതന്നെയാണ് ദേവസ്വം ഭരണാധികാരികള്‍ക്കും. ദിവസങ്ങള്‍ക്കുമുമ്പേ കൊടുങ്ങല്ലൂരിലെത്തുന്ന തമിഴ് ഭക്തജനസംഘങ്ങള്‍ പ്രാഥമിക സൗകര്യങ്ങള്‍പോലും ലഭിക്കാതെ കഷ്ടപ്പെടുന്നു. കൊടുങ്ങല്ലൂരിലെ രണ്ട് മഹാക്ഷേത്രങ്ങളേയും ബന്ധിപ്പിച്ച് നടക്കുന്ന ഈ ഉത്സവത്തെ ദേവസ്വം ഭരണാധികാരികള്‍ അവഗണിക്കുന്നതായാണ് പരാതി. നദീജല കരാറുകളിലും അണക്കെട്ടിന്റെ കാര്യത്തിലും മുഴുകിക്കഴിയുന്ന ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സമന്വയത്തിന്റെ ഈ മഹദ് മാതൃക മനസ്സിലാകുന്നില്ല. ഭക്തിയിലും വിശ്വാസത്തിലും ക്ഷേത്രകാര്യങ്ങളിലും തമിഴ്നാട്ടുകാര്‍ കാണിക്കുന്ന അര്‍പ്പണവും ഏകാഗ്രതയും മലയാളിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും ആടിമാസത്തിലെ ചോതിനാളില്‍ തിരുവഞ്ചിക്കുളത്തെത്തുന്ന ഏവരും.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: