ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. സ്വാതന്ത്ര്യ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുക പതിവാണെങ്കിലും ഇത്തവണ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മുന്‍ കരുതലുകളും ശക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്ര്യ ദിനത്തില്‍ അല്‍-ഖ്വയ്ദയോ അല്‍-ഖ്വയ്ദയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇല്യാസ് കാശ്മീരിയുടെ സംഘമോ ആക്രമണം നടത്താന്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ജമ്മു കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആക്രമണം നടത്താനാണ് കൂടുതല്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദല്‍ഹിയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരങ്ങളിലും പ്രത്യേക സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 40 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളും മറ്റ് നിരീക്ഷണ ഉപകരണങ്ങളും അടുത്തുള്ള കെട്ടിടങ്ങളില്‍ സ്ഥാപിച്ചു. ആധുനിക തരത്തിലുള്ള ആയുധങ്ങളാണ് ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്.
ദല്‍ഹിയുടെ എല്ലാ അതിര്ത്തികളീലും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: